വിസ്മയ ബാക്കി വയ്ക്കുന്ന ചോദ്യങ്ങൾ...

ആയുർവേദ ഡോക്ടറാകാൻ പഠിച്ചുകൊണ്ടിരുന്ന വിസ്മയയെ മരണത്തിലേക്ക് വലിച്ചെറിഞ്ഞുകൊടുത്ത ഭർത്താവായ കിരൺ ശിക്ഷിക്കപ്പെട്ടു

Vismaya commits suicide after being abused by her husband case points what

ആയുർവേദ ഡോക്ടറാകാൻ പഠിച്ചുകൊണ്ടിരുന്ന വിസ്മയയെ മരണത്തിലേക്ക് വലിച്ചെറിഞ്ഞുകൊടുത്ത ഭർത്താവായ കിരൺ ശിക്ഷിക്കപ്പെട്ടു. വിസ്മയക്ക് നീതി കിട്ടിയതിൽ കുടുംബവും പൊതുവെ സമൂഹവും സന്തോഷിച്ചു. വിസ്മയ മരിച്ചതിന് തൊട്ടടുത്ത ദിവസങ്ങളിൽ ജീവൻ വെടിഞ്ഞ അർച്ചനയുടേയും സുചിത്രയുടേയും കുടുംബങ്ങളും നീതിക്കായി കാത്തിരിക്കുന്നു. അവർക്ക് മുമ്പും ജീവിതം മടുത്ത് ഒരു കഷ്ണം കയറോ വിഷമോ പാളമോ തെരഞ്ഞെടുത്തവരുണ്ട്.  ഏത് വേണം എപ്പോൾ വേണം എന്ന് സംശയിച്ച് സഹിച്ച് കഴിയുന്നവർ ഇപ്പോഴുമുണ്ട്.  അവർക്ക് നീതി കിട്ടാൻ എന്ത് വേണം? കല്യാണം എന്ന പദം കഴുത്തൊടിയുന്ന സ്വർണശേഖരവും ചുവന്ന റിബൺ ഒട്ടിച്ച കാറും   സ്യൂട്ട് കേസിനുള്ളിലെ പണവും ആധാരവും മനസ്സിലെത്തിക്കുന്ന അവസ്ഥ എന്ന് മാറും?

നിയമത്തിനും വകുപ്പുകൾക്കുമൊന്നും ഒരു കുറവും നമ്മുടെ നാട്ടിലില്ല. സ്ത്രീധനം നിരോധിച്ച് പത്തറുപത് വർഷം കഴിഞ്ഞു(1961). ഇടക്കിടെ ഭേദഗതികൾ വരുത്തി പരിഷ്കരിക്കുകയും ചെയ്തു. എന്നിട്ടെന്താ?   75ശതമാനത്തിലധികം കല്യാണങ്ങളിലും സ്ത്രീധനം കൈമാറുന്നുണ്ട്. പല പേരിൽ. പല ഇനങ്ങളായി. സ്ത്രീധനം വാങ്ങില്ലെന്ന് സത്യവാങ്മൂലം നൽകേണ്ട സർക്കാർ ജീവനക്കാ‍ർ ആണ് കല്യാണ മാര്ക്കറ്റിൽ പണച്ചാക്ക് നിറച്ച് സ്വന്തമാക്കേണ്ട വിഐപി. നിയമത്തിനേക്കാൾ വ്യക്തമായിട്ടാണ് സമ്പ്രദായങ്ങളിൽ സ്ത്രീധനത്തിന്റെ പ്രാധാന്യം രേഖപ്പെടുത്തിയിരിക്കുന്നത്. 

ജീവിതനിലവാരത്തിൻറെ അളവുകോലുകളിലെല്ലാം മുന്നിൽ നിൽക്കുന്ന കേരളത്തിന്റെ തലതാഴ്ത്തുന്നതാണ് സ്ത്രീധനപീഡനത്തിന്റെ  കണക്കുകൾ. സംസ്ഥാന പൊലീസിന്റെ തന്നെ കണക്ക് പ്രകാരം 2016 മുതലിങ്ങോട്ട് 80 സ്ത്രീകളാണ് സ്ത്രീധനത്തിന്റെ പേരിൽ മരിച്ചത്. ഭർത്താവിന്റെയോ ഭ‍ർതൃവീട്ടുകാരുടോ പീഡനത്തിന്റെ പേരിൽ രജിസ്റ്റ‍‍ർ ചെയ്തത് ആയിരക്കണക്കിന് കേസുകളാണ്. പിരിച്ചുവിടലും പിഴയും തടവും ഉൾപെടെ നിയന്ത്രിക്കാൻ പല വഴികളുള്ള നാട്ടിലെ കണക്കാണിത്. 

