അവിവാഹിതരായ സ്ത്രീകളേ; നിങ്ങള്‍ക്കിതാ ഒരു സന്തോഷവാര്‍ത്ത...
കൂടെയൊരാള്‍ താമസിക്കാനില്ലാത്ത സ്ത്രീയെ എപ്പോഴും സംശയത്തിന്റെ കണ്ണിലൂടെ നോക്കുന്നതും, സദാസമയവും അവരെ നിരീക്ഷിക്കുന്നതും, മനുഷ്യവിരോധിയായ ഒരാളായി ചിത്രീകരിക്കുന്നതുമെല്ലാം നമ്മുടെ സമൂഹത്തില്‍ സാധാരണപ്രവണതകളാണ്. അല്ലേ ഒറ്റയ്ക്കുള്ള ജീവിതം ചിലപ്പോഴെങ്കിലും നല്‍കുന്ന മടുപ്പിനെക്കാള്‍ പ്രയാസം സമൂഹത്തില്‍ നിന്നുള്ള ഇത്തരം വിചാരണകള്‍ തന്നെയാണ്
അവിവാഹിതരായി തുടരുന്ന സ്ത്രീകളെ സംബന്ധിച്ചിടത്തോളം അവരുടെ സാമൂഹിക ജീവിതം പലപ്പോഴും പലതരം സങ്കീര്‍ണ്ണതകളിലൂടെയാണ് കടന്നുപോവുക. കൂടെയൊരാള്‍ താമസിക്കാനില്ലാത്ത സ്ത്രീയെ എപ്പോഴും സംശയത്തിന്റെ കണ്ണിലൂടെ നോക്കുന്നതും, സദാസമയവും അവരെ നിരീക്ഷിക്കുന്നതും, മനുഷ്യവിരോധിയായ ഒരാളായി ചിത്രീകരിക്കുന്നതുമെല്ലാം നമ്മുടെ സമൂഹത്തില്‍ സാധാരണപ്രവണതകളാണ്. അല്ലേ?
ഒറ്റയ്ക്കുള്ള ജീവിതം ചിലപ്പോഴെങ്കിലും നല്‍കുന്ന മടുപ്പിനെക്കാള്‍ പ്രയാസം സമൂഹത്തില്‍ നിന്നുള്ള ഇത്തരം വിചാരണകള്‍ തന്നെയാണ്. എങ്കിലും അവിവാഹിതരായ സ്ത്രീകള്‍ക്ക് സന്തോഷത്തിനുള്ള വകയുണ്ടെന്നാണ് പ്രമുഖ ബിഹേവിയറല്‍ സയന്‍സ് വിദഗ്ധനായ പ്രൊ. പോള്‍ ഡോളന്‍ പറയുന്നത്. ലണ്ടണ്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സിലെ ബിഹേവിയറല്‍ സയന്‍സ് പ്രൊഫസറാണ് ഇദ്ദേഹം.
അവിവാഹിതയും, കുട്ടികളില്ലാത്തതുമായ സ്ത്രീകളാണ് ലോകത്തിലെ ഏറ്റവും സന്തുഷ്ടമായ വിഭാഗങ്ങളിലൊന്ന് എന്നാണ് പോള്‍ ഡോളന്‍ പറയുന്നത്. വിവാഹിതരും അമ്മമാരുമായ സ്ത്രീകളെക്കാള്‍ ആരോഗ്യവും ആയുസും ഇവര്‍ക്കാണ് കൂടുതലെന്നും പോള്‍ ഡോളന്‍ പറയുന്നു.
വെറുതെയല്ല, വിശദമായ കണക്കുകളുടെയും മറ്റ് വിവരങ്ങളുടെയും അടിസ്ഥാനത്തിലാണത്രേ ഈ കണ്ടെത്തല്‍. തന്റെ 'ഹാപ്പി എവര്‍ ആഫ്റ്റര്‍' എന്ന പുതിയ പുസ്തകത്തിന് വേണ്ടി ഡോളന്‍ ചില സര്‍വേകളുടെ ഫലങ്ങള്‍ ഉപയോഗപ്പെടുത്തിയിരുന്നു. പ്രധാനമായും 'അമേരിക്കന്‍ ടൈം യൂസ് സര്‍വേ' വിവരങ്ങളാണ് ഉപയോഗിച്ചത്. ഇതില്‍ വിവാഹിതരും, അവിവാഹിതരും, വിവാഹമോചനം നേടിയവരും, പങ്കാളി മരിച്ചുപോയവരും തമ്മിലുള്ള വ്യത്യാസങ്ങള്‍- അവരുടെ സന്തോഷങ്ങള്‍, ദുഖങ്ങള്‍ എന്നിവ സംബന്ധിച്ചുള്ള വിശദാംശങ്ങള്‍ ലഭ്യമായിരുന്നു.
ആരോഗ്യത്തെയും സാമ്പത്തികാവസ്ഥയേയും കുറിച്ച് വിശദമാക്കുന്ന മറ്റ് ചില പഠനങ്ങളുടെ കണ്ടെത്തലുകളും ഡോളന്‍ തന്റെ പുസ്തകത്തിനായി ശേഖരിച്ചു. ഇവയില്‍ നിന്നെല്ലാം സംഗ്രഹിച്ചെടുത്തതാണ് താന്‍ പറയുന്നതെന്നാണ് ഡോളന്‍ അവകാശപ്പെടുന്നത്.
അതേസമയം, പുരുഷന്മാരുടെ കാര്യത്തില്‍ ഈ വസ്തുത നിലനില്‍ക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. പുരുഷന്‍ വിവാഹം കൊണ്ട് ആരോഗ്യപരമായും സാമൂഹികമായും സാമ്പത്തികമായും നേട്ടമുണ്ടാക്കുമ്പോള്‍ സ്ത്രീക്ക് അത്രയും സാധ്യമല്ലെന്നും അതാകാം ഈ അവസ്ഥയിലേക്ക് സ്ത്രീയെ കൊണ്ടെത്തിക്കുന്നതെന്നും അദ്ദേഹം പറയുന്നു.