കഴിഞ്ഞ വർഷത്തെ ഇന്ത്യയുടെ കടൽപായൽ ഉൽപാദനം 34000 ടൺ

കടൽപായൽ കൃഷി വ്യാപിപ്പിക്കുന്നതിലൂടെ സത്രീകളുൾപ്പെടെ ധാരാളം പേർക്ക് സുസ്ഥിരജീവനോപാധി ഒരുക്കാൻ കഴിയുമെന്നും ശിൽപശാലയിൽ വിദഗ്ധർ അഭിപ്രായപ്പെട്ടു.

Last year India's seaweed production was 34000 tonnes

കൊച്ചി: കഴിഞ്ഞ വർഷം ഇന്ത്യയിൽ ഉൽപാദിപ്പിച്ചത് ഏകദേശം 34000 ടൺ കടൽപായലെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ). രാജ്യത്ത് 342 നിർദിഷ്ട സ്ഥലങ്ങൾ കടൽപായൽകൃഷിക്ക് അനുയോജ്യമാണെന്ന് സിഎംഎഫ്ആർഐ അടയാളപ്പെടുത്തിയിട്ടുണ്ടെന്നും ഡയറക്ടർ ഡോ. എ ഗോപാലകൃഷ്ണൻ പറഞ്ഞു. സിഎംഎഫ്ആർഐയുടെ പഠനപ്രകാരം, ഈ സ്ഥലങ്ങളിൽ 24167 ഹെക്ടറിലായി പ്രതിവർഷം 97 ലക്ഷം ടൺ കടൽപായൽ ഉൽപാദനം സാധ്യമാണെന്നും അദ്ദേഹം പറഞ്ഞു. പരമ്പരാഗതമല്ലാത്ത ജലകൃഷിരീതികളെ കുറിച്ച് സിഎംഎഫ്ആർഐയിൽ നടന്ന ദേശീയ ശിൽപശാലയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആഗോളതലത്തിലെ കടൽപായൽ ഉൽപാദനവുമായി താരതമ്യപ്പെടുത്തുമ്പോൾ ഇന്ത്യ വളരെ പിന്നിലാണ്. 2022 -ൽ ഇതുവരെ 350 ലക്ഷം ടണ്ണാണ് ആഗോള ഉൽപാദനം. എന്നാൽ, ഉൽപാദനം കൂട്ടാൻ രാജ്യം എല്ലാവിധ ശ്രമങ്ങളും നടത്തുന്നുണ്ട്. 2025 -ഓടു കൂടി പ്രതിവർം 11.42 ലക്ഷം ടൺ കടൽപായൽ ഉൽപാദനമാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്.

കൂടുകൃഷിയോടൊപ്പം കടൽപായൽ കൂടി കൃഷി ചെയ്യാവുന്ന സിഎംഎഫ്ആർഐ വികസിപ്പിച്ച സംയോജിത സാങ്കേതികവിദ്യയായ ഇംറ്റ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വളരെ വിജയകരമാണെന്ന് തെളിഞ്ഞിട്ടുണ്ട്. ഈ സാങ്കേതികവിദ്യ കടൽപായൽ കൃഷി ജനകീയമാക്കാൻ സഹായിക്കും.

ഇതിനു പുറമെ, അന്തരീക്ഷത്തിൽ കാർബൺ വാതകങ്ങളുടെ അളവ് നിയന്ത്രിക്കാനും കടൽപായൽ കൃഷിയിലൂടെ സാധ്യമാണ്. നിലവിലെ കാലിത്തീറ്റകൾക്ക് പകരമായി കടൽപായൽ മൂല്യവർധിത ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നത് ക്ഷീരകൃഷിയിലൂടെയുള്ള കാർബൺ വാതകങ്ങളുടെ പുറംതള്ളൽ ഒരു പരിധിവരെ കുറയ്ക്കാനാകുമെന്നും ഡോ ഗോപാലകൃഷ്ണൻ പറഞ്ഞു. സിഎംഎഫ്ആർഐക്ക് കീഴിൽ ആറായിരത്തോളം സ്ത്രീകൾ കക്ക-കല്ലുമ്മക്കായ-കടൽമുരിങ്ങ കൃഷിചെയ്ത് വരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കടൽപായൽ കൃഷി വ്യാപിപ്പിക്കുന്നതിലൂടെ സത്രീകളുൾപ്പെടെ ധാരാളം പേർക്ക് സുസ്ഥിരജീവനോപാധി ഒരുക്കാൻ കഴിയുമെന്നും ശിൽപശാലയിൽ വിദഗ്ധർ അഭിപ്രായപ്പെട്ടു. വാണിജ്യാടിസ്ഥാനത്തിൽ കടൽപായൽ ഉപൽപാദനം വികസിപ്പിക്കുന്നതിന് സിഎംഎഫ്ആർഐയുമായി സഹകരണം പ്രയോജനപ്പെടുമെന്ന് ശിൽപശാലയിൽ സംസാരിച്ച സ്വകാര്യ സംരംഭകർ പറഞ്ഞു.

അക്വാഅഗ്രോ പ്രൊസസിംഗ് മാനേജിംഗ് ഡയറക്ടർ അഭിരാം സേത്ത്, ഓസ്ട്രേലിയയിലെ അക്വാകൾച്ചർ റിസർച്ച് സയൻറിസ്റ്റ് ഡോ. ബ്രയൻ റോബർട്‌സ്, ദുബൈ അക്വേറിയം ക്യൂററ്റോറിയൽ സൂപ്പർവൈസർ അരുൺ അലോഷ്യസ്, ഡോ. പി ലക്ഷ്മിലത, ഡോ. വി വി ആർ സുരേഷ് എന്നിവർ പ്രസംഗിച്ചു.

Latest Videos
Follow Us:
Download App:
  • android
  • ios