ലോക്ക്ഡൗണില്‍ വില കുറച്ച് വില്‍ക്കേണ്ടി വരുന്നുണ്ട്, എന്നാലും കൃഷി കൃഷിയല്ലേ...

By Nitha S V  |  First Published May 9, 2020, 11:24 AM IST

വിദേശങ്ങളില്‍ മാത്രം കൃഷി ചെയ്തിരുന്ന ഷമാം മലപ്പുറത്തും കൃഷി ചെയ്തതിന്റെ ക്രെഡിറ്റ് അമീര്‍ ബാബുവിനും സുഹൃത്തുക്കള്‍ക്കും തന്നെ. കുറുവ, പുഴക്കാട്ടിരി എന്നീ പഞ്ചായത്തുകളിലായി വ്യാപിച്ചിരിക്കുന്ന കരിഞ്ചാപ്പാടി പാടശേഖരത്തിലാണ് ഇവര്‍ ഷമാം കൃഷി ചെയ്ത് വിളവെടുത്തത്.


കര്‍ഷകന് ഏതു കൃഷിയും വഴങ്ങുമെന്ന് തെളിയിച്ചിരിക്കുകയാണ് അമീര്‍ ബാബു. സ്വന്തം വീട്ടിലെ ഒന്നര ഏക്കര്‍ സ്ഥലത്ത് നെല്ല് മാത്രം കൃഷി ചെയ്തിരുന്ന ഒരു കാലമുണ്ടായിരുന്നു. ചെറുപ്പത്തില്‍ അല്ലറചില്ലറ കൃഷിയൊക്കെ ചെയ്ത് വളര്‍ന്ന അമീര്‍ ഇപ്പോള്‍ മുഴുവന്‍ സമയകര്‍ഷകനാണ്. മറ്റു കര്‍ഷകര്‍ ചെയ്യാന്‍ മടിക്കുന്ന കൃഷിപ്പണികളെല്ലാം ഇദ്ദേഹം തന്റെ തോട്ടത്തില്‍ പരീക്ഷിച്ചു വിജയിച്ചു. കൃഷിയോടുള്ള താല്‍പര്യം കാരണം തമിഴ്‌നാട്ടിലും കര്‍ണാടകയിലുമൊക്കെ പോയി അവിടുത്തെ കൃഷിരീതികള്‍ കണ്ട് മനസിലാക്കുകയും അതൊക്കെ എന്തുകൊണ്ട് ഇവിടെ ചെയ്തുകൂട എന്ന് ആലോചിക്കുകയും ചെയ്തു. അങ്ങനെയാണ് സവാള ഇവിടെ കൃഷി ചെയ്തു വിജയിപ്പിച്ചത്.

Latest Videos

undefined

 

 

കരിഞ്ചാപ്പാടി പാടശേഖരം എന്ന സ്ഥലത്താണ് അമീര്‍ കൃഷി ചെയ്യുന്നത്. മലപ്പുറം ജില്ലയിലെ കുറുവ പഞ്ചായത്തിലാണ് ഈ കൃഷിഭൂമി. പന്ത്രണ്ട് ഏക്കറോളം പാട്ടത്തിനെടുത്താണ് കൃഷി ചെയ്യുന്നത്. രാവിലെ ആറരമണിക്ക് പാടത്തിറങ്ങുന്ന അമീറിന്റെ കൃഷിഭൂമിയിലെ പ്രധാന വിള വെള്ളരിയാണ്.

'സവാള കൃഷി സാധാരണ ചെയ്യുന്നത് ആഗസ്റ്റ്, സെപ്റ്റംബര്‍, ഒക്ടോബര്‍, നവംബര്‍, ഡിസംബര്‍, ജനുവരി, ഫെബ്രുവരി എന്നീ മാസങ്ങളിലാണ്. ഈര്‍പ്പമില്ലാത്ത സ്ഥലത്താണ് കൃഷി ചെയ്യുന്നത്. ചൂട് കൂടുതലായാല്‍ പ്രശ്‌നമാണ്. ഇവിടെ കൃഷി ചെയ്തിട്ട് നല്ല വിളവ് കിട്ടുന്നുണ്ട്. നല്ല നീരുള്ള സവാള തന്നെയാണ് ഞങ്ങള്‍ കൃഷി ചെയ്തുണ്ടാക്കുന്നത്'. സവാളക്കൃഷി വര്‍ഷങ്ങളായി വിജയകരമായി നടക്കുന്നുവെന്ന് അമീര്‍ പറയുന്നു.

'സ്വയം ഉണ്ടാക്കിയെടുത്ത വളമാണ് സവാളക്കൃഷിയില്‍ ഉപയോഗിക്കുന്നത്. കൂടുതല്‍ സ്ഥലത്ത് ഈ കൃഷി വ്യാപിപ്പിക്കാനാണ് ശ്രമിക്കുന്നത്. പ്രധാന പ്രശ്‌നം കളകളാണ്. സവാള കൂടുതല്‍ കൃഷി ചെയ്യുന്ന മഹാരാഷ്ട്രയിലെല്ലാം ധാരാളം കളനാശിനികള്‍ ഉപയോഗിക്കുന്നുണ്ട്. കളകളെ ഒഴിവാക്കാനുള്ള സംവിധാനം കണ്ടെത്താന്‍ ഞങ്ങള്‍ ശ്രമിക്കുന്നു' അമീര്‍ പറയുന്നു.

 

ഇതുകൂടാതെ തണ്ണിമത്തന്റെ പലപല ഇനങ്ങളും അമീര്‍ കൃഷി ചെയ്തു. 'നല്ല ഡിമാന്റുണ്ടായിരുന്നതാണ് തണ്ണിമത്തനും. തണ്ണിമത്തനിലെ സാധാരണ ഇനവും സുപ്രിറ്റ് എന്ന തൊലി കട്ടിയുള്ള ഇനവും ഇവിടെ ധാരാളം കൃഷി ചെയ്യുന്നുണ്ട്. ഉള്ളില്‍ മഞ്ഞയും പുറത്ത് പച്ചയുമുള്ള തണ്ണിമത്തനും ഇവിടെയുണ്ട്' റംസാന്‍ സീസണില്‍ കരിഞ്ചാപ്പാടി തണ്ണിമത്തന്‍ നന്നായി വിറ്റഴിയുന്നു. ചുവപ്പ് നിറമുള്ള ചെറിയ തണ്ണിമത്തന്‍ 50 രൂപയ്ക്ക് 10 എണ്ണമായി ഇവര്‍ വില്‍പ്പന നടത്തി.

 

വിദേശങ്ങളില്‍ മാത്രം കൃഷി ചെയ്തിരുന്ന ഷമാം മലപ്പുറത്തും കൃഷി ചെയ്തതിന്റെ ക്രെഡിറ്റ് അമീര്‍ ബാബുവിനും സുഹൃത്തുക്കള്‍ക്കും തന്നെ. കുറുവ, പുഴക്കാട്ടിരി എന്നീ പഞ്ചായത്തുകളിലായി വ്യാപിച്ചിരിക്കുന്ന കരിഞ്ചാപ്പാടി പാടശേഖരത്തിലാണ് ഇവര്‍ ഷമാം കൃഷി ചെയ്ത് വിളവെടുത്തത്.

