വായിച്ചവരുടെയെല്ലാം മനസ് ഇളക്കിമറിച്ച് ക്യാൻസര്‍ ബാധിച്ച് മരിച്ച യുവതിയുടെ എഴുത്ത്...

ക്യാൻസറുമായി ബന്ധപ്പെട്ട ചില തെറ്റിദ്ധാരണകള്‍ മാറ്റുന്നതിനൊപ്പം തന്നെ ജീവിതത്തോടുള്ള നമ്മുടെ കാഴ്ചപ്പാടുകളെ അടിമുടി ഇളക്കി മറിക്കാൻ പോന്ന എഴുത്താണിത്. ഇതുതന്നെയാണ് എഴുത്ത് വായിച്ച ശേഷം ഏവരും പറയുന്നതും. 

woman died of cancer shares an inspiring note that now goes viral

ക്യാൻസര്‍ രോഗം, നമുക്കറിയാം സമയബന്ധിതമായി ചികിത്സയെടുത്താല്‍ തീര്‍ച്ചയായും ഫലമുണ്ടാകുന്ന രോഗം തന്നെയാണ്. എന്നാല്‍ ചില അപൂര്‍വമായ ക്യാൻസര്‍ രോഗങ്ങള്‍ ഇക്കാര്യത്തില്‍ വലിയ വെല്ലുവിളികള്‍ സൃഷ്ടിക്കാറുണ്ട്. ക്യാൻസര്‍ ബാധിക്കുന്നതിനെ കുറിച്ചും, ഇതിന്‍റെ ചികിത്സ, മുക്തി എന്നിവയെ കുറിച്ചുമെല്ലാം പല തെറ്റിദ്ധാരണകളും ആളുകള്‍ക്കുണ്ട്.

ഇപ്പോഴിതാ ഇങ്ങനെ അപൂര്‍വമായൊരു ക്യാൻസര്‍ ബാധിച്ച് മരിച്ചൊരു യുവതിയുടെ കുറിപ്പ് ആണ് സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെടുന്നത്. ക്യാൻസറുമായി ബന്ധപ്പെട്ട ചില തെറ്റിദ്ധാരണകള്‍ മാറ്റുന്നതിനൊപ്പം തന്നെ ജീവിതത്തോടുള്ള നമ്മുടെ കാഴ്ചപ്പാടുകളെ അടിമുടി ഇളക്കി മറിക്കാൻ പോന്ന എഴുത്താണിത്. ഇതുതന്നെയാണ് എഴുത്ത് വായിച്ച ശേഷം ഏവരും പറയുന്നതും. 

ഏറെ പോസിറ്റീവ് ആയ, ഒരുപാട് പ്രചോദനം നല്‍കുന്ന, നമ്മെ ജീവിക്കാൻ പ്രേരിപ്പിക്കുന്ന എഴുത്ത് എന്ന് തന്നെ പറയാം. മരണാനന്തരം പോസ്റ്റ് ചെയ്യുന്നതിനായി ബ്രിട്ടീഷ് യുവതിയായ ഡാനിയേല തന്‍റെ വീട്ടുകാരെ ഏല്‍പിക്കുകയായിരുന്നു ഈ എഴുത്ത്. ഇത് നിങ്ങള്‍ വായിക്കുമ്പോഴേക്ക് ഞാൻ മരിച്ചുകഴിഞ്ഞിരിക്കും എന്ന ആമുഖത്തോടെയാണ് കുറിപ്പ് തുടങ്ങുന്നത്. 

