മുധോള്‍ ഹൗണ്ട്‌സ് എന്ന ഇനത്തെപ്പറ്റി അറിഞ്ഞപ്പോള്‍ എനിക്ക് വളരെ കൗതുകം തോന്നി. ഇന്ത്യന്‍ ആര്‍മി അതിര്‍ത്തി കാക്കാന്‍ ഉപയോഗിച്ചിരിക്കുന്നത് ഇവരെയാണ്. ഇതിന്റെ കാരണം അറിയാനായി പല റിസര്‍ച്ചും നടത്തി.
നല്ല ഭംഗിയുള്ള സുന്ദരക്കുട്ടപ്പന്‍മാരായ ഷിറ്റ്‌സുവും ലാബ്രഡോറും പോലുള്ള വിദേശയിനത്തില്‍പ്പെട്ട നായകളെ സ്വന്തമാക്കാന്‍ മലയാളിക്ക് എന്നും പ്രത്യേക ഇഷ്ടമാണ്. പൊതുവേ നമ്മുടെ നായപ്രേമം ഇവരില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതെന്താണ്? രസകരമായ മറ്റൊരു കാര്യം വിദേശികളായ മനുഷ്യര്‍ നമ്മുടെ നാട്ടിലെത്തിയാല്‍ ഇന്ത്യന്‍ ഇനങ്ങളെ ചോദിച്ച് വാങ്ങി വളര്‍ത്താനാണ് താല്‍പര്യം കാണിക്കുന്നതെന്നതാണ്. നായ ഇന്ത്യനായാലും വിദേശിയായാലും സ്‌നേഹിച്ച് വളര്‍ത്തിയാല്‍ സൗഹാര്‍ദ്ദത്തോടെ ഇവരോടൊപ്പം ഒരു വീട്ടില്‍ കഴിയാമെന്ന് തെളിയിച്ചിരിക്കുകയാണ് തൃശൂര്‍ ജില്ലയിലെ കണിമംഗലം സ്വദേശിയായ സന്ദീപ്. ഇന്ത്യന്‍ ഇനങ്ങളുടെ വിശാലമായ ലോകത്തേക്കാണ് ഇദ്ദേഹം നമ്മെ കൊണ്ടുപോകുന്നത്.
undefined
ജനിച്ചപ്പോള്‍ തന്നെ സന്ദീപിന്റെ സുഹൃദ് വലയത്തില്‍ അരുമയായ മൃഗങ്ങളുമുണ്ടായിരുന്നു. വീട്ടില്‍ അച്ഛനും അമ്മയും ചേട്ടനും ചേച്ചിയുമെല്ലാം മൃഗസ്‌നേഹികളായിരുന്നു. ചേട്ടന് വളര്‍ത്തുമൃഗങ്ങളോട് തോന്നിയ സ്‌നേഹവും സന്ദീപിനെ ആകര്‍ഷിച്ചിരുന്നു. എപ്പോള്‍ വിളിച്ചാലും വിളി കേള്‍ക്കുന്ന പുള്ളിക്കുയിലും ബാല്യകാലത്ത് ഇവര്‍ക്കൊപ്പമുണ്ടായിരുന്നു.
സന്ദീപിന്‍റെ മകള്‍ വളര്‍ത്തുനായക്കൊപ്പം
കുട്ടിക്കാലത്തെ മറക്കാനാകാത്ത ഓര്‍മകളിലേക്ക് ഒരു തിരിച്ച് പോക്ക് നടത്തുകയാണ് സന്ദീപ്. 'നാലാം ക്ലാസില്‍ പഠിക്കുമ്പോള്‍ ജംബു എന്നൊരു നാടന്‍ പട്ടിയെ ഞങ്ങള്‍ പരിചരിച്ചിരുന്നു. എല്ലാവരുടെയും പട്ടിയായി വളര്‍ന്ന അവന് ഞങ്ങളായിരുന്നു ഭക്ഷണം കൊടുത്തിരുന്നത്. ഇപ്പോള്‍ താമസിക്കുന്ന വീടിന്റെ 10 കിലോമീറ്റര്‍ അകലെയുള്ള സ്ഥലത്തായിരുന്നു താമസിച്ചിരുന്നത്. വീട് മാറിയപ്പോള്‍ അവനെ കൂടെക്കൊണ്ടു വന്നില്ലായിരുന്നു. വീട്ടിലെത്തി കാര്യങ്ങളൊക്കെ ശരിയാക്കിയ ശേഷം അവനെക്കൊണ്ടുവരാമെന്ന് കരുതിയതാണ്. എന്നാല്‍, പുതിയ വീട്ടിലെത്തി പിറ്റേദിവസം രാവിലെ വാതില്‍ തുറന്നപ്പോള്‍ ഉമ്മറത്ത് അവന്‍ കിടക്കുന്നു. ഇത്രയും കിലോമീറ്റര്‍ മണം പിടിച്ച് ഞങ്ങളെത്തേടി വന്ന അനുഭവം ഒരിക്കലും മറക്കാന്‍ കഴിയില്ല. പിന്നീട് ഒരിക്കല്‍ റോഡ് ക്രോസ് ചെയ്യുമ്പോള്‍ അവന്‍ ബുള്ളറ്റ് ഇടിച്ച് മരിച്ചു.'
