'ശല്യമായിരുന്നു അവ...'; സ്വസ്ഥമാകാന്‍ സ്തനങ്ങള്‍ ചെറുതാക്കിയ പ്രശസ്ത വനിതകള്‍ പറയുന്നു
കാഴ്ചയ്ക്കുള്ള ഭംഗിക്കും ആകര്‍ഷണത്തിനും വേണ്ടി ചെറിയ സ്തനങ്ങള്‍ ശസ്ത്രക്രിയയിലൂടെ വലുതാക്കിയ പല പ്രമുഖ സ്ത്രീകളേയും നമ്മള്‍ കണ്ടിട്ടുണ്ട്. എന്നാല്‍, സ്തനങ്ങളുടെ വലിപ്പം കുറയ്ക്കാനും ഇതുപോലെ ശസ്ത്രക്രിയയ്ക്ക് വിധേയരായ സ്ത്രീകളുണ്ട്. ഇതാ അത്തരത്തില്‍ ശസ്ത്രക്രിയ നടത്തിയ മൂന്ന് പ്രശസ്ത വനിതകള്‍ അവരുടെ അനുഭവം പറയുന്നു
സ്ത്രീകളുടെ ശരീരത്തെ ചുറ്റിപ്പറ്റിയുള്ള ചര്‍ച്ചകളില്‍ എപ്പോഴും പ്രധാനമായും കടന്നുവരുന്ന ഒരു വിഷയമാണ് സ്തനങ്ങളുടെ വലിപ്പം. കാഴ്ചയ്ക്കുള്ള ഭംഗിക്കും ആകര്‍ഷണത്തിനും വേണ്ടി ചെറിയ സ്തനങ്ങള്‍ ശസ്ത്രക്രിയയിലൂടെ വലുതാക്കിയ പല പ്രമുഖ സ്ത്രീകളേയും നമ്മള്‍ കണ്ടിട്ടുണ്ട്. എന്നാല്‍, സ്തനങ്ങളുടെ വലിപ്പം കുറയ്ക്കാനും ഇതുപോലെ ശസ്ത്രക്രിയയ്ക്ക് വിധേയരായ സ്ത്രീകളുണ്ട്. ഇതാ അത്തരത്തില്‍ ശസ്ത്രക്രിയ നടത്തിയ മൂന്ന് പ്രശസ്ത വനിതകള്‍ അവരുടെ അനുഭവം പറയുന്നു.
സിമോണ ഹാലെപ്
വിമ്പിള്‍ഡന്‍ ടെന്നീസ് കിരീടം സ്വന്തമാക്കിയ റുമേനിയന്‍ താരം സിമോണ ഹാലെപ് തന്റെ സ്തനങ്ങളുടെ വലിപ്പം കുറയ്ക്കാന്‍ ശസ്ത്രക്രിയയ്ക്ക് വിധേയയായിട്ടുണ്ടെന്ന് എത്ര പേര്‍ക്കറിയാം? പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഇത്. അന്ന് സിമോണയ്ക്ക് പതിനേഴ് വയസ് മാത്രമേ പ്രായമുണ്ടായിരുന്നുള്ളൂ.
സ്തനങ്ങളുടെ വലിപ്പം തന്റെ പ്രകടനത്തെ സാരമായി ബാധിക്കുന്നുവെന്ന് കണ്ടെത്തിയതിനാലാണ് സിമോണ ഈ തീരുമാനത്തിലെത്തിയത്. കരിയറിന് വേണ്ടി താന്‍ ചെയ്ത ഏറ്റവും വലിയ ത്യാഗമാണ് ശരീരത്തില്‍ നടത്തിയ ഈ ശസ്ത്രക്രിയയെന്നാണ് സിമോണ പിന്നീട് ഇതെപ്പറ്റി പ്രതികരിച്ചത്.
കഴിഞ്ഞ വര്‍ഷം ഒരു സ്‌പോര്‍ട്‌സ് പ്രസിദ്ധീകരണത്തിന് നല്‍കിയ അഭിമുഖത്തില്‍ വീണ്ടും സിമോണ ഇതെക്കുറിച്ച് സംസാരിച്ചു.
'എനിക്ക് എന്റെ സ്തനങ്ങള്‍ ഒട്ടും ഇഷ്ടമായിരുന്നില്ല. ഗെയിമിന് തടസമാകുന്നു എന്ന് മാത്രമല്ല, നിത്യജീവിതത്തിലും അതെനിക്ക് തലവേദന തന്നെയായിരുന്നു. എനിക്ക് തോന്നുന്നത്, ഞാനൊരു കായികതാരമായി മാറിയിരുന്നില്ലെങ്കിലും ഒരുപക്ഷേ ഞാനീ ശസ്ത്രക്രിയയ്ക്ക് വിധേയയാകുമായിരുന്നു എന്നാണ്..'- സിമോണയുടെ വാക്കുകള്‍.
കാര്‍ല ജെങ്കിന്‍സ്
മാധ്യമപ്രവര്‍ത്തകയും സ്‌കോട്ട്‌ലാന്റ് എഴുത്തുകാരിയുമായ കാര്‍ല ജെങ്കിന്‍സ് തന്റെ പത്തൊമ്പതാമത്തെ വയസിലാണ് സ്തനങ്ങള്‍ ചെറുതാക്കാനുള്ള ശസ്ത്രക്രിയയ്ക്ക് വിധേയയായത്. ഇപ്പോള്‍ ഇരിപത്തിമൂന്നാമത്തെ വയസ് പിന്നിടുമ്പോഴും ആ തീരുമാനത്തെ മനസ് കൊണ്ട് അഭിനന്ദിക്കുകയാണ് കാര്‍ല.