''നിങ്ങളിത് വായിക്കുമ്പോള്‍ ഞാൻ ക്യാൻസറുമായുള്ള പോരട്ടത്തിനൊടുവില്‍ മരിച്ചുകഴിഞ്ഞിരിക്കും. ഇത് എനിക്ക് വേണ്ടി എന്‍റെ അസാന്നിധ്യത്തില്‍ എന്‍റെയൊരു അവസാന സന്ദേശമായി വീട്ടുകാര്‍ ആണ് നിങ്ങള്‍ക്കായി പങ്കുവയ്ക്കുന്നത്. ആദ്യം തന്നെ പറയട്ടെ, എല്ലാ ക്യാൻസറുകളും മോശം ജീവിതരീതിയുടെ ഭാഗമായി ഉണ്ടാകുന്നതല്ല. ചിലതൊക്കെ പാരമ്പര്യമായി വരുന്നതാണ്. നമുക്ക് ഒന്നും ചെയ്യാനില്ലാതെ പ്രത്യേകിച്ച് നമ്മുടെ പിഴവിനാല്‍ ഒന്നുമല്ലാതെയും വരാം. അത് അങ്ങനെയങ്ങ് സംഭവിക്കുന്നതാണ്...''- ഡാനിയേല കുറിക്കുന്നു.

തുടര്‍ന്ന് ഇവരുടെ രോഗത്തെ കുറിച്ചുള്ള ഏതാനും വിവരങ്ങളാണ്. പിത്തനാളിയില്‍ നിന്ന് തുടങ്ങിയ 'കൊളാഞ്ജിയോ കാര്‍സിനോമ' എന്ന ക്യാൻസറാണ് ഇവരെ ബാധിച്ചിരുന്നത്. വീര്യമേറിയൊരു ക്യാൻസര്‍ ആണിത്. ഇതിന്‍റെ കാരണം ഇതുവരെ കണ്ടെത്തപ്പെട്ടിട്ടില്ലത്രേ. അതിനാല്‍ തന്നെ മുക്തിയെ കുറിച്ചും അറിവില്ല. ഇതെക്കുറിച്ച് കൂടുതല്‍ പഠനങ്ങളും ഗവേഷണങ്ങളും നടക്കട്ടെ എന്നും, അതിലൂടെ ഒരുപാട് ജീവൻ സുരക്ഷിതമാക്കാൻ ഭാവിക്ക് കഴിയട്ടെ എന്നും ഡാനിയേല ആശംസിക്കുന്നുണ്ട്. അസുഖത്തെ കുറിച്ച് പറഞ്ഞതിന് ശേഷം ജീവിതത്തെ കുറിച്ചും, എങ്ങനെയാണ് താൻ രോഗം വന്ന ശേഷം അതിനോട് പോരാടിയെന്നതിനെ കുറിച്ചുമെല്ലാമാണ് ഡാനിയേല വിശദീകരിക്കുന്നത്. 

''നമുക്കെന്ത് സംഭവിക്കും എന്നതില്‍ നമുക്ക് കണ്‍ട്രോള്‍ ഇല്ല. അത് ശരിയാണ്. എന്നാല്‍ എന്ത് സംഭവിച്ചാലും അതിനോട് എങ്ങനെ പ്രതികരിക്കണമെന്നത് നമ്മുടെ ചോയ്സാണല്ലോ. എനിക്ക് കരഞ്ഞിരിക്കാൻ മനസുണ്ടായിരുന്നില്ല. ഞാൻ എന്‍റെ ബാക്കിയുള്ള ജീവിതത്തിന്‍റെ ഓരോ നിമിഷവും ആസ്വദിക്കാനും സന്തോഷിക്കാനും ശ്രമിച്ചുകൊണ്ടിരുന്നു...

...നിങ്ങള്‍ ജീവിതത്തിലെ ഓരോ ചെറിയ കാര്യങ്ങളും ആസ്വദിക്കണമെന്നാണ് ഞാൻ പറയുന്നത്. ഓരോ നിമിഷവും ആസ്വദിക്കണം. ജീവിതത്തെ കാല്‍പനികമായി കാണണം. സന്തോഷം നല്‍കുന്നതെല്ലാം ചെയ്യണം. നിങ്ങളുടെ സന്തോഷത്തെ തട്ടിപ്പറിച്ചെടുക്കാൻ ആരെയും അനുവദിക്കരുത്....

