ലോഗൻ ജൂലൈ മുതൽ നിരന്തരം കക്കിരിയുപയോഗിച്ചു കൊണ്ടുള്ള വിവിധ വിഭവങ്ങളുടെ വീഡിയോയാണ് തന്റെ അക്കൗണ്ടിൽ പോസ്റ്റ് ചെയ്യുന്നത്. ഇതിൽ വലിയ വൈറലാവുകയും ഐസ്‍ലൻഡിലുള്ള അനേകങ്ങൾ ഈ സാലഡുണ്ടാക്കാൻ ആരംഭിക്കുകയും ചെയ്തത്രെ.
സോഷ്യൽ മീഡിയയിൽ റെസിപ്പി ഹിറ്റായതിന് പിന്നാലെ ഏതെങ്കിലും പച്ചക്കറിക്ക് വില കൂടിയതായി കേട്ടിട്ടുണ്ടോ? അങ്ങനെയുണ്ടായി എന്നാണ് ഐസ്‍ലാൻഡിൽ നിന്നും വരുന്ന ഒരു വാർത്ത പറയുന്നത്. സാലഡുണ്ടാക്കുന്ന കക്കിരിക്കാണത്രെ ഇവിടെ ക്ഷാമം അനുഭവപ്പെട്ട് തുടങ്ങിയത്.
കണ്ടന്റ് ക്രിയേറ്ററായ ലോഗൻ മോഫിറ്റ് ആണ് ഈ വൈറലായ സാലഡ് വീഡിയോയ്ക്ക് പിന്നിൽ. 'കുക്കുമ്പർ ഗൈ' എന്നാണ് ലോഗൻ അറിയപ്പെടുന്നത് തന്നെ. 5.5 മില്ല്യൺ ഫോളോവേഴ്സുള്ള ലോഗൻ ജൂലൈ മുതൽ നിരന്തരം കക്കിരിയുപയോഗിച്ചു കൊണ്ടുള്ള വിവിധ വിഭവങ്ങളുടെ വീഡിയോയാണ് തന്റെ അക്കൗണ്ടിൽ പോസ്റ്റ് ചെയ്യുന്നത്. ഇതിൽ വലിയ വൈറലാവുകയും ഐസ്‍ലൻഡിലുള്ള അനേകങ്ങൾ ഈ സാലഡുണ്ടാക്കാൻ ആരംഭിക്കുകയും ചെയ്തത്രെ.
അങ്ങനെ, നാട്ടിൽ കക്കിരിക്ക് ക്ഷാമമായി എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. കർഷകർക്കും കക്കിരി എത്തിക്കാൻ പറ്റുന്നില്ല എന്നായതോടെ ഹോളണ്ടിൽ നിന്നും അടിയന്തരമായി കക്കിരി ഇറക്കുമതി ചെയ്യുകയായിരുന്നു എന്നുമാണ് ഐസ്‍ലാൻഡിലെ ഓൺലൈൻ സ്റ്റോറായ ക്രോണൻ പറയുന്നത്. ആറ് ദശലക്ഷം കക്കിരിയാണ് രാജ്യത്ത് വിളവെടുക്കുന്നത്. രാജ്യത്തെ ജനസംഖ്യ 3.93 ലക്ഷവും.
അതേസമയം തന്നെ കക്കിരി ക്ഷാമത്തിന് പിന്നിൽ ഈ വൈറൽ വീഡിയോ മാത്രമല്ലെന്നും കക്കിരി പുതുതായി നടുന്ന സമയമായതിനാൽ കൂടിയാണെന്നും പറയുന്നുണ്ട്. എല്ലാ വർഷവും ഈ സമയത്ത് രാജ്യത്ത് കക്കിരിക്ഷാമം ഉണ്ടാകാറുണ്ട് എന്നും പറയുന്നു. അതേസമയം തന്നെ നേരത്തെ തന്നെ വൈറൽ വീഡിയോയ്ക്ക് പിന്നാലെ കക്കിരിക്ക് വലിയ ഡിമാൻഡായിരുന്നു എന്നും ആ സമയത്ത് നല്ല ഉത്പാദനം ഉണ്ടായതുകൊണ്ട് അറിയാത്തതാണ് എന്ന് കർഷകർ പറഞ്ഞതായും ബിബിസി എഴുതുന്നു.