സ്ത്രീകള്‍ അറിയാന്‍; സ്വകാര്യഭാഗങ്ങളിലെ വേദന അവഗണിക്കരുതേ...
കുടുംബബാധ്യതയും ജോലിയും തിരക്കുപിടിച്ച ജീവിതവുമെല്ലാം മൂലമാണ് പലപ്പോഴും സ്ത്രീകൾ തങ്ങളുടെ ആരോഗ്യപ്രശ്നങ്ങൾ അവഗണിക്കുന്നത്. എന്നാൽ ഇത്തരത്തില്‍ അവഗണിക്കുന്ന നിസാരപ്രശ്‌നങ്ങള്‍ പോലും പിന്നീട് സങ്കീര്‍ണ്ണമായ അസുഖങ്ങളിലേക്ക് വഴിവച്ചേക്കാം
സ്ത്രീകള്‍ പൊതുവേ ശാരീരികപ്രശ്‌നങ്ങളെ പലതിനേയും വേണ്ടവിധത്തില്‍ ശ്രദ്ധിക്കാതെ കടന്നുപോകുന്നവരാണ്. കുടുംബബാധ്യതയും ജോലിയും തിരക്കുപിടിച്ച ജീവിതവുമെല്ലാം ഇതിന് കാരണമാകാറുണ്ട്. എന്നാല്‍ ഇത്തരത്തില്‍ അവഗണിക്കുന്ന നിസാരപ്രശ്‌നങ്ങള്‍ പോലും പിന്നീട് സങ്കീര്‍ണ്ണമായ അസുഖങ്ങളിലേക്ക് വഴിവച്ചേക്കാം.
അത്തരത്തിലൊരു പ്രശ്‌നത്തെക്കുറിച്ചാണ് ഇനി പറയുന്നത്. ജനനേന്ദ്രിയത്തിലോ അതിന്റെ ചുറ്റുഭാഗങ്ങളിലോ അനുഭവപ്പെടുന്ന വേദനയോ പുകച്ചിലോ പലപ്പോഴും സ്ത്രീകള്‍ കണ്ടില്ലെന്ന് വയ്ക്കുകയും, പുറത്തുപറയാതെ സഹിച്ചുപിടിക്കുകയും ചെയ്യാറുണ്ട്. ഇതെപ്പറ്റിയാണ് പറയുന്നത്.
ആര്‍ത്തവവുമായി ബന്ധപ്പെട്ട ശാരീരികവ്യതിയാനങ്ങള്‍ മൂലം സംഭവിക്കുന്ന ചെറിയ മാറ്റമായിപ്പോലും സ്ത്രീകള്‍ ഇതിനെ തള്ളിക്കളയാറുണ്ട്. എന്നാല്‍ അത്ര നിസാരമായി മാറ്റിനിര്‍ത്താനാകാത്ത 'വള്‍വോഡൈനിയ' എന്ന അസുഖത്തിന്റെ ഭാഗമായാകാം ഈ വേദനയെന്ന് എത്രപേര്‍ക്കറിയാം?
സ്വകാര്യഭാഗത്ത് തുടര്‍ച്ചയായി ഉണ്ടാകുന്ന ശക്തമായ വേദനയെ ആണ് 'വള്‍വോഡൈനിയ' എന്ന് വിളിക്കുന്നത്. ഏത് പ്രായത്തിലുള്ള സ്ത്രീകളിലും ഇതുണ്ടാകാം. എന്തുകൊണ്ട് ഈ അവസ്ഥയുണ്ടാകുന്നുവെന്ന് കൃത്യമായി നിര്‍ണ്ണയിക്കാന്‍ ഇതുവരെ വൈദ്യശാസ്ത്രത്തിനായിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകളെല്ലാം സൂചിപ്പിക്കുന്നത്. മുമ്പെപ്പോഴെങ്കിലും ഉണ്ടായ അണുബാധയോ അലര്‍ജിയോ പരിക്കോ അല്ലെങ്കില്‍ ഹോര്‍മോണ്‍ വ്യതിയാനങ്ങളോ എല്ലാം കാരണങ്ങളായി പറയപ്പെടുന്നുണ്ട്.
അസഹനീയമായ വേദന, പുകച്ചില്‍, കടച്ചില്‍, വിങ്ങല്‍, അവിടങ്ങളിലെ ത്വക്ക് പരുത്തതായി മാറുന്നത്, ചിലനേരങ്ങളില്‍ ചൊറിച്ചില്‍- എന്നിവയെല്ലാമാണ് പൊതുവില്‍ ഇതിന്റെ ലക്ഷണങ്ങള്‍. സ്വകാര്യഭാഗത്തെ വേദനയായതിനാല്‍ത്തന്നെ മിക്കവരും ഇത് തുറന്നുപറയാന്‍ മടി കാണിക്കും. എന്നാല്‍ ക്രമേണ വലിയരീതിയില്‍ ശാരീരികവും മാനസികവുമായി ഇത് ബാധിക്കാന്‍ തുടങ്ങും.
പ്രധാനമായും ലൈംഗികജീവിതത്തെ തന്നെയാണ് ബാധിക്കുന്നത്. 'വള്‍വോഡൈനിയ' ഉള്ളവര്‍ക്ക് ലൈംഗികതയിലേര്‍പ്പെടുമ്പോള്‍ കഠിനമായ വേദനയുണ്ടാകും. ഇത് ഡോക്ടറെ കണ്ട് എന്തെന്ന് സ്ഥിരീകരിക്കാത്ത പക്ഷം, പിന്നീട് ലൈംഗികതയോട് തന്നെ വിരക്തിയുണ്ടായേക്കാം. അതുപോലെ സമയത്തിന് ചികിത്സ തേടിയില്ലെങ്കില്‍ അണുബാധയുടെ രൂപത്തിലും ഇത് വിഷമതകള്‍ സൃഷ്ടിക്കും. ഇതിനെല്ലാം പുറമെ കടുത്ത മാനസികസമ്മര്‍ദ്ദവും ഇത്തരം രോഗികളില്‍ കണ്ടേക്കും.
മരുന്നിലൂടെയും ഫിസിയോതെറാപ്പിയിലൂടെയും ചിലപ്പോഴെല്ലാം ചെറിയ ശസ്ത്രക്രിയയിലൂടെയും പരിപൂര്‍ണ്ണമായും ഭേദപ്പെടുത്താനാകുന്ന ഒന്നാണ് 'വള്‍വോഡൈനിയ' എന്ന് ഡോക്ടര്‍മാര്‍ ഉറപ്പുപറയുന്നു. അതിനാല്‍ സ്വകാര്യഭാഗങ്ങളില്‍ അസഹനീയമാം വിധം വേദന അനുഭവപ്പെട്ടാല്‍ അത് അടുപ്പമുള്ളവരോട് തുറന്നുപറയാനും, ചികിത്സ തേടാനും സ്ത്രീകള്‍ മടി കാണിക്കരുത്.