... ഞാനെന്‍റെ ജീവിതത്തെ ഒരുപാട് സ്നേഹിച്ചു. എനിക്കുണ്ടായ ഓരോ നേട്ടങ്ങളും ഞാനാഗ്രഹിച്ചതാണ്. ഞാനെന്‍റെ ജോലിയെ സ്നേഹിച്ചു, എന്‍റെ കാമുകനെ സ്നേഹിച്ചു, എന്‍റെ കുടുംബത്തെ, സുഹൃത്തുക്കളെ, എന്‍റെ നായയെ എന്‍റെ വീടിനെ- ഞങ്ങള്‍ ഭാവിയില്‍ വാങ്ങാൻ പോകുമെന്ന് പറഞ്ഞ വീടിനെ- അവിടത്തെ ജീവിതത്തെ എല്ലാം സ്നേഹിച്ചു. എന്‍റെ മോശം ദിനങ്ങളെ വെളിച്ചമുള്ളതാക്കാൻ എന്നെ എന്‍റെ ലിയോ (വളര്‍ത്തുനായ) ഒരുപാട് സഹായിച്ചിട്ടുണ്ട്...

... എന്‍റെ ജീവിതം മാസ്മരികമാക്കാൻ എന്നെ സഹായിച്ച എല്ലാവര്‍ക്കും നന്ദി, ചെറിയ കാര്യങ്ങളില്‍ സന്തോഷം കണ്ടെത്തുന്നതിനെ കുറിച്ച് ഞാൻ പറഞ്ഞത് മറക്കല്ലേ...

...നമ്മളൊരുമിച്ച് ഇല്ലാതിരിക്കുന്ന കാലത്തും ഓര്‍ക്കേണ്ട ചിലതുണ്ട്- നിങ്ങള്‍ നിങ്ങള്‍ ചിന്തിക്കുന്നതിനെക്കാള്‍ ധൈര്യശാലിയാണ്, നിങ്ങള്‍ ചിന്തിക്കുന്നതിനെക്കാള്‍ ശക്തനാണ്, മിടുക്കനാണ്. നമ്മളൊരുമിച്ച് ഇല്ലെങ്കിലും ഓര്‍ക്കുക, ഞാനെപ്പോഴും നിങ്ങള്‍ക്കൊപ്പമുണ്ടായിരിക്കും. 'വിന്നീ ദ പൂ....'

....അവസാനമായി എന്‍റെ പ്രിയപ്പെട്ട, നല്ലവനായ ടോമിനോട്-  ഞാൻ നിന്നെ ഒരുപാട് സ്നേഹിക്കുന്നു. അത് ഇനിയും ഇങ്ങനെ തന്നെ ആയിരിക്കും. എന്നെ സപ്പോര്‍ട്ട് ചെയ്തതിനും എന്‍റെ ജീവിതത്തിലേക്ക് ഒരുപാട് സ്നേഹവും സന്തോഷവും നിറച്ചതിനും നന്ദി. ഇനി പോയി ജീവിതം ആഘോഷിക്കൂ... നീയത് അര്‍ഹിക്കുന്നു...''- ഡാനിയേല.

ഏറെ വൈകാരികമായാണ് മിക്കവരും ഇത് വായിക്കുന്നതെങ്കിലും ജീവിതത്തെ പുതിയൊരു രീതിയില്‍ കാണാൻ നമ്മെ സഹായിക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്യുന്ന ശക്തമായൊരു കുറിപ്പായാണ് ഇതിനെ ഏവരും കാണുന്നത്. ഇത്തരത്തില്‍ വ്യാപകമായ രീതിയിലാണ് ഈ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കപ്പെടുന്നതും. ഡാനിയേലയും അവരുടെ പ്രിയപ്പെട്ട വളര്‍ത്തുനായയും ഒരുമിച്ച് കടല്‍ത്തീരത്ത് നടക്കുന്നൊരു ചിത്രവും കുറിപ്പിനൊപ്പമുണ്ട്. ഏറെ ഹൃദ്യമാണ് ഈ ചിത്രവും. 

 

Also Read:- 'ഹൃദയം നിറയുന്ന ചിരി, സിനിമാ താരങ്ങള്‍ ഇങ്ങനെയൊക്കെ ചെയ്യുന്നത് സന്തോഷം'; വീഡിയോ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios