അതുപോലെ നടുന്ന മണ്ണിനെക്കുറിച്ചും അറിവുണ്ടാകണം. ഏതു തരം മണ്ണിലാണ് പോഷകങ്ങള്‍ നന്നായി അടങ്ങിയിട്ടുള്ളതെന്ന് മനസിലാക്കണം. മണ്ണ് കിളച്ചൊരുക്കി പഴയ ചെടികളുടെ അവശിഷ്ടങ്ങളും കളകളും ഒഴിവാക്കണം.
സ്വന്തം ആവശ്യത്തിനുള്ള പച്ചക്കറികള്‍ അല്‍പമെങ്കിലും വീട്ടില്‍ത്തന്നെ കൃഷി ചെയ്ത് വിളവെടുക്കണമെന്ന ആഗ്രഹമുള്ളവരാണ് ഏറെപ്പേരും. എന്നാല്‍ ഏത് പച്ചക്കറികളാണ് ഏറ്റവും എളുപ്പത്തില്‍ നട്ടുവളര്‍ത്തി വിളവെടുക്കാവുന്നതെന്ന ധാരണ പലര്‍ക്കുമുണ്ടാകില്ല. വളരെ പെട്ടെന്ന് മുളയ്ക്കുന്ന ചില പച്ചക്കറികളുടെ വിത്തുകളുണ്ട്. തുടക്കക്കാര്‍ക്ക് നട്ടുവളര്‍ത്താവുന്ന അത്തരം ചില പച്ചക്കറികളെ പരിചയപ്പെടുത്താം.
ബീന്‍സ്, ബീറ്റ്‌റൂട്ട്, കാരറ്റ്, വെള്ളരി, ലെറ്റിയൂസ്, ജെര്‍ജീര്‍, മത്തങ്ങ, റാഡിഷ്, പച്ചമുളക്, ചായമന്‍സ ചീര, തക്കാളി, വെണ്ട എന്നിവ താരതമ്യേന എളുപ്പത്തില്‍ വളര്‍ത്തി വിളവെടുക്കാവുന്നതാണ്. ബീന്‍സ് അല്‍പം ചൂടുള്ള കാലാവസ്ഥയിലാണ് വളരുന്നത്. തണുത്ത കാലാവസ്ഥ ഇഷ്ടപ്പെടുന്ന പച്ചക്കറിയാണ് ബീറ്റ്‌റൂട്ട്. നടുമ്പോള്‍ ഓരോ വിത്തും തമ്മില്‍ 2.5 മുതല്‍ 5 സെ.മീ അകലമുണ്ടാകണം. ഇളകിയ മണ്ണ് ഉപയോഗിച്ച് വിത്ത് അല്‍പം മൂടിയ ശേഷം വെള്ളം തളിച്ചുകൊടുക്കണം. നട്ടുവളര്‍ത്തിയാല്‍ ഏഴോ എട്ടോ ആഴ്ചകള്‍ കൊണ്ട് വിളവെടുക്കാനാകും. മത്തങ്ങയാണ് വളര്‍ത്തുന്നതെങ്കില്‍ തണുപ്പുള്ള മണ്ണില്‍ വിത്ത് നടരുത്. മണ്ണിന് ചൂടുണ്ടെങ്കില്‍ പെട്ടെന്ന് തന്നെ വിത്തുകള്‍ മുളച്ചുവരും.
എപ്പോള്‍ വിത്ത് വിതയ്ക്കണമെന്ന് എങ്ങനെ മനസിലാക്കും? നഴ്‌സറികളില്‍ നിന്ന് വാങ്ങുന്ന വിത്തുകളുടെ പായ്ക്കറ്റിനു പുറത്ത് വിത്ത് വിതയ്‌ക്കേണ്ട സമയത്തെക്കുറിച്ചും എത്രത്തോളം ആഴത്തില്‍ നടണമെന്നതിനെക്കുറിച്ചും രണ്ടു ചെടികള്‍ തമ്മില്‍ എത്ര അകലം വേണമെന്നതിനെക്കുറിച്ചുമൊക്കെ ചിലപ്പോള്‍ വിവരിച്ചിട്ടുണ്ടാകും. ഇല്ലെങ്കില്‍ സമീപത്തുള്ള നല്ല കര്‍ഷകരോട് ചോദിച്ചു മനസിലാക്കിയ ശേഷമേ വിത്ത് വിതയ്ക്കാവൂ.
അതുപോലെ നടുന്ന മണ്ണിനെക്കുറിച്ചും അറിവുണ്ടാകണം. ഏതു തരം മണ്ണിലാണ് പോഷകങ്ങള്‍ നന്നായി അടങ്ങിയിട്ടുള്ളതെന്ന് മനസിലാക്കണം. മണ്ണ് കിളച്ചൊരുക്കി പഴയ ചെടികളുടെ അവശിഷ്ടങ്ങളും കളകളും ഒഴിവാക്കണം. ബാല്‍ക്കണികളില്‍ പാത്രങ്ങളില്‍ വളര്‍ത്താനായി ഉയര്‍ന്ന ഗുണനിലവാരമുള്ള നടീല്‍മിശ്രിതം നോക്കി വാങ്ങാവുന്നതുമാണ്.
ചില ചെടികള്‍ വെള്ളത്തില്‍ വളരുമ്പോള്‍ മറ്റ് ചിലത് വരണ്ട കാലാവസ്ഥയിലും വളരും. എന്നാല്‍ തുടക്കക്കാര്‍ വളര്‍ത്താനെടുക്കുന്ന പച്ചക്കറിയിനങ്ങളെല്ലാം നല്ല നീര്‍വാര്‍ച്ചയുള്ള മണ്ണിലും മിതമായ ഈര്‍പ്പം നിലനില്‍ക്കുന്ന മണ്ണിലുമാണ് വളരുന്നത്. വിത്ത് വിതച്ച് വളരുന്ന ഘട്ടം വരെ ഈര്‍പ്പം നിലനിര്‍ത്തണം.
മിക്കവാറും എളുപ്പത്തില്‍ വളര്‍ത്താവുന്ന പച്ചക്കറിയിനങ്ങളെല്ലാം തന്നെ കുറഞ്ഞത് ആറ് മണിക്കൂറെങ്കിലും നേരിട്ട് സൂര്യപ്രകാശം ആവശ്യമുള്ളതാണ്. അതുപോലെ കൃത്യമായ ഇടവേളകളില്‍ വളപ്രയോഗവും നടത്തണം. ഇത്തരം ചില അടിസ്ഥാനപരമായ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഏതൊരാള്‍ക്കും സ്വന്തം വീട്ടുപറമ്പില്‍ തന്നെ ആവശ്യമുള്ള പച്ചക്കറികള്‍ വളര്‍ത്തി വിളവെടുക്കാം.