വിദേശയിനങ്ങളില്‍ ജര്‍മന്‍ ഷെപ്പേര്‍ഡ്, പോമറേനിയന്‍, ലാബ്രഡോര്‍, ഗോള്‍ഡന്‍ റിട്രീവര്‍ എന്നിവയെ സന്ദീപ് വളര്‍ത്തിയിട്ടുണ്ട്. ചേട്ടന്‍ ഇരുപത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഗഡ്ഡി കുത്ത എന്ന ഇന്ത്യന്‍ ബ്രീഡിനെ വാങ്ങി വളര്‍ത്തിയിരുന്നു. ഹിമാലയന്‍ താഴ്‍വരയിലെ ടിബറ്റന്‍ മാസ്റ്റിഫിനോട് സാമ്യമുള്ള ഇനമാണിത്.
സന്ദീപിന്‍റെ ചേട്ടന്‍ വാങ്ങിയിരുന്ന ഗഡ്ഡി കുത്ത
'തമിഴ്‌നാട്ടില്‍ കാണപ്പെടുന്ന കോമ്പെയ് എന്ന വംശനാശം വന്ന ഇനത്തെയും ഞാന്‍ വളര്‍ത്തിയിട്ടുണ്ട്. രാജപാളയം എന്ന മറ്റൊരിനം ഇപ്പോഴും ആളുകള്‍ ഒരുപാട് ഉപയോഗിക്കുന്നുണ്ട്.
രാജപാളയം
രാമനാഥപുരം മാണ്ഡെയ് എന്ന മറ്റൊരിനവും തമിഴ്‌നാട്ടില്‍ നിന്നുതന്നെ. വിവാഹത്തിന് സ്ത്രീധനമായി തമിഴ്‌നാട്ടില്‍ കൊടുത്തിരുന്ന ഇനമാണ് കന്നി. ചിപ്പിപ്പാറ എന്ന മറ്റൊരിനവുമുണ്ട്.' ഇന്ത്യന്‍ ഇനങ്ങളെ പരിചയപ്പെടുത്തുകയാണ് സന്ദീപ്.
കന്നി
ഇന്ത്യന്‍ ഇനങ്ങള്‍ക്ക് മറ്റിനങ്ങളേക്കാള്‍ ബുദ്ധിശക്തിയും കഴിവുകളുണ്ടെന്ന് ഇദ്ദേഹം പറയുന്നു. പ്രത്യേക പരിചരണവും ഭക്ഷണവും മരുന്നും കൊടുത്ത് വളര്‍ത്തേണ്ട ആവശ്യവുമില്ല. 'നമ്മളെന്താണോ കഴിക്കുന്നത് അതാണ് അവര്‍ക്കും ഇഷ്ടം. പ്രത്യേക ഭക്ഷണം ആവശ്യമില്ല, ചെലവ് കുറഞ്ഞ പരിപാലനം. താല്‍പര്യമുണ്ടെങ്കില്‍ ഞായറാഴ്ചകളില്‍ കോഴിയിറച്ചിയോ ബീഫോ കോഴിക്കാലുകളോ ചോറിന്റെ കൂടെ വേവിച്ച് കൊടുക്കാം.'
ചിപ്പിപ്പാറ
മുധോള്‍ ഹൗണ്ടിനെ തേടിയുള്ള സാഹസിക യാത്ര
ഓര്‍ഗനേസഷന്‍ ഡെവല്പ്‌മെന്റ് കണ്‍സള്‍ട്ടന്റ് ആയ സന്ദീപ് അടങ്ങാത്ത നായസ്‌നേഹം കാരണം പല പല യാത്രകളും നടത്തിയിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ ഇന്ത്യന്‍ ഇനങ്ങളെപ്പറ്റിയുള്ള ലേഖനങ്ങള്‍ തപ്പിപ്പിടിച്ച് വായിച്ചു. അങ്ങനെയാണ് ബുള്ളികുത്ത, മുധോള്‍ ഹൗണ്ട്‌സ് തുടങ്ങിയ ഇന്ത്യന്‍ ഇനങ്ങളെപ്പറ്റി കൂടുതല്‍ മനസിലാക്കിയത്.
'മുധോള്‍ ഹൗണ്ട്‌സ് എന്ന ഇനത്തെപ്പറ്റി അറിഞ്ഞപ്പോള്‍ എനിക്ക് വളരെ കൗതുകം തോന്നി. ഇന്ത്യന്‍ ആര്‍മി അതിര്‍ത്തി കാക്കാന്‍ ഉപയോഗിച്ചിരിക്കുന്നത് ഇവരെയാണ്. ഇതിന്റെ കാരണം അറിയാനായി പല റിസര്‍ച്ചും നടത്തി. ഏത് വിദേശയിനം നായയാലും എന്തെങ്കിലും അപകടം കണ്ടാല്‍ പ്രതികരിക്കാനെടുക്കുന്ന സമയം 40 മുതല്‍ 90 സെക്കന്റ് വരെയാണ്. മുധോള്‍ ഹൗണ്ട് അതിന്റെ പകുതി സമയം കൊണ്ട് പ്രതികരിക്കുമെന്നാണ് ഞാന്‍ മനസിലാക്കിയത്. അതിനാലാണ് ആര്‍മി ഇവരെ ഉപയോഗപ്പെടുത്തുന്നതെന്ന് മനസിലാക്കാന്‍ കഴിഞ്ഞു.' സന്ദീപ് പറയുന്നു.
'2000 കിലോമീറ്റര്‍ യാത്ര ചെയ്താണ് മുധോള്‍ ഹൗണ്ട്‌സിനെക്കുറിച്ചുള്ള വിവരങ്ങള്‍ നേരിട്ട് കണ്ട് മനസിലാക്കിയത്. ഇതിനുവേണ്ടി മാത്രം ദീര്‍ഘദൂര യാത്ര നടത്തിയതാണ്. ബംഗളുരില്‍ നിന്നും രാത്രി മുഴുവന്‍ വണ്ടി ഓടിച്ച് മുധോളിലെത്തി. പിറ്റേ ദിവസം രാവിലെ ഗ്രാമങ്ങളിലെത്തി... രണ്ട് തരം മുധോള്‍ അവിടെയുണ്ട്. അവിടത്തെ മരുഭൂമി പോലുള്ള കൃഷി സ്ഥലങ്ങളില്‍ മുധോള്‍ ഹണ്ട്‌സിനെ കാണാനിടയായി. എയ്‌റോ ഡയനാമിക് ആകൃതിയുള്ള ഇവരെ വേട്ടയാടാന്‍ പ്രയോജനപ്പെടുത്തിയിരുന്നതിനാല്‍ ഒന്നാന്തരം ഓട്ടക്കാരാണ്. കാഴ്ചയില്‍ എല്ലും തോലും പോലെയാണ് പ്രകൃതം' മുധോള്‍ ഹൗണ്ട്‌സിന്റെ പ്രത്യേകതകളാണ് സന്ദീപ് വ്യക്തമാക്കുന്നത്. കര്‍ണാടകയുടെയും മഹാരാഷ്ട്രയുടെയും ഇടയിലുള്ള അതിര്‍ത്തിഗ്രാമത്തിലാണ് മുധോള്‍ എന്നയിനത്തെ കാണുന്നത്.
നിങ്ങള്‍ക്ക് ഇത്തരം നായയെ വാങ്ങാന്‍ താല്‍പര്യമുണ്ടെങ്കില്‍ സങ്കുചിത ചിന്താഗതി ആദ്യം മാറ്റണം. വിശാലമായ ലോകത്തിലേക്കിറങ്ങി ശുദ്ധവായു ശ്വസിച്ച് നടക്കാന്‍ ഇഷ്ടമുള്ളവര്‍ക്ക് ഇവനെയും ഒപ്പം കൂട്ടാം. രാവിലെ നടക്കാന്‍ ഇറങ്ങുമ്പോള്‍ ഈ ചങ്ങാതിയെയും കൂടെക്കൂട്ടിയാല്‍ വലിയ സന്തോഷമായിരിക്കും. ഓടാനും ചാടാനും ഇഷ്ടം പോലെ സ്ഥലം കിട്ടിയാല്‍ മുധോള്‍ ഹൗണ്ട് ഹാപ്പി. ഫ്‌ളാറ്റുകളില്‍ പുറത്തിറക്കാതെ വളര്‍ത്തിയാല്‍ തങ്ങളുടെ ഊര്‍ജം പുറത്ത് കളയാന്‍ അവസരം ലഭിക്കാതെ അസ്വസ്ഥരാകുന്ന ഇവരെ മനസിലാക്കി പരിചരിക്കണം.
സന്ദീപിന്‍റെ ഗോള്‍ഡന്‍ റിട്രീവര്‍
എന്തിനാണ് നിങ്ങള്‍ പട്ടിയെ വാങ്ങുന്നത് ?
ചില ആളുകള്‍ പട്ടികളെ വാങ്ങുന്നത് അവയുടെ ഭംഗി കാരണമാണ്. പിന്നെ ചിലര്‍ക്ക് വീട്ടിലൊരു വിദേശിയുള്ളത് പൊങ്ങച്ചത്തിന്റെ അടയാളവും. എന്നാല്‍ മറ്റു ചിലര്‍ കുട്ടികളുടെ വാശി കാരണം അവരെ സന്തോഷിപ്പിക്കാന്‍ വാങ്ങിക്കൊടുക്കുന്നു. നിങ്ങള്‍ക്ക് എന്താണ് യാഥാര്‍ഥത്തില്‍ ആവശ്യമെന്ന് മനസിലാക്കി വേണം ഓരോ ഇനത്തെയും വാങ്ങുന്നതെന്ന് ഓര്‍മിപ്പിക്കുകയാണ് സന്ദീപ്.
'നിങ്ങളുടെ വീട്ടില്‍ അരുമയായി വളര്‍ത്താനാണോ പട്ടിയെ വേണ്ടത്? ഇനി അതല്ല, കള്ളന്‍മാര്‍ വരുമ്പോള്‍ കുരയ്ക്കാനും പേടിപ്പിക്കാനുമുള്ള ഇനമാണോ നിങ്ങള്‍ക്ക് ആവശ്യം? ഇത് മനസിലാക്കി വേണം വാങ്ങാന്‍. അല്ലെങ്കില്‍ ഒരു വര്‍ഷം കഴിഞ്ഞ് മടുത്ത് അവയെ ഉപേക്ഷിക്കുകയോ ആര്‍ക്കെങ്കിലും കൊടുക്കുകയോ ചെയ്യും. എല്ലാം കൂടി തികഞ്ഞ ഒരു നായയെ നമുക്ക് കിട്ടില്ല. ഒരു ലാബ്രഡോറിനെ പിടിച്ച് ഡോബര്‍മാന്റെ ഗുണങ്ങള്‍ കൊടുക്കാന്‍ കഴിയില്ല. അതുപോലെ തിരിച്ചും.' സന്ദീപ് സൂചിപ്പിക്കുന്നു.
