പഴത്തൊലിയുണ്ടെങ്കില്‍ ചെടികള്‍ വളര്‍ത്താം; കീടങ്ങളെയും അകറ്റാന്‍ വഴിയുണ്ട്‌

By Web Team  |  First Published Aug 5, 2020, 4:21 PM IST

കീടങ്ങളെ പ്രതിരോധിക്കാനായി ഒരു വിദ്യയും തയ്യാറാക്കാം. പഴത്തൊലി ചെറുതായി മുറിച്ച് പ്ലാസ്റ്റിക് പാത്രത്തിലിട്ട് വിനാഗിരി ചേര്‍ത്ത് അടച്ച് വെക്കുക. ഈ അടപ്പിന്റെ മുകളില്‍ പ്രാണികള്‍ക്ക് കയറാന്‍ കഴിയുന്ന ദ്വാരമിട്ട ശേഷമേ പാത്രം അടച്ച് വെക്കാവൂ. 


നാം വെറുതെ കളയുന്ന പഴത്തൊലിക്ക്  അടുക്കളത്തോട്ടത്തിലും പൂന്തോട്ടത്തിലും നിരവധി ഉപയോഗങ്ങളുണ്ട്. പ്രകൃതിദത്തമായ വളമായും കീടങ്ങളെ പ്രതിരോധിക്കാനുള്ള ഉപാധിയായുമൊക്കെ ഈ പഴത്തൊലി നമുക്ക് മാറ്റിയെടുക്കാം.

പഴത്തൊലിയില്‍ ധാരാളം പോഷകങ്ങളുണ്ട്. ചെടികളുടെ വേരുകള്‍ക്ക് ബലം നല്‍കുന്ന പൊട്ടാസ്യം അടങ്ങിയിട്ടുള്ളതിനാല്‍ അത്യാവശ്യമുള്ള എന്‍സൈമുകള്‍ ചെടികളിലെത്തിക്കാനും കരുത്തോടെ വളരാനും സഹായിക്കുന്നു. പൂക്കളുടെയും പരാഗങ്ങളുടെയും പഴങ്ങളുടെയും ഉത്പാദനം വര്‍ധിപ്പിക്കാന്‍ ഫോസ്‍ഫറസ് ആവശ്യമാണ്. പഴത്തൊലിയില്‍ ചെടികള്‍ക്ക് ആവശ്യമായ ഫോസ്‍ഫറസ് അടങ്ങിയിട്ടുണ്ട്.

Latest Videos

undefined

കാല്‍സ്യവും തണ്ടുകളുടെയും വേരുകളുടെയും ശരിയായ വളര്‍ച്ചയ്ക്ക് അത്യാവശ്യമാണ്. മണ്ണിലെ പോഷകങ്ങളായ നൈട്രജനെയും മറ്റ് ധാതുക്കളെയും വിഘടിപ്പിച്ച് ചെടികളിലെത്തിക്കാന്‍ ഇത് സഹായിക്കുന്നു. പ്രകാശസംശ്ലേഷണത്തിന് സഹായിക്കുന്ന മഗ്നീഷ്യവും പഴത്തൊലിയില്‍ അടങ്ങിയിട്ടുണ്ട്.

ഒരു പാത്രത്തില്‍ രണ്ട് ഗ്ലാസ് വെള്ളമെടുത്ത് ഫ്രിഡ്‍ജില്‍ തണുക്കാന്‍ വെക്കുക. നിങ്ങള്‍ പഴം കഴിക്കുന്ന സമയത്ത് തൊലി ചെറുതാക്കി മുറിച്ച് ഈ വെള്ളത്തിലിട്ട് നന്നായി തിളപ്പിക്കുക. അതിനുശേഷം ഒരാഴ്ചത്തോളം ഈ വെള്ളം ഫ്രിഡ്‍ജില്‍ തന്നെ വെക്കുക. അതിനുശേഷം പഴത്തൊലി പിഴിഞ്ഞ് കളയുക. ഇതിലേക്ക് നാല് ഗ്ലാസ് വെള്ളം ചേര്‍ക്കുക. ഇത് ചെടികള്‍ക്കുള്ള കമ്പോസ്റ്റ് ചായയായി ഉപയോഗപ്പെടുത്താം. ഫ്രിഡ്‍ജില്‍ വെക്കാതെയും ചെടികള്‍ക്ക് ഈ വെള്ളം നല്‍കാം. പഴത്തൊലി വെള്ളത്തിലിട്ട് രണ്ടുദിവസം വെച്ചശേഷം തൊലി എടുത്ത് കളഞ്ഞ് ചെടികള്‍ക്ക് ഒഴിച്ചുകൊടുക്കാം.

വെള്ളത്തില്‍ കുതിര്‍ത്ത പഴത്തൊലി ഉണക്കിയെടുത്ത് പൊടിച്ച് നേരിട്ട് മണ്ണില്‍ ചേര്‍ക്കാം. തൈകള്‍ മുളച്ച് വരാന്‍ വേണ്ട് ഒരു നുള്ള് പൊടി മണ്ണില്‍ ചേര്‍ക്കാവുന്നതാണ്.

കമ്പോസ്റ്റ് ചായ ചെടികളില്‍ നേരിട്ട് സ്‌പ്രേ ചെയ്താല്‍ കീടങ്ങളെ ഒരു പരിധിവരെ പ്രതിരോധിക്കാം. അതുപോലെ തന്നെ ഇലകള്‍ വഴിയും ചെടികള്‍ക്ക് പോഷകങ്ങള്‍ വലിച്ചെടുക്കാം.

നിങ്ങള്‍ മണ്ണിരക്കമ്പോസ്റ്റ് നിര്‍മിക്കുമ്പോള്‍ പഴത്തൊലി കുതിര്‍ത്ത് ഉണക്കിപ്പൊടിച്ചോ അരച്ചോ ചേര്‍ക്കാവുന്നതാണ്.

പോട്ടിങ്ങ് മിശ്രിതം തയ്യാറാക്കുമ്പോള്‍ പഴത്തൊലി ചെറുതായി മുറിച്ച് ചേര്‍ക്കാം. തണുപ്പുകാലത്ത് മണ്ണില്‍ ഗുണം ചെയ്യുന്ന പ്രാണികളെയും പുഴുക്കളെയും സൂക്ഷ്മജീവികളെയും ആകര്‍ഷിക്കാനും മണ്ണിന്റെ ഗുണനിലവാരം ഉയര്‍ത്താനും ഇത് സഹായിക്കും.

പനിനീര്‍ച്ചെടികള്‍ക്ക് പഴത്തൊലി കൊണ്ടുള്ള വളം നല്‍കിയാല്‍ തിളക്കമുള്ള പൂക്കളുണ്ടാകും.

വിത്ത് വിതയ്ക്കുമ്പോള്‍ രണ്ടിഞ്ച് ആഴത്തിലുള്ള കുഴിയെടുത്ത് പഴത്തൊലിയുടെ ഉള്‍ഭാഗം മുകളില്‍ വരത്തക്കവിധത്തില്‍ വെച്ചശേഷം അതിന്റെ മുകളില്‍ വിത്ത് വിതയ്ക്കണം. നല്ല നീര്‍വാര്‍ച്ചയുള്ള മണ്ണ് അതിന്റെ മുകളിലിട്ട് മൂടിയാല്‍ പഴത്തൊലി ജീര്‍ണിച്ചുണ്ടാകുന്ന വളം വിത്ത് മുളപ്പിക്കാന്‍ സഹായിക്കും.

കാല്‍സ്യം അടങ്ങിയ വളവും നിര്‍മിക്കാം. അതിനായി മൂന്ന് മുട്ടത്തോട്ട് ഉണക്കി പൊടിക്കണം. നാല് പഴത്തിന്റെ തൊലി ഉണക്കി പൊടിച്ചെടുത്ത് ഒരു ടേബിള്‍ സ്പൂണ്‍ എപ്‌സം സാള്‍ട്ട് ചേര്‍ക്കണം. ഒരു ഗ്ലാസ് വെള്ളവും ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. ഇത് ഇലകളില്‍ സ്‌പ്രേ ചെയ്ത് കൊടുക്കാം.

കീടങ്ങളെ പ്രതിരോധിക്കാനായി ഒരു വിദ്യയും തയ്യാറാക്കാം. പഴത്തൊലി ചെറുതായി മുറിച്ച് പ്ലാസ്റ്റിക് പാത്രത്തിലിട്ട് വിനാഗിരി ചേര്‍ത്ത് അടച്ച് വെക്കുക. ഈ അടപ്പിന്റെ മുകളില്‍ പ്രാണികള്‍ക്ക് കയറാന്‍ കഴിയുന്ന ദ്വാരമിട്ട ശേഷമേ പാത്രം അടച്ച് വെക്കാവൂ. പഴത്തൊലിയും വിനാഗിരിയും ചേര്‍ന്ന മണത്താല്‍ ആകര്‍ഷിക്കപ്പെടുന്ന പ്രാണികള്‍ പാത്രത്തിനകത്തുള്ള ദ്രാവകത്തില്‍ മുങ്ങിച്ചാകും. നിങ്ങളുടെ പൂന്തോട്ടത്തിലെ ശല്യക്കാരായ ജീവികളെ ഒരു പരിധിവരെ പ്രതിരോധിക്കാന്‍ സഹായിക്കും.

ഫേണ്‍ വര്‍ഗത്തില്‍പ്പെട്ട ചെടികള്‍ വളര്‍ത്തുമ്പോള്‍ പഴത്തൊലി അടിയിലിട്ട ശേഷം മോസ് കൊണ്ട് മൂടിവെച്ച് അതിനുമുകളില്‍ വളര്‍ത്തുക. പഴത്തൊലി അഴുകി വളമായി ഫേണ്‍ നന്നായി വളരാന്‍ സഹായിക്കും. 

click me!