കേസ്

2016

2017

2018

2019

2020

2021

2022(മാർച്ച്)

സ്ത്രീധനമരണം

304B IPC

25

12

17

8

6

10

2

ഭർതൃപീഡനം

ബന്ധുപീഡനം

3455

2856

2046

2970

2707

5016

1387

അവലംബം സംസ്ഥാന പൊലീസിന്‍റെ ക്രൈം റെക്കോഡ്സ്

ഒരു റെക്കോഡിലും ഇല്ലാതെ,  വിമ്മിഷ്ടപ്പെട്ട് വേദനിച്ച് കഴിയുന്നവർ എത്രയെന്ന വലിയ ചോദ്യം ഒരു വശത്ത്. മറുവശത്ത് പരാതിപ്പെട്ടാലും എത്ര കേസുകളിൽ വിചാരണ പൂർത്തിയാകുന്നു, എത്ര കേസുകളിൽ ശിക്ഷ വിധിക്കുന്നു എന്ന പൊള്ളുന്ന യാഥാര്‍ത്ഥ്യം മറുവശത്ത്. സ്ത്രീസാക്ഷരതയും ആൺ പെൺ അനുപാതവും ഉയർന്നു നിൽക്കുന്ന കേരളത്തിൽ  സാമ്പത്തികമേഖലയിലെ തൊഴിൽ പങ്കാളിത്തത്തിൽ  സ്ത്രീ പ്രാതിനിധ്യം ഏതാണ്ട് 20% മാത്രമാണ്. വിദ്യാസമ്പന്നരായ സ്ത്രീകളും സമൂഹത്തിന്റെ  സാമ്പത്തികക്രയവിക്രയത്തിൽ സ്വതന്ത്രമായി ഇടപെടുന്നത് വളരെ ചുരുക്കം. 

ജോലിയുള്ളവരുടെ സാമ്പത്തികസ്വാതന്ത്യവും സമ്പാദ്യശീലവും നിയന്ത്രിതവുമാണ്. നിയമനിർമാണസഭകളിൽ കേരളത്തിലെ സ്ത്രീ പ്രാതിനിധ്യം പത്ത് ശതമാനത്തിൽ താഴെയാണ്. തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിൽ സ്ത്രീ സാന്നിധ്യം കൂടുന്നത് സംവരണത്തിന്റെ ആനുകൂല്യം കൊണ്ട് മാത്രം. ഈ അവസ്ഥ മാറലാണ് സ്ഥായിയായ പരിഹാരം.സാമൂഹിക സാമ്പത്തിക സ്വാതന്ത്ര്യം ആണ് സ്ത്രീയെ ശക്തയാക്കുക. അപ്പോഴാണ് കല്യാണം എന്നത് സാമൂഹികമായ ഒരു ഏർപ്പാടല്ലാതെ നിബന്ധനയല്ലാതെ അവളുടെ തെരഞ്ഞെടുപ്പാവുക. അപ്പോഴാണ് അവളുടെ ഒപ്പം ജീവിക്കാൻ ഇന്നത് വേണം,ഇത്ര വേണം എന്ന് ചോദിക്കുന്നവനോട് പോയ് പണി നോക്കാൻ പറയാൻ പറ്റുക. 

അതിന് അവളുടെ ഒപ്പം നിൽക്കേണ്ട ഉത്തരവാദിത്തം മാതാപിതാക്കൾക്കാണ്.   മകളെ പഠിപ്പിക്കുക. സന്തോഷത്തോടെ സമാധാനത്തോടെ സ്വന്തം ഇഷ്ടപ്രകാരം ജീവിക്കാൻ , സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തയാക്കുക. തല്ലും കൊണ്ട് മനസ്സ് നീറി നീറി തീർക്കേണ്ടതല്ല ജീവിതമെന്ന് ഓർമിപ്പിക്കുക. മകൾക്ക് വിലയിടാൻ വരുന്നവനെ പറപ്പിക്കുക. കല്യാണം എന്നത് ആജീവനാന്ത തടവറയല്ലെന്ന് മകളോട് പറയുക. അവളുടെ കണ്ണുനീരിനേക്കാൾ വലുതല്ല വിവാഹമോചനമായല്ലേ എന്ന ചോദ്യമെന്ന് പറയുക. വിസ്മയയുടെയും ഉത്രയുടേയും അർച്ചനയുടേയും ഒക്കെ വീടുകളിൽ നിന്ന്   ഉയർന്നു കേൾക്കുന്ന വേദനയുടെ നിശ്വാസം സ്വന്തം വീട്ടിൽ നിന്ന് കേൾക്കില്ലെന്ന ഉറച്ച തീരുമാനം മതി സ്ത്രീധനമെന്ന ദുരാചാരത്തെ ആട്ടാൻ. ജീവിതത്തിൽ എന്താണ് പ്രധാനമെന്ന തിരിച്ചറിവ് മതി മുന്നോട്ട് പോകാൻ.

പേരാമ്പ്രക്കാരി നൗജിഷ നല്ല ഉദാഹരണമാണ്. ഭർതൃപീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്യാൻ ഓടിയെത്തിയ കിണറ്റിൻകരയിൽ നിന്ന് നൗജിഷ തിരിച്ചുനടന്നത് പൊലീസ് യൂണിഫോമിന്റെ ജോലി സുരക്ഷിതത്വത്തിലേക്കാണ്. മകനെ വാരിയെടുത്ത് ആകാശത്തേക്ക് ഉയർത്തിയ ആ മെല്ലിച്ച കൈകൾ പ്രതീക്ഷയുടേതാണ്. എന്റെ ജീവിതം ‍ഞാൻ പറത്തിവിടുമെന്ന പ്രഖ്യാപനമാണ്..

Latest Videos
Follow Us:
Download App:
  • android
  • ios