ആരും സഹായിച്ചില്ല; കൊവിഡ് പോസിറ്റീവായ ഭർതൃപിതാവിനെ തോളിലേറ്റി യുവതി; ചിത്രം വൈറല്‍
നിഹാരിക എന്ന യുവതിയാണ് സഹായത്തിന് ആരും എത്താതെ വന്നതോടെ ഭർതൃപിതാവിനെ ആശുപത്രിയിലെത്തിക്കാനായി
തോളിലേറ്റിയത്. നിഹാരികയുടെ ഭർതൃപിതാവായ തുലേശ്വർ ദാസിന് കൊവിഡ് ബാധയെ തുടർന്ന് ആരോഗ്യസ്ഥിതി മോശമാവുകയായിരുന്നു.
കൊവിഡിന്‍റെ രണ്ടാം തരംഗം എത്രത്തോളം രൂക്ഷമാണെന്ന് കാണിക്കുന്ന ഒരു ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. കൊവിഡ് പോസിറ്റീവായ 75കാരനായ ഭർതൃപിതാവിനെ തോളിലേറ്റി ആശുപത്രിയിൽ എത്തിക്കുന്ന ഒരു യുവതിയുടെ ചിത്രമാണിത്. അസമില്‍ കഴിഞ്ഞ ആഴ്ചയാണ് സംഭവം നടന്നത്.
നിഹാരിക എന്ന യുവതിയാണ് സഹായത്തിന് ആരും എത്താതെ വന്നതോടെ ഭർതൃപിതാവിനെ ആശുപത്രിയിലെത്തിക്കാനായി സ്വയം തോളിലേറ്റിയത്. നിഹാരികയുടെ ഭർതൃപിതാവായ തുലേശ്വർ ദാസിന് കൊവിഡ് ബാധയെ തുടർന്ന് ആരോഗ്യസ്ഥിതി മോശമാവുകയായിരുന്നു. ഈ സമയം നിഹാരികയുടെ ഭർത്താവ് സൂരജ് ജോലിസംബന്ധമായി സിലിഗുരിയിൽ ആയിരുന്നു.
ഭർതൃപിതാവ് എഴുന്നേറ്റു നിൽക്കാൻ പോലുമാവാത്ത അവസ്ഥയിലായതോടെ രണ്ട് കിലോമീറ്റർ അകലെയുള്ള ആരോഗ്യ കേന്ദ്രത്തിലേയ്ക്ക് അദ്ദേഹത്തെ കൊണ്ടുപോകാൻ നിഹാരിക ഒരു ഓട്ടോറിക്ഷ വിളിച്ചു. എന്നാൽ വീട്ടിലേയ്ക്ക് ഓട്ടോറിക്ഷ എത്തില്ല. കുറച്ച് ദൂരം നടന്നാൽ മാത്രമേ വാഹനത്തിന് അരികിൽ എത്താൻ സാധിക്കൂ. അങ്ങനെ ഭർതൃപിതാവിനെ ചുമലിലെടുത്താണ് നിഹാരിക ഓട്ടോയിലേയ്ക്ക് എത്തിച്ചത്.
ആരോഗ്യ കേന്ദ്രത്തിൽ നിന്നും ആശുപത്രിയിലേക്ക് മാറ്റാനുള്ള നിര്‍ദ്ദേശം വന്നപ്പോഴും ആംബുലൻസോ സ്ട്രെച്ചറോ ലഭ്യമല്ലാതിരുന്നതിനാൽ വീണ്ടും സ്വകാര്യ വാഹനം വിളിച്ചുവരുത്തി അതിലേയ്ക്കും തുലേശ്വറിനെ തോളിലേറ്റി എത്തിക്കുകയായിരുന്നു നിഹാരിക. ഈ കാഴ്ചകള്‍ കണ്ടുനിന്നവരാണ് ചിത്രങ്ങള്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചത്.
കൊവിഡ് ഭയന്ന് ആരും അടുത്തുവരികയോ സഹായിക്കുകയോ ചെയ്തില്ല എന്ന് നിഹാരിക ഒരു മാധ്യമത്തോട് പറഞ്ഞു. ഹോസ്പിറ്റലിലെ പടവുകളടക്കം തുലേശ്വറിനെ ചുമലിലേറ്റിയ നിഹാരികയുടെ ചിത്രങ്ങള്‍ വൈറലായതോടെ അവരെ പ്രശംസിച്ച് നിരവധി പേര്‍ രംഗത്തെത്തി.
Also Read: 5 വയസ്സിന് താഴെ മാസ്ക് നിർബന്ധമില്ല, കുട്ടികളുടെ കൊവിഡ് ചികിത്സാ മാനദണ്ഡം ഇങ്ങനെ...
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona