നമ്മുടെ നാട്ടില്‍ കാര്യമായ പരിചരണമൊന്നുമില്ലാതെ കാടുപോലെ വളരുന്ന ചെടിയാണെങ്കിലും ആല്‍ക്കലൈന്‍ അടങ്ങിയ മണ്ണില്‍ അതിജീവിക്കാന്‍ പ്രയാസമാണ്. കൊമ്പുകോതല്‍ നടത്തുന്നത് മഴയ്ക്ക് ശേഷം പുതിയ ശാഖകളും പൂക്കളും ഉണ്ടാകാന്‍ വേണ്ടിയാണ്.
അമ്പലങ്ങളിലും ആയുര്‍വേദവുമായി ബന്ധപ്പെട്ടും ഏറെ പ്രാധാന്യമുള്ള പൂവാണ് ചെത്തി അഥവാ തെച്ചി. നിറയെ പൂക്കളോടുകൂടി കുറ്റിച്ചെടിയായി വളരുന്ന ചെത്തിയില്‍ നിരവധി ഇനങ്ങളുണ്ട്. പിങ്ക്, ഓറഞ്ച്, വെള്ള, ചുവപ്പ് എന്നീ നിറങ്ങളില്‍ ആരെയും ആകര്‍ഷിക്കുന്ന പൂക്കളാണ് ഈ ചെടിയിലുണ്ടാകുന്നത്. അല്‍പം ശ്രദ്ധിച്ചാല്‍ ഇന്‍ഡോര്‍ ആയി വളര്‍ത്താനും അനുയോജ്യമായ ചെടിയാണിത്.
undefined
ചിലയിടങ്ങളില്‍ ഇലകള്‍ കാണാത്ത വിധം പൂത്തുലഞ്ഞ് നില്‍ക്കുന്ന ചെത്തി വളരെ എളുപ്പത്തില്‍ വളര്‍ത്താന്‍ കഴിയും. കാര്യമായ അസുഖങ്ങളൊന്നും ബാധിക്കാത്ത ചെടിയാണിത്. ഇക്‌സോറ കോക്‌സീനിയ എന്നാണ് ഈ ചെടിയുടെ ശാസ്ത്രനാമം. ചെത്തിയിലെ പ്രധാനപ്പെട്ട ഇനങ്ങളെ പരിചയപ്പെടാം.
ഇക്‌സോറ ഫിന്‍ലെസോണിയാന: വൈറ്റി ജങ്കിള്‍ ഫ്‌ളെയിം എന്നറിയപ്പെടുന്ന ഇനമാണിത്. വെളുത്ത നിറത്തിലുള്ള സൗരഭ്യമുള്ള പൂക്കളാണിവയ്ക്ക്.
ഇക്‌സോറ പാവെറ്റ: ഇന്ത്യയിലാണ് ജന്മദേശം. ടോര്‍ച്ച് വുഡ് ട്രീ എന്നറിയപ്പെടുന്ന ഇനമാണിത്. ചുവന്ന പൂക്കളാണ്.
ഇക്‌സോറ മാക്രോതിര്‍സ: സൂപ്പര്‍ കിങ്ങ് എന്നാണ് ഈ ഹൈബ്രിഡ് ഇനം അറിയപ്പെടുന്നത്. 10 അടി ഉയരത്തില്‍ വളരുന്ന ശാഖകളാണ് ഇവയ്ക്കുള്ളത്. നല്ല ചുവന്ന പൂക്കള്‍ കൂട്ടത്തോടെ വിടര്‍ന്നു നില്‍ക്കും.
ഇക്‌സോറ ജാവനിക: ജാവയാണ് സ്വദേശം. കോറല്‍ നിറത്തിലുള്ള പൂക്കളാണിവയ്ക്ക്. മിനുസമുള്ള ഇലകളുമുണ്ട്.
ഇക്‌സോറ ചൈനെന്‍സിസ്: ചൈനീസ് ഇക്‌സോറ എന്നാണ് സാധാരണയായി അറിയപ്പെടുന്നത്. ഇടത്തരം വലുപ്പമുള്ള നിത്യഹരിത കുറ്റിച്ചെടിയാണിത്. ഏകദേശം നാല് അടി ഉയരത്തില്‍ വളരും.
അല്‍പം പരിചരണം ആവശ്യം
ഈര്‍പ്പമുള്ള മണ്ണാണ് ചെത്തി വളരാന്‍ അനുയോജ്യം. എന്നാല്‍, വെള്ളം കെട്ടിക്കിടക്കരുത്. വേര് ചീയല്‍ ബാധിക്കാന്‍ സാധ്യതയുണ്ട്.
പിങ്കും വെളുപ്പും നിറത്തിലുള്ള പൂക്കളുണ്ടാകുന്ന ചെടികള്‍ തണുപ്പുകാലത്ത് പെട്ടെന്ന് നശിക്കാനുള്ള സാധ്യതയുണ്ട്. അതുപോലെ അമിതമായ ചൂട് കിട്ടിയാലും ചെടി നശിച്ചുപോകും.
ആവശ്യത്തിന് സൂര്യപ്രകാശം ലഭിച്ചില്ലെങ്കില്‍ പൂക്കള്‍ കുറയും. വീടിനകത്ത് വെക്കുമ്പോള്‍ നല്ല വെളിച്ചം കിട്ടുന്ന ജനലിനരികില്‍ ചെടിച്ചട്ടി വെച്ചാല്‍ മതി.
നടുമ്പോള്‍ ശ്രദ്ധിക്കേണ്ടത് മണ്ണിന് അസിഡിക് ഗുണമുള്ളതാണെന്ന് ഉറപ്പുവരുത്തുകയെന്നതാണ്. പി.എച്ച് മൂല്യം 5.0 -നും 6.0 -നും ഇടയിലാണ് അനുയോജ്യം. നമ്മുടെ നാട്ടില്‍ കാര്യമായ പരിചരണമൊന്നുമില്ലാതെ കാടുപോലെ വളരുന്ന ചെടിയാണെങ്കിലും ആല്‍ക്കലൈന്‍ അടങ്ങിയ മണ്ണില്‍ അതിജീവിക്കാന്‍ പ്രയാസമാണ്. കൊമ്പുകോതല്‍ നടത്തുന്നത് മഴയ്ക്ക് ശേഷം പുതിയ ശാഖകളും പൂക്കളും ഉണ്ടാകാന്‍ വേണ്ടിയാണ്.
മണ്ണും ചാണകപ്പൊടിയും ചകിരിച്ചോറും ചേര്‍ത്ത് പോട്ടിങ്ങ് മിശ്രിതം പോളിത്തീന്‍ കവറില്‍ നിറച്ച് വീട്ടിനുള്ളില്‍ ചെടി വളര്‍ത്താം. നാലിഞ്ച് നീളത്തില്‍ വെട്ടിയെടുത്ത കമ്പുകളാണ് നടാന്‍ ഉപയോഗിക്കുന്നത്.
കമ്പില്‍ വേര് പിടിക്കാന്‍ രണ്ടാഴ്ച വേണ്ടിവരും. മൂന്ന് പുതിയ ഇലകള്‍ വന്നാല്‍ ചട്ടിയിലേക്ക് മാറ്റി നടാവുന്നതാണ്. ഇലകളുണ്ടാകുന്നതുവരെ സൂര്യപ്രകാശം ഏല്‍ക്കാത്തതാണ് നല്ലത്. ആവശ്യമാണെങ്കില്‍ രണ്ടു മാസത്തിലൊരിക്കല്‍ ചാണകപ്പൊടിയും കടലപ്പിണ്ണാക്കും നല്‍കാം.