വീട്ടുമുറ്റത്ത് തടമെടുത്ത് അസോള വളര്‍ത്താം; കന്നുകാലികള്‍ക്ക് മാത്രമല്ല മനുഷ്യര്‍ക്കും ഭക്ഷിക്കാം

രോഗാണുമുക്തമായ അസോള വിത്ത് ഏകദേശം 12 കി.ഗ്രാം ഈ തടത്തിലേക്കിടണം. ഏഴു മുതല്‍ 10 ദിവസത്തിന് ശേഷം തടം നിറയെ അസോള നിറയും. ഏകദേശം 12 കി.ഗ്രാം അസോള ദിവസവും ഇത്തരമൊരു തടത്തില്‍ നിന്ന് വിളവെടുക്കാം.

Azolla how to grow in home

വളരെ പോഷകഗുണമുള്ളതും വില കുറഞ്ഞതുമായ ജൈവകാലിത്തീറ്റയാണ് അസോള. കന്നുകാലികള്‍ക്കും കോഴികള്‍ക്കും പന്നികള്‍ക്കും മത്സ്യങ്ങള്‍ക്കും ആടിനും മുയലിനുമെല്ലാം ആഹാരമായി ഉപയോഗിക്കുന്നതാണ് അസോള. ഇതു മാത്രമല്ല അസോളയുടെ ഉപയോഗം. ഉപ്പേരിയും തോരനും സൂപ്പും കട്‌ലറ്റും ഉണ്ടാക്കാനുള്ള ഘടകവും കൂടിയാണിത്.

Azolla how to grow in home

 

ഉയര്‍ന്ന പ്രോട്ടീന്‍ അളവും അത്യാവശ്യമായ അയേണ്‍, കാല്‍സ്യം, മഗ്നീഷ്യം, ഫോസ്ഫറസ്, കോപ്പര്‍ മാംഗനീസ് എന്നിവയും അസോളയില്‍ അടങ്ങിയിട്ടുണ്ട്. വിറ്റാമിന്‍ എ, ബി 12, പ്രോബയോട്ടിക്കുകള്‍, ബയോപോളിമറുകള്‍, ബി കരോട്ടിന്‍ എന്നിവയും ഇതിലുണ്ട്. അസോള ഭക്ഷണമാക്കിയാല്‍ പശുക്കളില്‍ 5 മുതല്‍ 20 ശതമാനം വരെ പാലുത്പാദനം വര്‍ധിച്ചതായി കാണുന്നു.

എങ്ങനെ വളര്‍ത്താം?

ആദ്യമായി വെള്ളം കെട്ടിനിര്‍ത്താന്‍ പറ്റുന്ന സംവിധാനമുണ്ടാക്കണം. മണ്ണില്‍ 2X1 സ്‌ക്വയര്‍ മീറ്റര്‍ നീളവും 20 സെ.മീ ആഴവുമുള്ള ഒരു കുഴി അല്ലെങ്കില്‍ തടം തയ്യാറാക്കണം. പ്ലാസ്റ്റിക് ചാക്ക് കൊണ്ട് ഈ തടത്തിന്റെ ഉള്‍വശം മൂടിയാല്‍  മരങ്ങളുടെ വേരുകള്‍ വളരുന്നത് തടയാനും മണ്ണിലെ താപനില നിയന്ത്രിക്കാനും കഴിയും.

സില്‍പോളിന്റെ പ്ലാസ്റ്റിക് ഷീറ്റ്  ഈ ചാക്കിന് മുകളിലിടണം. 10 മുതല്‍ 15 കിഗ്രാം വരെ മണ്ണ് ഈ പ്ലാസ്റ്റിക് ഷീറ്റിന് മുകളിലിടണം. ഒരേ നിരപ്പിലായിരിക്കണം മണ്ണ് ഇടേണ്ടത്.