'തന്റെ ലാബ്രഡോറിനെ ഡോബര്‍മാനെപ്പോലെ ആക്കി മാറ്റാമോ എന്ന് ചോദിച്ച ഒരാളോട് ഡോക്ടര്‍ പറഞ്ഞത് ഓര്‍ക്കുന്നു. അങ്ങനെ ചെയ്താല്‍ ആദ്യം കടിക്കുന്നത് യജമാനനെത്തന്നെയായിരിക്കുമെന്ന്. മറ്റുള്ളവരെ സന്തോഷിപ്പിക്കുന്ന സ്വഭാവം രക്തത്തില്‍ അലിഞ്ഞു ചേര്‍ന്ന ഇവയിലേക്ക് ശൗര്യമുള്ള സ്വഭാവം കുത്തിവെക്കുന്നത് അപകടമാണ്. അതുപോലെ ഗോള്‍ഡന്‍ റിട്രീവര്‍ യജമാനനെ സന്തോഷിപ്പിക്കുന്നവയാണ്. പണ്ടുകാലത്ത് കാട്ടില്‍ കിളികളെ വെടിവെച്ചാല്‍ അവയെ കടിച്ചെടുത്ത് യജമാനന് കൊണ്ടുപോയി കൊടുക്കുകയാണ് ഇവ ചെയതിരുന്നത്. അങ്ങനെയാണ് ലാബ്രഡോര്‍ റിട്രീവര്‍ എന്ന ഇനവും ഉണ്ടായിട്ടുള്ളത്. എന്റെ വീട്ടില്‍ ഗോള്‍ഡന്‍ റിട്രീവറാണ് രാവിലെ പേപ്പര്‍ എടുത്ത് തരുന്നത്. അതില്‍ അവന്‍ സന്തോഷം കണ്ടെത്തുന്നു.' നായ വളര്‍ത്താന്‍ ആഗ്രഹിക്കുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ് സന്ദീപ് ഓര്‍മിപ്പിക്കുന്നത്.
'മുധോള്‍ ഹൗണ്ട്‌സ് അപരിചിതരോട് ഇടപഴകില്ല. അല്‍പം നാണംകുണുങ്ങിയാണ്. ആളുകള്‍ താലോലിക്കുന്നത് ഇഷ്ടമല്ല. എന്നാല്‍ യജമാനനോട് വളരെ സ്‌നേഹമാണ്. ഇങ്ങനെ ഓരോ ഇനങ്ങള്‍ക്കും വ്യത്യാസമുണ്ട്. നന്നായി റിസര്‍ച്ച് നടത്തിയ ശേഷമോ നായകളുടെ ഇനത്തെ വാങ്ങി വളര്‍ത്താവൂ. ' ഇദ്ദേഹം പറയുന്നു.
ഇന്ത്യന്‍ ഇനങ്ങളെപ്പറ്റി അറിഞ്ഞിരിക്കുക
'വിദേശയിനങ്ങളെ വാങ്ങുമ്പോള്‍ അവയുടെ ജീവിത സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ടുപോകുന്ന അവസ്ഥയായിരിക്കണമെന്നില്ല നമ്മുടെ നാട്ടില്‍. ഇന്ത്യന്‍ ബ്രീഡുകള്‍ ഇവിടെ ഉത്ഭവിച്ചിട്ടുള്ളത് തന്നെയായതിനാല്‍ ഇങ്ങനെ ഒരു പ്രശ്‌നവുമില്ല. സൈബീരിയന്‍ ഹസ്‌കി എന്ന പട്ടിയെക്കുറിച്ച് മനസിലാക്കിയാല്‍ അതിന് ജീവിക്കണമെങ്കില്‍ എയര്‍കണ്ടീഷന്‍ ആവശ്യമാണെന്ന് തിരിച്ചറിയാം. മഞ്ഞില്‍ ജീവിക്കുന്ന പട്ടികളാണ് ഇവ.
ആളുകള്‍ക്ക് ഇന്ത്യന്‍ബ്രീഡുകളെപ്പറ്റി അവബോധമുണ്ടാക്കാന്‍ സന്ദീപ് ഒരു ഫേസ്ബുക്ക് പേജും തുടങ്ങി. അതില്‍ ഓരോ ഇനങ്ങളെയും പരിചയപ്പെടുത്തുന്നുണ്ട്. ഇന്ത്യന്‍ ഇനങ്ങള്‍ വാങ്ങുമ്പോള്‍ ചതിയില്‍പ്പെടാന്‍ സാധ്യതയുണ്ട്. മുധോള്‍ ഹൗണ്ട്‌സിന് ഒരു കുട്ടിക്ക് 15000 രൂപ 20000 രൂപ വരെയാണ് കൊടുക്കേണ്ടി വരുന്നത്.
