ആത്മഹത്യയെക്കുറിച്ച് ചിന്തിച്ച, പരിഹാസവും ഒറ്റപ്പെടുത്തലും നേരിട്ട, പലവട്ടം സ്‌കൂള്‍ മാറിയ ഒരു പെണ്‍കുട്ടി
''എല്ലാവരും നിങ്ങളെ മനസ്സിലാക്കിക്കൊള്ളണമെന്നില്ല. കുഴപ്പമില്ല, എന്നാല്‍ നിങ്ങള്‍ നിങ്ങളെ മനസ്സിലാക്കുന്നു എന്ന് ഉറപ്പുവരുത്തണം. എങ്കില്‍ നിങ്ങള്‍ വിജയിക്കും.''-വിന്നി ഹാര്‍ലോ.
പരിഹാസവും ഒറ്റപ്പെടുത്തലും താങ്ങാനാവാതെ ഹൈസ്‌കൂള്‍ എത്തുന്നതിന് മുമ്പുതന്നെ പലവട്ടം സ്‌കൂള്‍ മാറേണ്ടിവന്ന ഒരു പെണ്‍കുട്ടി. ആത്മഹത്യയെക്കുറിച്ചു പോലും ചിന്തിച്ച അവള്‍ ഒടുവില്‍ ജീവിതത്തിലേക്ക് തിരികെ വന്നു. 'വിന്നി ഹാര്‍ലോ' എന്ന പെണ്‍കുട്ടിയുടെ ജീവിതം നമ്മുക്ക് എല്ലാവര്‍ക്കും ഒരു മാതൃകയാണ്.
1994 ജൂലായ് 27-നാണ് വിന്നിയുടെ ജനനം. ജമൈക്കന്‍ വംശജരായിരുന്നെങ്കിലും വിന്നിയുടെ മാതാപിതാക്കള്‍ കാനഡയിലായിരുന്നു താമസിച്ചിരുന്നത്. വളരെ ചെറുപ്പത്തില്‍ത്തന്നെ വിന്നിക്ക് പിതാവിനെ നഷ്ടപ്പെട്ടു. അതുകൊണ്ട് തന്നെ വളരെ കഷ്ടപ്പെട്ടാണ് അമ്മ വിന്നിയെ വളര്‍ത്തിയത്. വിന്നിയുടെ നാലാം വയസ്സിലാണ് അവളുടെ തൊലിയില്‍ ചില വ്യത്യാസങ്ങള്‍ കണ്ടുതുടങ്ങിയത്. 'വിറ്റിലിഗോ' എന്ന രോഗമാണതെന്നും ഡോക്ടര്‍മാര്‍ കണ്ടെത്തി. തൊലിക്ക് നിറഭേദം സംഭവിക്കുന്ന അവസ്ഥയാണ് 'വിറ്റിലിഗോ' അഥവാ 'വെള്ളപ്പാണ്ട്'.
സ്കൂളില്‍ എത്തിയപ്പോഴാണ് വിന്നി തന്‍റെ രോഗത്തിന്‍റെ ബുദ്ധിമുട്ടുകള്‍ അറിയുന്നത്. മറ്റു കുട്ടികള്‍ ഒരു വിചിത്രജീവിയെ എന്നപോലെയാണ് വിന്നിയെ കണ്ടത്. അവര്‍ അവളെ 'പശു' , 'സീബ്ര' എന്നൊക്കെ വിളിച്ച് പരിഹസിച്ചു. അവളെ എല്ലാവരും ഒറ്റപ്പെടുത്തി. പരിഹാസവും ഒറ്റപ്പെടുത്തലും ആ കുഞ്ഞുമനസ്സിനെ വല്ലാതെ വേദനിപ്പിച്ചു.