അഞ്ച് കി.ഗ്രാം ചാണകവും, 40 ഗ്രാം അസോഫോസും 20 ഗ്രാം അസോഫോര്‍ട്ടും ചേര്‍ത്ത് ഈ തടത്തില്‍ ഒഴിക്കണം. കൂടുതല്‍ വെള്ളം ഒഴിച്ച് അളവ് ഏകദേശം 8 സെ.മീ ഉയര്‍ത്തിക്കൊണ്ടുവരണം.

രോഗാണുമുക്തമായ അസോള വിത്ത് ഏകദേശം 12 കി.ഗ്രാം ഈ തടത്തിലേക്കിടണം. ഏഴു മുതല്‍ 10 ദിവസത്തിന് ശേഷം തടം നിറയെ അസോള നിറയും. ഏകദേശം 12 കി.ഗ്രാം അസോള ദിവസവും ഇത്തരമൊരു തടത്തില്‍ നിന്ന് വിളവെടുക്കാം.

പെട്ടെന്ന് വളരാനായി ആഴ്ചയിലൊരിക്കല്‍ രണ്ട് ലിറ്റര്‍ വെള്ളത്തില്‍ രണ്ട് കി.ഗ്രാം ചാണകവും 25 ഗ്രാം അസോഫോസും 20 ഗ്രാം അസോഫോര്‍ട്ടും കലക്കി ഒഴിക്കാം.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

1. താപനില 25 ഡിഗ്രി സെല്‍ഷ്യസില്‍ താഴെ നിലനിര്‍ത്തണം.

2. പി.എച്ച് മൂല്യം 5.5 നും 7 -നും ഇടയില്‍ നിലനിര്‍ത്തണം.

3. കീടനാശിനികളുടെയും കുമിള്‍നാശിനികളുടെയും സഹായത്തോടെ വിത്തുകള്‍ സംരക്ഷിക്കണം.

4. കന്നുകാലികള്‍ക്ക് നല്‍കുന്നതിന് മുമ്പായി അസോള നന്നായി കഴുകിയെടുക്കണം.

5. കീടനാശിനികള്‍ ഉപയോഗിച്ച ബയോമാസ് കന്നുകാലികള്‍ക്ക് ഭക്ഷണമായി നല്‍കരുത്

അസോളയുടെ പ്രത്യേകത

നൈട്രജന്‍ വാതകത്തെ അന്തരീക്ഷത്തില്‍ നിന്നും സ്വീകരിച്ച് പ്രോട്ടീന്‍ തന്മാത്രകളാക്കി മാറ്റാനുള്ള കഴിവുള്ളതാണ് അസോള എന്നറിയപ്പെടുന്ന പായലുകള്‍. അനാബിന എന്ന നീലഹരിത നിറത്തിലുള്ള പായലുമായി യോജിച്ചാണ് ഇത് വളരുന്നത്.

Azolla how to grow in home

 

നന്നായി വളരാന്‍ സൂര്യപ്രകാശം ആവശ്യമാണ്. എന്നാല്‍ കടുത്ത ചൂട് നന്നല്ല. തെങ്ങോല കൊണ്ട് അസോളയുടെ തടത്തിന് മുകളില്‍ തണല്‍ നല്‍കാനുള്ള സംവിധാനമുണ്ടാക്കാം.

കുഴിയിലെ വെള്ളത്തിന്റെ നിരപ്പ് കുറയുന്നതിനനുസരിച്ച് വെള്ളം നിറയ്ക്കണം. 10 സെ.മീറ്ററില്‍ കുറയാത്ത വെള്ളം ആവശ്യമാണ്. മൂന്ന് മാസം കൂടുമ്പോള്‍ വെള്ളം മുഴുവനായും മാറ്റി നിറയ്ക്കണം.

ഒച്ചിന്റെ ശല്യമുണ്ടെങ്കില്‍ ചതുരശ്രമീറ്ററില്‍ 500 ഗ്രാം ഉപ്പ് വിതറിയാല്‍ മതി. ആറ് മാസത്തില്‍ മണ്ണും പൂര്‍ണമായി മാറ്റണം. 

Latest Videos
Follow Us:
Download App:
  • android
  • ios