തെളിഞ്ഞ ജലത്തിന് പ്രശസ്തമായ തീരം പെട്ടന്ന് പച്ച നിറമായി, ചത്തടിഞ്ഞ് കക്കകളും ചെറുമത്സ്യങ്ങളും, ആശങ്ക
ചിപ്പി കൃഷിയുടെ 80 ശതമാനത്തിലേറെ അപൂര്‍വ്വ പ്രതിഭാസത്തേ തുടര്‍ന്ന് ചത്ത് പൊങ്ങിയിട്ടുണ്ട്. കിലോമീറ്ററുകളോളം ദൂരത്തിലാണ് ഈ പ്രതിഭാസം കാണുന്നത്
ഛോന്‍ബുരി: തെളിഞ്ഞ ജലം രൂക്ഷ ഗന്ധത്തോടെ പച്ചനിറമായതിന് പിന്നാലെ മത്സ്യത്തൊഴിലാളികള്‍ നടത്തിയിരുന്ന കക്ക ഫാമുകള്‍ നശിച്ചു. ഒപ്പം ചെറുമത്സ്യങ്ങള്‍ ചത്ത് പൊങ്ങുക കൂടി ചെയ്തതോടെ വലുപ്പമേറിയ കക്കകള്‍ക്ക് പ്രശസ്തമായ തായ്ലാന്‍ഡിലെ ഛോന്‍ബുരി അക്ഷരാര്‍ത്ഥത്തില്‍ ശ്മശാനമായി മാറിയ കാഴ്ചയാണ് നിലവിലുള്ളത്. അസാധാരണമായ രീതിയില്‍ പ്ലാങ്ക്ടണ്‍ എന്നയിനം സൂക്ഷ്മ ജീവികള്‍ പെരുകിയതാണ് പ്രതിസന്ധിക്ക് കാരണമായിരിക്കുന്നത്.
പ്രാദേശികരായ മത്സ്യത്തൊഴിലാളികളെ വലിയ ദുരിതത്തിലാക്കിയിരിക്കുകയാണ് പ്ലാങ്ക്ടണുകള്‍. സാധാരണ നിലയില്‍ കാണുന്നതിനേക്കാള്‍ പത്തിരട്ടിയിലേറെ പ്ലാങ്ക്ടണുകളാണ് ഈ മേഖലയില്‍ വർധിക്കുന്നതെന്നാണ് സമുദ്ര ഗവേഷകര്‍ വിശദമാക്കുന്നത്. മേഖലയിലെ മത്സ്യ സമ്പത്തിനെ സാരമായി ബാധിക്കുന്ന നിലയിലാണ് പ്ലാങ്ക്ടണുകള്‍ പെരുകുന്നത്. ഇത്തരത്തിലുള്ള പ്രതിഭാസം ആദ്യമായാണ് കാണുന്നതെന്നാണ് തായ്ലാന്‍റിലെ സമുദ്ര ഗവേഷകനായ താനൂസ്പോംഗ് പോകവാനിച്ച് വിശദമാക്കുന്നത്. ചിപ്പി കൃഷിയുടെ 80 ശതമാനത്തിലേറെ അപൂര്‍വ്വ പ്രതിഭാസത്തേ തുടര്‍ന്ന് ചത്ത് പൊങ്ങിയിട്ടുണ്ട്. കിലോമീറ്ററുകളോളം ദൂരത്തിലാണ് ഈ പ്രതിഭാസം കാണുന്നതെന്നാണ് പ്രാദേശിക ഭരണകൂടം അന്തര്‍ദേശീയ മാധ്യമങ്ങളോട് വിശദമാക്കുന്നത്.
സാധാരണ നിലയില്‍ ഒരു വര്‍ഷത്തില്‍ രണ്ട് തവണയോളമാണ് ഇത്തരത്തില്‍ പ്ലാങ്ക്ടണുകള്‍ രൂപം പ്രാപിക്കാറ്. രണ്ട് ദിവസത്തിലേറെ ഇവയെ തീരത്ത് കാണാറുമില്ല. എന്നാല്‍ ഈ അവസ്ഥയ്ക്കാണ് ഇപ്പോള്‍ വലിയ മാറ്റമുണ്ടായിരിക്കുന്നത്. സൂര്യപ്രകാശം കടത്തിവിടാതെ ഓക്സിജന്‍ പരമാവധി ഇവ വലിച്ചെടുക്കുന്നതാണ് ചെറുമത്സ്യങ്ങളുടെ ജീവനാശത്തിന് കാരണമാകുന്നത്. ആഗോള താപനം മൂലമുണ്ടാകുന്ന സംഭവങ്ങളായാണ് പരിസ്ഥിതി ഗവേഷകര്‍ സംഭവത്തെ വിലയിരുത്തുന്നത്. എല്‍ നിനോ സജീവമായി നില്‍ക്കുന്നത് സമുദ്ര ജലത്തിന്റെ താപനില ഉയര്‍ന്ന നിലയില്‍ തന്നെ നില്‍ക്കാന്‍ കാരണമാകുന്നതായാണ് കാലാവസ്ഥ വിദഗ്ധര്‍ വിശദമാക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം