ഗര്‍ഭിണിയുടെ എല്ലാ ലക്ഷണങ്ങളും, എന്നാല്‍ ഗര്‍ഭമില്ല;അറിയാം ഈ അപൂര്‍വ്വരോഗത്തെക്കുറിച്ച്...

മറ്റ് ലക്ഷണങ്ങളെല്ലാം ഒത്തുവന്നാല്‍ പോലും ആര്‍ത്തവം മുടങ്ങുന്നതെങ്ങനെയാണ്? അല്ലെങ്കില്‍ വയറുവീര്‍ക്കുകയും, കുഞ്ഞിന്റെ ചലനങ്ങള്‍ അനുഭവപ്പെടുകയും ചെയ്യുന്നതെങ്ങനെയാണ്? എന്നാല്‍ കേട്ടോളൂ, ആര്‍ത്തവം മുടങ്ങുന്നതുള്‍പ്പെടെ ഗര്‍ഭിണിയാണെന്ന് സൂചനകള്‍ നല്‍കുന്ന ലക്ഷണങ്ങളെല്ലാം ഉണ്ടായിട്ടും ഗര്‍ഭാവസ്ഥ ഇല്ലാതിരിക്കുന്ന സാഹചര്യമുണ്ട്

things to know about false pregnancy

സാധാരണഗതിയില്‍ ഒരു ഗര്‍ഭിണിയില്‍ കാണുന്ന പല ലക്ഷണങ്ങളുമുണ്ട്. ആദ്യത്തേത്, തീര്‍ച്ചയായും ആര്‍ത്തവം മുടങ്ങുന്നത് തന്നെയാണ്. തുടര്‍ന്ന്, ക്ഷീണം - തളര്‍ച്ച, ചിലരിലാണെങ്കില്‍ ഛര്‍ദ്ദി, മനംപിരട്ടല്‍, 'മോണിംഗ് സിക്ക്‌നെസ്'- ഇങ്ങനെ പോകുന്നു ലക്ഷണങ്ങള്‍. അല്‍പം കൂടി കഴിഞ്ഞിട്ടാണെങ്കില്‍ വയര്‍ വീര്‍ത്ത് തുടങ്ങുകയും, കുഞ്ഞിന്റെ ചലനങ്ങള്‍ അറിഞ്ഞുതുടങ്ങുകയും ചെയ്യും.

എന്നാല്‍ ഈ ലക്ഷണങ്ങളെല്ലാമുണ്ടായിട്ടും ഗര്‍ഭിണിയല്ലെങ്കിലോ? അങ്ങനെ സംഭവിക്കുമോ? മറ്റ് ലക്ഷണങ്ങളെല്ലാം ഒത്തുവന്നാല്‍ പോലും ആര്‍ത്തവം മുടങ്ങുന്നതെങ്ങനെയാണ്? അല്ലെങ്കില്‍ വയറുവീര്‍ക്കുകയും, കുഞ്ഞിന്റെ ചലനങ്ങള്‍ അനുഭവപ്പെടുകയും ചെയ്യുന്നതെങ്ങനെയാണ്? 

എന്നാല്‍ കേട്ടോളൂ, ആര്‍ത്തവം മുടങ്ങുന്നതുള്‍പ്പെടെ ഗര്‍ഭിണിയാണെന്ന് സൂചനകള്‍ നല്‍കുന്ന ലക്ഷണങ്ങളെല്ലാം ഉണ്ടായിട്ടും ഗര്‍ഭാവസ്ഥ ഇല്ലാതിരിക്കുന്ന സാഹചര്യമുണ്ട്. 'സ്യൂഡോസയേസിസ്' (Pseudocyesis) അഥവാ ഇല്ലാഗര്‍ഭം എന്നാണ് ഇത് അറിയപ്പെടുന്നത്. 

മിക്കവാറും മനസുമായി ബന്ധപ്പെട്ടാണ് ഈ അവസ്ഥ രൂപപ്പെടുന്നതത്രേ. അമ്മയാവാനുള്ള തീവ്രമായ അഭിനിവേശം മുതല്‍ പല തവണ അബോര്‍ഷനായത്, ഒരിക്കലും അമ്മയാകില്ലെന്ന സത്യം തിരിച്ചറിഞ്ഞത്, വിഷാദം തുടങ്ങി ഒരുപിടി മാനസികവിഷമതകള്‍ മൂലം ഇല്ലാഗര്‍ഭമുണ്ടാകുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ലൈംഗികപീഡനം, ലൈംഗികമായ ചൂഷണം മുതലായ പ്രശ്‌നങ്ങളെത്തുടര്‍ന്നും 'സ്യൂഡോസയേസിസ്' ഉണ്ടാകാറുണ്ട്. 

ചിലരിലാണെങ്കില്‍ വയറ്റിനകത്ത് ചെറിയ മുഴ രൂപപ്പെടുന്നതിന്റെ ഭാഗമായും ഇതുണ്ടാകാം. അങ്ങനെയുള്ള സാഹചര്യങ്ങളില്‍ ഇത് സ്‌കാനിംഗിലൂടെ കണ്ടെത്താനും സര്‍ജറിയിലൂടെ നീക്കം ചെയ്യാനുമാകും. എന്നിരിക്കിലും താന്‍ ഗര്‍ഭിണിയില്ല, എന്ന് ആ സ്ത്രീയെ ബോധ്യപ്പെടുത്താന്‍ ഏറെ സമയമെടുത്തേക്കാം. അതൊട്ടും തന്നെ എളുപ്പമായ കാര്യമല്ലെന്നും വിദഗ്ധര്‍ സൂചിപ്പിക്കുന്നു. 

പൊതുവില്‍, വൈകാരികമായ പിന്തുണയും സ്‌നേഹവും കരുതലുമാണ് ഇതിന് വേണ്ട പ്രധാന ചികിത്സയെന്നും ഇവര്‍ പറയുന്നു. മാസങ്ങള്‍ മുതല്‍ വര്‍ഷങ്ങള്‍ വരെ ഇതേ മാനസികാവസ്ഥയില്‍ തുടരുന്ന സ്ത്രീകളുണ്ട്. എന്നാല്‍ വര്‍ഷത്തിലൊന്നോ രണ്ടോ എന്ന കണക്കിലൊക്കെ വളരെ അപൂര്‍വ്വമായേ 'സ്യൂഡോസയേസിസ്' കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാറുള്ളൂ എന്നതാണ് ഇതിലെ ഏക ആശ്വാസം. ആരോഗ്യമുള്ള ശരീരത്തോടും മനസോടും കൂടി ജീവിക്കുകയെന്നതാണ് ഒരു പരിധി വരെ ഈ അപൂർവ്വരോഗത്തിന്‍റെ പിടിയിലേക്കെത്താതിരിക്കാൻ സ്ത്രീകൾക്ക് ചെയ്യാവുന്ന ഒരേയൊരു മുന്നൊരുക്കം. മറ്റ് മാനസികവിഷമതകളുടെ ചരിത്രമുള്ളവരാണെങ്കിൽ അതിനെ യുക്തിപൂർവ്വം അതിജീവിക്കാനുള്ള ശ്രമവും സ്ത്രീകളിലുണ്ടാകേണ്ടതുണ്ട്.
 

Latest Videos
Follow Us:
Download App:
  • android
  • ios