വീട്ടില്‍ വൈദ്യുതിയില്ല; പ്രകൃതിയോടിണങ്ങി പ്രൊഫസര്‍ ജീവിച്ചത് വര്‍ഷങ്ങളോളം!
വൈദ്യുതി പ്രചാരത്തില്‍ ഇല്ലാതിരുന്ന കാലത്തും സുഖമായി തന്നെ ജീവിച്ച തനിക്ക് ഇനിയും ഇങ്ങനെ തന്നെ മുമ്പോട്ട് പോകാനാകുമെന്നാണ് ഹേമ സാനെ പറയുന്നത്.
പൂനെ: ഈ വേനല്‍ക്കാലത്ത് വൈദ്യുതി ഇല്ലാതെ ഒരു നിമിഷം പോലും വീടിനുള്ളില്‍ ചെലവഴിക്കാന്‍ നമുക്ക് പ്രയാസമാണ്. എന്നാല്‍ ഡോ. ഹേമ സാനെ വൈദ്യുതി ഇല്ലാതെ ജീവിച്ചത് 79 വര്‍ഷമാണ്. മരങ്ങളോടും മൃഗങ്ങളോടും കൂട്ടുകൂടി പ്രകൃതിയോടിണങ്ങി ജീവിക്കുന്ന ഈ റിട്ടയേര്‍ഡ് പ്രൊഫസര്‍ സുഖസൗകര്യങ്ങള്‍ കുറവാണ് എന്ന് പരാതി പറയുന്നവര്‍ക്ക് മാതൃകയാണ്.
പൂനെയിലെ ബുധ്‍വാര്‍ പേട്ടില്‍ മരങ്ങള്‍ നിറഞ്ഞ പറമ്പിലെ കുഞ്ഞുവീട്ടിലാണ് ഹേമ സാനെയുടെ താമസം. പക്ഷികളും മൃഗങ്ങളുമാണ് ഇവര്‍ക്ക് കൂട്ടിനുള്ളത്. പക്ഷികളുടെ ശബ്ദം കേട്ട് ഉണരുന്ന ഹേമ സാനെയ്ക്ക് ജീവനും ജീവിതവുമെല്ലാം പ്രകൃതി മാത്രമാണ്. ഭക്ഷണവും പാര്‍പ്പിടവും വസ്ത്രവുമാണ് മനുഷ്യന് ജീവിക്കാന്‍ വേണ്ടതെന്നും മറ്റൊന്നും ആവശ്യമില്ലെന്നും പറയുന്ന ഇവര്‍ ഗര്‍വാഡെ യൂണിവേഴ്സിറ്റിയില്‍ വര്‍ഷങ്ങളോളം അധ്യാപികയായിരുന്നു. സസ്യശാസ്ത്രത്തിലും പരിസ്ഥിതി ശാസ്ത്രത്തിലും നിരവധി പുസ്തകങ്ങളും പ്രൊഫസര്‍ രചിച്ചിട്ടുണ്ട്.
വൈദ്യുതി പ്രചാരത്തില്‍ ഇല്ലാതിരുന്ന കാലത്തും സുഖമായി തന്നെ ജീവിച്ച തനിക്ക് ഇനിയും ഇങ്ങനെ തന്നെ മുമ്പോട്ട് പോകാനാകുമെന്നാണ് ഹേമ സാനെ പറയുന്നത്. ആളുകള്‍ തന്നെ വിഡ്ഢിയെന്ന് വിളിക്കാറുണ്ട്. വീട് വിറ്റ് മറ്റെവിടെങ്കിലും പോയി താമസിക്കാന്‍ ഉപദേശിക്കാറുമുണ്ട്. എന്നാല്‍ തനിക്ക് നേരെ ഉയരുന്ന പരിഹാസങ്ങളൊന്നും പ്രശ്നമല്ലെന്നും ഇനിയും ഈ ജീവിതരീതി തന്നെ തുടരുമെന്നുമാണ് പ്രൊഫസര്‍ക്ക് പറയാനുള്ളത്.