പ്രവാസ ജീവിതം മതിയാക്കി വരുമ്പോൾ 2 പശുക്കൾ, ഇന്ന് 50 പശുക്കളുള്ള ഫാം; ഷിഹാബുദ്ദീന് ക്ഷീരവകുപ്പിന്‍റെ അംഗീകാരം

By Web Team  |  First Published Feb 16, 2024, 1:28 PM IST

പ്രതിദിനം രാവിലെ 350 ലിറ്ററും വൈകുന്നേരം 250 ലിറ്ററും പാൽ ലഭിക്കുന്നു. ആധുനിക രീതിയിലാണ് ഫാം. കാലികൾക്ക് വെള്ളം കുടിക്കാൻ ഓട്ടോമാറ്റിക് സംവിധാനങ്ങളും കാറ്റുകൊള്ളാൻ ഫാനുകളും ഉണ്ട്


ചാരുംമൂട്: പ്രവാസ ജീവിതം മതിയാക്കി നാട്ടിലെത്തിയ ശേഷം പശുവളർത്തലിലേക്ക് കൂടി കടന്ന ഷിഹാബുദ്ദീന് സംസ്ഥാന ക്ഷീര വികസന വകുപ്പിന്റെ അംഗീകാരം. ഓണാട്ടുകരയിൽ പെടുന്ന താമരക്കുളം കണ്ണനാകുഴി മുട്ടത്തേത്ത് ഷൈല മൻസിൽ എം എസ് ഷിഹാബുദ്ദീനാണ് (54) ക്ഷീര കർഷക രംഗത്ത് മാതൃകയാകുന്നത്. ഒരു വർഷത്തിനുള്ളിൽ ക്ഷീര സംഘത്തിൽ ഒരു ലക്ഷത്തോളം ലിറ്റർ പാലാണ് ഷിഹാബുദ്ദീൻ നല്‍കിയത്. ഇത്രയും തന്നെ പാൽ പ്രാദേശിക വിപണിയിലും വില്പന നടത്തിയിട്ടുണ്ട്. 

കഴിഞ്ഞ മാസം വള്ളികുന്നത്തു നടന്ന ജില്ലാ ക്ഷീരസംഗമത്തിൽ മികച്ച ക്ഷീര കർഷകനായി തെരഞ്ഞെടുക്കപ്പെട്ടതിനു തൊട്ടു പിന്നാലെയാണ് സംസ്ഥാന ക്ഷീര വികസന വകുപ്പിന്റെ ആലപ്പുഴ ജില്ലയിലെ ക്ഷീര സഹകാരി അവാർഡ് കൂടി ലഭിച്ചിരിക്കുന്നത്. ഇദ്ദേഹത്തിന്റെ വീട്ടുവളപ്പിലെ ഫാമിൽ അമ്പതോളം പശുക്കളെയാണ് പരിപാലിക്കുന്നത്. 

Latest Videos

2015 ലാണ് പ്രവാസ ജീവിതം അവസാനിപ്പിച്ച് ഷിഹാബുദ്ദീൻ നാട്ടിലെത്തിയത്. അന്ന് രണ്ട് പശുക്കളാണ് വീട്ടിലുണ്ടായിരുന്നത്. പിതാവായ പരേതനായ ഷരീഫുദ്ദീൻ കുഞ്ഞായിരുന്നു പശുക്കളെ പരിപാലിച്ചിരുന്നത്. നാട്ടിലെത്തിയതോടെ ഷിഹാബ് ചുമതല ഏറ്റെടുത്തു. 2017 ൽ ക്ഷീര വികസന വകുപ്പിൽ നിന്നും 10 പശുക്കളെ സ്വന്തമാക്കി ഫാമായി വികസിപ്പിക്കുകയായിരുന്നു. ഓരോ വർഷവും എണ്ണം വർധിപ്പിച്ചാണ് വിവിധ ഇനങ്ങളിലുള്ള ഇത്രയും പശുക്കളിൽ എത്തിച്ചത്. കൂടാതെ പത്തോളം കിടാരികളുമുണ്ട്. 

എട്ട് ലിറ്റർ മുതൽ 25 ലിറ്റർ വരെ പാൽ നൽകുന്ന പശുക്കളിൽ നിന്നായി പ്രതിദിനം രാവിലെ 350 ലിറ്ററും വൈകുന്നേരം 250 ലിറ്ററുമാണ് ഉൽപ്പാദനം. ഇതിൽ 100 ലിറ്ററോളം പ്രദേശികമായും ബാക്കി കണ്ണനാകുഴി ക്ഷീര സംഘത്തിലുമായി നൽകുന്നു. വീടിനോട് ചേർന്ന അമ്പത് സെന്‍റോളം സ്ഥലത്ത് ആധുനിക രീതിയിലാണ് ഫാം സജ്ജീകരിച്ചിരിക്കുന്നത്. കാലികൾക്ക് വെള്ളം കുടിക്കുന്നതിന് ഓട്ടോമാറ്റിക് സംവിധാനങ്ങളും കാറ്റുകൊള്ളാൻ ഫാനുകളും ഒരുക്കിയിട്ടുണ്ട്. ചാണകം ഉണക്കി സൂക്ഷിക്കുന്നതിനും സൗകര്യമുണ്ട്. 

undefined

മൂന്ന് ഏക്കറോളം സ്ഥലത്തെ നെൽകൃഷിയിൽ നിന്നുള്ള വൈക്കോലും ഒന്നര ഏക്കറിലെ പുൽകൃഷിയും പശുക്കൾക്ക് തീറ്റ യഥേഷ്ടം ലഭിക്കാൻ സഹായിക്കുന്നു. മൂന്ന് ഇതര സംസ്ഥാന തൊഴിലാളികളാണ് പശുപരിപാലനത്തിൽ സഹായികള്‍. ഇലിപ്പക്കുളം കൊച്ചുവിളയിൽ കൃഷ്ണൻ മേൽനോട്ടക്കാരനായും പ്രവർത്തിക്കുന്നു. ഭാര്യ ജെസിമോളും മക്കളായ ബബീൽ, ഹൈഫ എന്നിവരും ഷിഹാബിന് സഹായികളായി ഫാമിലുണ്ടാകും. ഷിഹാബ് പൊതുപ്രവർത്തന രംഗത്തും സജീവമാണ്. ജനറൽ വിഭാഗത്തിലാണ് ഷിഹാബുദീന് അംഗീകാരം ലഭിച്ചത്. ജില്ലയിലെ മികച്ച വനിത ക്ഷീര സഹകാരിക്കുളള അവാർഡിന് എൽ വത്സലയും എസ് സി/എസ് ടി വിഭാഗത്തിൽ നിന്നുള്ള അവാർഡിന് ഷീലാ ധനഞ്ജയനും അർഹരായി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!