'ആ ശസ്ത്രക്രിയയ്ക്ക് ശേഷം ഞാനനുഭിച്ച സ്വാതന്ത്ര്യം പറഞ്ഞറിയിക്കാനാകുന്നതല്ല. പിന്നീടൊരിക്കലും എനിക്കെന്റെ ശരീരം വസ്ത്രങ്ങളുടെ പല ലെയറുകള്‍ക്കുള്ളിലായി ഒളിപ്പിക്കേണ്ടി വന്നിട്ടില്ല. അസ്വസ്ഥതപ്പെടുത്തുന്ന തുറിച്ചുനോട്ടങ്ങളെ നേരിടേണ്ടി വന്നിട്ടില്ല. ഏത് പൊസിഷനിലും വേണമെങ്കില്‍ എനിക്കുറങ്ങാം. സ്തനങ്ങളുടെ വലിപ്പം എന്റെ ഉറക്കത്തെ ബാധിക്കില്ലല്ലോ. വലിയ സ്തനങ്ങളുണ്ടാക്കിയ പുറം വേദന, തലവേദന- എന്നീ പ്രശ്‌നങ്ങളില്‍ നിന്നെല്ലാം എന്നെന്നേക്കുമായി ഞാന്‍ രക്ഷ നേടി. ശാരീരികമായ ഒരു മാറ്റം മാത്രമായിട്ടല്ല ഞാനിതിനെ കാണുന്നത്, മാനസികമായി പോലും ഒരു സവിശേഷമായ സ്വസ്ഥത ഞാന്‍ അനുഭവിച്ചുതുടങ്ങി...'- കാര്‍ല പറയുന്നു.
എമി ഹില്‍
സ്‌കോട്ട്‌ലാന്‍ഡ് സ്വദേശിയായ എമി ഹില്‍, പ്രമുഖരായ പല വ്യക്തികളുടെയും 'പേഴ്‌സണല്‍ ട്രെയിനര്‍' ആണ്. അറിയപ്പെടുന്ന പരിശീലകയാകും മുമ്പ് എമിക്കുമുണ്ടായിരുന്നു ശരീരത്തെ ചുറ്റിപ്പറ്റി ചില പരാതികള്‍.
'എനിക്ക് ധരിക്കാന്‍ പാകത്തിലുള്ള ബ്രാ കണ്ടെത്താന്‍ പോലും പലപ്പോഴും കഴിയാറില്ലായിരുന്നു. ഡ്രസിംഗ് മുറിയില്‍ നിന്ന് കരഞ്ഞിട്ട് പോലുമുണ്ട്. ഭയങ്കരമായ ശാരീരികസമ്മര്‍ദ്ദമായിരുന്നു വലിയ സ്തനങ്ങള്‍ എനിക്കുണ്ടാക്കിയിരുന്നത്. അത് മാത്രമല്ല, ആളുകള്‍ കൂടുന്നയിടങ്ങളില്‍ അനാവശ്യമായ ശ്രദ്ധാകേന്ദ്രമായി എന്റെ സ്തനങ്ങള്‍ എന്നെ മാറ്റി. അങ്ങനെയാണ് ശസ്ത്രക്രിയയിലൂടെ അവ ചെറുതാക്കാന്‍ ഞാന്‍ തീരുമാനിച്ചത്. അമ്മയായിരുന്നു എനിക്കെല്ലാ പിന്തുണയും നല്‍കിയിരുന്നത്..'- എമി പറയുന്നു.
2016ല്‍ 21 വയസ്സുള്ളപ്പോഴാണ് എമി ശസ്ത്രക്രിയയ്ക്ക് വിധേയയായത്. അതിന് ശേഷം മാത്രമാണ് വര്‍ക്കൗട്ടുകളില്‍ മെച്ചപ്പെടാനായതെന്നും കരിയര്‍ നല്ലരീതിയില്‍ മുന്നോട്ടുപോകാന്‍ തുടങ്ങിയതെന്നും എമി സാക്ഷ്യപ്പെടുത്തുന്നു.
സ്തനങ്ങള്‍ ചെറുതാക്കാനുള്ള ശസ്ത്രക്രിയ ചെയ്യുന്ന സ്ത്രീകളുടെ എണ്ണം കൂടിവരികയാണെന്നാണ് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ അവകാശപ്പെടുന്നത്. ഒരു 'കോസ്‌മെറ്റിക് സര്‍ജറി'യായിട്ടല്ല പലരും ഇതിനെ കാണുന്നതെന്നും പകരം, ശരീരത്തിനും മനസിനും അവശ്യം വേണ്ട മാറ്റമായിട്ടാണ് ഉള്‍ക്കൊള്ളുന്നതെന്നും കണ്‍സള്‍ട്ടന്റ് പ്ലാസ്റ്റിക് സര്‍ജനായ ക്രിസ് ഹാള്‍ പറയുന്നു. ശസ്ത്രക്രിയയ്ക്ക് ശേഷം തങ്ങള്‍ ഇടപെടുന്ന ഇടങ്ങളില്‍ കൂടുതല്‍ ആത്മവിശ്വാസത്തോടെ നില്‍ക്കാനായതായാണ് പല സ്ത്രീകളും പറഞ്ഞിട്ടുള്ളതെന്നും ക്രിസ് കൂട്ടിച്ചേര്‍ക്കുന്നു.