കോമ്പെയ് എന്ന ഇനം വളരെ വിരളമാണ്. എവിടെയാണുള്ളതെന്നത് ആര്‍ക്കും നിശ്ചയമില്ല. പക്ഷേ, മറ്റിനങ്ങളുടെ കുട്ടികളെ കോമ്പെയ് ആണെന്ന വ്യാജേന വില്‍ക്കുകയും അവയെ വാങ്ങി വളര്‍ത്തിയവര്‍ക്ക് ചതിയില്‍പ്പെടേണ്ടി വരികയും ചെയ്ത അനുഭവങ്ങളുമുണ്ട്.
പരമാവധി സ്വാതന്ത്ര്യം നല്‍കി വളര്‍ത്തേണ്ട ഇനങ്ങളാണ് ഇന്ത്യന്‍ ഇനങ്ങള്‍. കൂട്ടിലിട്ട് വളര്‍ത്തുന്നവയ്ക്കും വീട്ടിനകത്ത് വളര്‍ത്തുന്നവയുമാണ് ആള്‍ക്കാരെ കാണുമ്പോള്‍ ദേഹത്ത് കയറുകയും പരാക്രമം കാണിക്കുകയും ചെയ്യുന്നതെന്ന് സന്ദീപ് ഓര്‍മിപ്പിക്കുന്നു. ചലന സ്വാതന്ത്ര്യമാണ് ഇവയ്ക്ക് വേണ്ടത്. വിദേശയിനമായാലും ഇങ്ങനെതന്നെയാണ് അവസ്ഥ. ആളുകളെ കാണിക്കാതെ വീടിന് പുറകില്‍ കൂടുണ്ടാക്കി വളര്‍ത്തുന്നവര്‍ കരുതുന്നത് അപരിചിതരെ കണ്ടാല്‍ തങ്ങളുടെ നായ പേടിപ്പിക്കാനുള്ള കഴിവ് ആര്‍ജിക്കുമെന്നാണ്. ഈ രീതി തെറ്റാണ്.
മിക്കവാറും ഇന്ത്യന്‍ ഇനങ്ങളെ വേട്ടയ്ക്കുപയോഗിക്കാന്‍ വളരെ നല്ലതും നല്ല പരിശീലനം കൊടുത്താല്‍ വീട്ടില്‍ വളര്‍ത്താന്‍ ഉപയോഗിക്കാവുന്നതുമാണ്. പൊതുവെ ഇന്ത്യന്‍ ബ്രീഡുകളെ പറ്റിയുള്ള ഒരു പ്രധാന ആരോപണം അനുസരണ ഇല്ലായ്മയാണെന്ന് സന്ദീപ് പറയുന്നു. അതായത് അഴിച്ചുവിട്ടാല്‍ തിരികെ വരാനുള്ള മടി. ഇതിന് പ്രധാന കാരണം മിക്കതും വേട്ടപ്പട്ടികള്‍ ആണെന്നുള്ളത് തന്നെയാണ് .എങ്കിലും ഇന്ത്യന്‍ കാലാവസ്ഥയ്ക്ക് ഏറ്റവും മികച്ചത് നമ്മുടെ ഇനം തന്നെയെന്ന് സന്ദീപ് ഓര്‍മപ്പെടുത്തുന്നു.
ഇന്ത്യന്‍ ഇനങ്ങളെ വളര്‍ത്തുമ്പോള്‍ വീട്ടിലെല്ലാവരും സഹകരിച്ചാല്‍ മാത്രമേ വളര്‍ത്തിയെടുക്കാന്‍ പറ്റുകയുള്ളുവെന്ന് സന്ദീപ് പറയുന്നു. എച്ച്.ഡി.എഫ്.സിയില്‍ ബ്രാഞ്ച് മാനേജറായ ഭാര്യ റിന്‍ജുവും മക്കളായ ഭദ്രയും ദുര്‍ഗയും നല്ല പിന്തുണയുമായി കൂടെയുണ്ട്.
നായകളുമായി ബന്ധപ്പെട്ട് സംശയങ്ങളുണ്ടോ? സന്ദീപിനെ വിളിക്കാം: 9388774546