വീല്‍ചെയറിലെ ചിത്രങ്ങള്‍ ട്രോളാകുമോ എന്ന് പേടിച്ചു; കിട്ടിയത് അഞ്ച് ലക്ഷം ലൈക്കുകള്‍
നിള പോസ്റ്റ് ചെയ്ത ചിത്രങ്ങൾക്ക് 36,000 റീട്വീറ്റുകളും 524,000 ലൈക്കുകളുമാണ് ലഭിച്ചത്. ഭയത്തെ മറികടക്കാനും ആത്മവിശ്വാസം നേടാനും നിളയെ പ്രോത്സാഹിപ്പിക്കുന്നവയാണ് ട്വീറ്റുകളെല്ലാം.
സോഷ്യൽമീഡിയയിൽ തന്റെ സ്വന്തം ഫോട്ടോകൾ പോസ്റ്റ് ചെയ്യാൻ ആദ്യമൊക്കെ ഇരുപത്തിയൊന്നുകാരിയായ നിള മോര്‍ട്ടണ് തീരെ ധെെര്യമില്ലായിരുന്നു. കാരണം വെറെയൊന്നുമല്ല, ചെറുപ്പത്തിലേ ബാധിച്ച അംഗവൈകല്യങ്ങള്‍ തന്നെ.
പേശികള്‍ക്ക് തളര്‍ച്ച ബാധിക്കുന്ന അപൂര്‍വ്വ രോഗമാണ് നിളയ്ക്ക്.
വീൽചെയറിലാണ് നിളയുടെ ജീവിതം മുഴുവനും. സൗത്ത് കരോലീനയിലെ ഗ്രീന്‍വില്ലി സ്വദേശിനിയാണ് നിള. നിള ഒരിക്കൽ അൽപം മേക്കപ്പിട്ട് കറുപ്പ് നിറത്തിലുള്ള വസ്ത്രം ധരിച്ച് ഫോണിൽ കുറച്ച് ഫോട്ടോകളെടുത്തു. സോഷ്യൽ മീഡിയയിൽ നിളയ്ക്ക് ആ ഫോട്ടോ പോസ്റ്റ് ചെയ്യണമെന്നുണ്ടായിരുന്നു. ആദ്യമൊക്കെ നിളയ്ക്ക് ഭയങ്കര പേടിയായിരുന്നു.
സുഹൃത്തുക്കളാണ് ആ ഫോട്ടോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാൻ ധെെര്യം നൽകിയത്.അങ്ങനെയാണ് നിള സോഷ്യൽ മീഡിയയിൽ ഫോട്ടോകൾ പോസ്റ്റ് ചെയ്തത്.ശരിക്കും നിളയുടെ ജീവിതം മാറ്റിമറിച്ചത് ട്വിറ്ററാണെന്ന് പറയാം. അന്ന് രണ്ടും കല്‍പ്പിച്ചായിരുന്നു ബ്ലാക്ക് ഡ്രെസ്സിലുള്ള ആ ചിത്രങ്ങള്‍ നിള ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. നിള പോലും കരുതിയില്ല. തനിക്ക് ഇത്തരത്തിലുള്ള പ്രതികരണമാണ് ലഭിക്കാൻ പോകുന്നതെന്ന്.
നിള പോസ്റ്റ് ചെയ്ത ചിത്രങ്ങൾക്ക് 36,000 റീട്വീറ്റുകളും 524,000 ലൈക്കുകളുമാണ് ലഭിച്ചത്. ഭയത്തെ മറികടക്കാനും ആത്മവിശ്വാസം നേടാനും നിളയെ പ്രോത്സാഹിപ്പിക്കുന്നവയാണ് ട്വീറ്റുകളെല്ലാം. വളരെയധികം സന്തോഷം തോന്നുന്നു. ഇത്തരത്തിലൊരു പോസിറ്റീവ് പ്രതികരണമാണ് കിട്ടാൻ പോകുന്നതെന്ന് ഞാൻ കരുതിയിരുന്നില്ല- നിള പറഞ്ഞു.