പരിഹാസം താങ്ങാനാവാതെ അവള്‍ക്ക് പലവട്ടം സ്‌കൂളുകള്‍ മാറേണ്ടി വന്നു. എന്നാല്‍ ഏത് സ്‌കൂളില്‍ ചെന്നാലും സ്ഥിതിയില്‍ മാറ്റമൊന്നും ഇല്ലായിരുന്നു. ഒടുവില്‍, ഹൈസ്‌കൂളില്‍ എത്തിയപ്പോള്‍ പഠനംപോലും ഉപേക്ഷിക്കേണ്ടിവന്നു. ആത്മഹത്യയെ കുറിച്ചുപോലും അവള്‍ ചിന്തിച്ചു. എന്നാല്‍ അവള്‍ തന്നെ അവളെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നു. തന്റെ കഴിവുകളെ ഇല്ലാതാക്കാന്‍ ഈ രോഗത്തിന് കഴിയില്ലെന്ന് അവള്‍ തന്നെ അവളെ പഠിപ്പിച്ചു.
വിന്നിക്ക് മോഡലിങ് ഇഷ്ടമായിരുന്നു. തന്‍റെ കുറവുകള്‍ തന്‍റെ ഇഷ്ടങ്ങള്‍ക്കും കഴിവുകള്‍ക്കും തടസമാകരുതെന്ന് അവള്‍ ആഗ്രഹിച്ചു. അങ്ങനെ അവള്‍ മോഡലിങ് രംഗത്തേക്ക് കടന്നു. ഇന്‍സ്റ്റഗ്രാമില്‍ ഒരു മോഡലായി വിന്നി തന്‍റെ പുതിയ ജീവിതം ആരംഭിച്ചു. ആ മേഖലയിലെ വിന്നിയുടെ പ്രാവീണ്യം യാദൃച്ഛികമായി 'ടൈറ' എന്ന ബാങ്ക് കാണാനിടയായി. അവരാകട്ടെ 'അമേരിക്കാസ് നെക്‌സ്റ്റ് ടോപ്പ് മോഡല്‍' എന്ന പരിപാടിയുടെ പ്രായോജകരായിരുന്നു. അവര്‍ ആ ഷോയിലേക്ക് വിന്നിയെ ക്ഷണിച്ചു. അങ്ങനെ വിന്നി അതിലെ ഒരു മത്സരാര്‍ഥിയായി മാറി.
ഫൈനലിലേക്കുള്ള ആദ്യ സെലക്ഷനില്‍ വിന്നി എലിമിനേറ്റ് ചെയ്യപ്പെട്ടു. എന്നാല്‍, തുടര്‍ന്ന് നടത്തപ്പെട്ട 'കം ബാക്ക്' എന്ന സീരീസില്‍ വിന്നി വീണ്ടും ഫൈനലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.വൈകാതെ വിന്നിയെന്ന മോഡല്‍ എല്ലാവരാലും ശ്രദ്ധിക്കപ്പെട്ടു. ഷോയില്‍ വിജയിച്ചില്ലെങ്കില്‍ ജീവിതത്തില്‍ അതൊരു വിജയമായിരുന്നു. വിന്നിയെ തേടി നിരവധി അവസരങ്ങള്‍ എത്തി. പല പ്രമുഖ ഉത്പന്നങ്ങള്‍ുടെയും ബ്രാന്‍ഡ് അംബാസഡറായി വിന്നി മാറി.
''എല്ലാവരും നിങ്ങളെ മനസ്സിലാക്കിക്കൊള്ളണമെന്നില്ല. കുഴപ്പമില്ല, എന്നാല്‍ നിങ്ങള്‍ നിങ്ങളെ മനസ്സിലാക്കുന്നു എന്ന് ഉറപ്പുവരുത്തണം. എങ്കില്‍ നിങ്ങള്‍ വിജയിക്കും.''-വിന്നി ഹാര്‍ലോ പറയുന്നു.
2015-ലെ 'റോള്‍ മോഡല്‍ അവാര്‍ഡ്' വിന്നിക്കായിരുന്നു. 2016-ല്‍ ബി.ബി.സി. തിരഞ്ഞെടുത്ത 100 പ്രമുഖ വനിതകളില്‍ ഒരാള്‍ വിന്നിയായിരുന്നു. വിവിധ മ്യൂസിക് ആല്‍ബങ്ങളില്‍ വിന്നി അഭിനയിച്ചു. 2017-ല്‍ 'എഡിറ്റേഴ്സ് അവാര്‍ഡ്' വിന്നിയെ തേടിയെത്തി.