ശീതളപാനീയങ്ങള്‍ക്ക് അടിപ്പെട്ട സ്ത്രീകള്‍ അറിയാന്‍...
വേനല്‍ക്കാലത്ത്, കൊടും ചൂടിനെ പ്രതിരോധിക്കാന്‍ ശീതളപാനീയങ്ങള്‍ വാങ്ങി വീട്ടില്‍ ഫ്രിഡ്ജില്‍ സൂക്ഷിച്ച് എപ്പോഴും കുടിക്കുന്ന ശീലമുള്ളവര്‍ എത്രയോ ഉണ്ട്. എന്നാല്‍ ഇത് ഒരു പ്രായം കടന്ന സ്ത്രീകളുടെ ജീവന് തന്നെ ഭീഷണിയാകുമെന്നാണ് ഒരു പഠനം പറയുന്നത്
ശീതളപാനീയങ്ങള്‍ കഴിക്കുന്ന കാര്യത്തില്‍ സ്ത്രീയെന്നോ പുരുഷനെന്നോ ഉള്ള വ്യത്യാസങ്ങളൊന്നുമില്ല. പ്രത്യേകിച്ച് വേനല്‍ക്കാലത്ത്, കൊടും ചൂടിനെ പ്രതിരോധിക്കാന്‍ ശീതളപാനീയങ്ങള്‍ വാങ്ങി വീട്ടില്‍ ഫ്രിഡ്ജില്‍ സൂക്ഷിച്ച് എപ്പോഴും കുടിക്കുന്ന ശീലമുള്ളവര്‍ എത്രയോ ഉണ്ട്.
എന്നാല്‍ ഇത് ഒരു പ്രായം കടന്ന സ്ത്രീകളുടെ ജീവന് തന്നെ ഭീഷണിയാകുമെന്നാണ് ഒരു പഠനം പറയുന്നത്. 'അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷ'നാണ് ഈ മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്.
അമ്പത് കടന്ന സ്ത്രീകള്‍ ദിവസത്തില്‍ രണ്ട് തവണയിലധികം ശീതളപാനീയങ്ങള്‍ കഴിച്ചാല്‍ അവര്‍ക്ക് ഹൃദയാഘാതമോ, പക്ഷാഘാതമോ ഉണ്ടാകാനുള്ള സാധ്യതകള്‍ കൂടുതലാണെന്നാണ് ഇവര്‍ താക്കീത് ചെയ്യുന്നത്. ഹൃദയസംബന്ധമായ പ്രശ്‌നങ്ങളൊന്നുമില്ലാത്ത സ്ത്രീകള്‍ക്കാണെങ്കില്‍ പോലും ഈ പ്രശ്‌നങ്ങള്‍ ഉണ്ടായേക്കാമെന്നും ഇവര്‍ പറയുന്നു.
കൃത്രിമമധുരം ചേര്‍ത്ത ശീതളപാനീയങ്ങള്‍ കഴിക്കുന്നത്- ഹൃദയാഘാതം, പക്ഷാഘാതം, അല്‍ഷിമേഴ്‌സ്, ടൈപ്പ്-2 പ്രമേഹം, അമിതവണ്ണം തുടങ്ങിയ പ്രശ്‌നങ്ങളിലേക്ക് വഴിതെളിക്കുമോയെന്ന് അന്വേഷിച്ച പഠനത്തിലാണ് ഗവേഷകര്‍ ഇക്കാര്യം കണ്ടെത്തിയിരിക്കുന്നത്. 50നും 79നും ഇടയ്ക്ക് പ്രായമുള്ള സ്ത്രീകളില്‍ ശീതളപാനീയങ്ങള്‍ അമിതമായി കഴിക്കുന്നത് 23 ശതമാനത്തോളം പക്ഷാഘാതത്തിനുള്ള സാധ്യത കൂട്ടുമെന്നും ഇവര്‍ പറയുന്നു.