ജൈവവളം സ്വയം നിര്‍മിച്ചത്

'ഞാന്‍ പരീക്ഷിച്ചുണ്ടാക്കിയ ഒരു ജൈവവളമുണ്ട്. ചാണകപ്പൊടിയും കോഴിക്കാഷ്ഠവും ആട്ടിന്‍കാഷ്ഠവും ഒരു പ്രത്യേകരീതിയില്‍ ചൂടാക്കി പൊടിച്ചെടുക്കുകയാണ്. ചെടികള്‍ക്ക് നല്ല വളര്‍ച്ചയും കായ്ഫലവും കാണുന്നുണ്ട്. നാല് വര്‍ഷത്തോളമായി ഈ വളം തന്നെയാണ് ഞങ്ങള്‍ ഉപയോഗിക്കുന്നത്. ഈ വളം പല പഞ്ചായത്തുകളിലും വില്‍ക്കുന്നുണ്ട്. കുടുംബശ്രീക്കാര്‍ ഓര്‍ഡര്‍ സ്വീകരിച്ച് ധാരാളം കയറ്റി അയക്കുന്നുണ്ട്. തെങ്ങിനും പച്ചക്കറികള്‍ക്കും എല്ലാം ഉപയോഗിക്കാം.' തന്റെ പച്ചക്കറികള്‍ ആരോഗ്യത്തോടെ വളരാന്‍ സ്വയം കണ്ടെത്തിയ ജൈവവളം തന്നെയാണ് മികച്ചതെന്ന് അമീര്‍ അനുഭവത്തില്‍ നിന്ന് സാക്ഷ്യപ്പെടുത്തുന്നു.

 

ലോക്ക്ഡൗണില്‍ വില കുറച്ച് വില്‍ക്കേണ്ടി വരുന്നു

'ലോക്ക്ഡൗണ്‍ സമയത്ത് സാധനങ്ങള്‍ വിറ്റഴിയുന്നുണ്ടെങ്കിലും വില കിട്ടുന്നില്ല. ഏറ്റവും കൂടുതല്‍ വെള്ളരി ഉണ്ടാക്കുന്ന സ്ഥലമാണിത്. 35 ഏക്കറില്‍ വെള്ളരി കൃഷി ചെയ്യുന്നുണ്ട്. ആലപ്പുഴ, എറണാകുളം, കോട്ടയം, ഇടുക്കി എന്നീ ജില്ലകളിലേക്കാണ് ഇവിടെ നിന്ന് വെള്ളരി കയറ്റി അയക്കുന്നത്. 150 ടണ്‍ വെള്ളരി സാധാരണ കയറ്റി അയക്കാറുണ്ടായിരുന്നു. എന്നാല്‍, 20 ടണ്‍ വെള്ളരി സാധാരണ കൊണ്ടു പോകുന്ന കച്ചവടക്കാരൊക്കെ ലോക്ക്ഡൗണ്‍ ആയപ്പോള്‍ വെറും 4 ടണ്‍ ആണ് വാങ്ങിയത്. പച്ചക്കറികള്‍ വിറ്റഴിയുമോയെന്ന പേടിയാണ് ഇതിനു കാരണം.' അമീര്‍ ലോക്ക്ഡൗണിലെ വില്‍പ്പനയിലെ പ്രശ്‌നങ്ങളാണ് വ്യക്തമാക്കുന്നത്.

 

സ്വന്തമായി ചെയ്യുന്ന കൃഷി കൂടാതെ പഞ്ചായത്തിലെ മറ്റുള്ളവര്‍ക്ക് വേണ്ടിയും കൃഷി സംബന്ധമായ എല്ലാ സഹായങ്ങളും അമീര്‍ നല്‍കുന്നുണ്ട്. പോളിഹൗസില്‍ ആവശ്യമുള്ള സാധനങ്ങള്‍, തിരിനന ചെയ്യാനുള്ള സംവിധാനങ്ങള്‍, മഴമറ എന്നിവയെല്ലാം ആവശ്യമുള്ളവര്‍ക്ക് ഉണ്ടാക്കിക്കൊടുക്കുന്നുണ്ട്. സ്‌ക്കൂളുകളില്‍ പോയി കൃഷി ചെയ്തുകൊടുക്കാറുണ്ട്. സ്‌ക്കൂളുകളിലെ കുട്ടികള്‍ക്ക് തുള്ളിനനയെക്കുറിച്ച് പഠിക്കാനുള്ള സംവിധാനവും അമീര്‍ ചെയ്തുകൊടുക്കുന്നുണ്ട്. 

click me!