സ്ത്രീകളെ പറ്റി യുവാക്കള്‍ ചിന്തിക്കുന്നതിങ്ങനെ; ശ്രദ്ധേയമായി സര്‍വേ ഫലം
വീട്ടുജോലിയും വരുമാനത്തിന് വേണ്ടി പുറമെയുള്ള ജോലിയും ഒന്നിച്ച് ചെയ്യുന്ന സ്ത്രീകളാണ് രാജ്യത്തിന്റെ വളര്‍ച്ചയ്ക്ക് വേണ്ടതെന്നും എന്നാല്‍ അത്തരത്തില്‍ രണ്ട് ജോലിയും സ്ത്രീകള്‍ക്ക് ഒരുമിച്ച് കൊണ്ടുപോകാന്‍ കഴിയില്ലെന്നും സര്‍വേയില്‍ പങ്കെടുത്ത പകുതിയിലധികം യുവാക്കളും പറയുന്നു. ഈ അഭിപ്രായത്തെ 23 ശതമാനം സ്ത്രീകള്‍ മാത്രമാണ് പിന്താങ്ങുന്നത്. വന്‍ നഗരങ്ങളില്‍ താമസിക്കുന്ന പുരുഷന്മാര്‍ വരെ സ്ത്രീകളെ വീട് നോക്കുന്ന ജോലി മാത്രം ഏല്‍പിക്കാനാണ് താല്‍പര്യപ്പെടുന്നതെന്ന് സര്‍വേ ഇതിലൂടെ നിരീക്ഷിക്കുന്നു
സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ട് മുംബൈ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന 'അക്ഷര സെന്റര്‍' എന്ന സംഘടന ഈ അടുത്തായി യുവാക്കള്‍ക്കിടയില്‍ ഒരു സര്‍വേ നടത്തുകയുണ്ടായി. 15 മുതല്‍ 29 വരെ പ്രായമുള്ള ഏതാണ്ട് ആറായിരത്തിയഞ്ഞൂറോളം പേരെയാണ് ഇവര്‍ സര്‍വേയില്‍ പങ്കെടുപ്പിച്ചത്. മുംബൈ, ദില്ലി, ചെന്നൈ, കൊല്‍ക്കത്ത, വിജയവാഡ, ലുധിയാന, അഹമ്മദാബാദ്, ഭുബനേശ്വര്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് അധികവും.
വളരെ ശ്രദ്ധേയമായ പല നിരീക്ഷണങ്ങളും ഇവരുടെ സര്‍വേ റിപ്പോര്‍ട്ടിലടങ്ങിയിട്ടുണ്ട്. എങ്ങനെയാണ് സമൂഹവും കുടുംബവുമെല്ലാം സ്ത്രീയെ കാണുന്നത്, സ്ത്രീകള്‍ തന്നെ എത്തരത്തിലാണ് തങ്ങളുടെ നിലനില്‍പിനെ കാണുന്നത് എന്നിങ്ങനെ പല വിഷയത്തിലും പുതുതലമുറയ്ക്കുള്ള കാഴ്ചപ്പാടുകളാണ് സര്‍വേയിലൂടെ വ്യക്തമാകുന്നത്.
പുരുഷനും സ്ത്രീക്കും ഒരുപോലെ അവകാങ്ങളുണ്ടെന്ന് വാദിക്കുന്നവരാണ് സര്‍വേയില്‍ പങ്കെടുത്ത ഭൂരിഭാഗം പേരും എന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 79 ശതമാനം സ്ത്രീകളും 87 ശതമാനം പുരുഷന്മാരും ഈ വാദം മുന്നോട്ട് വയ്ക്കുന്നവരാണ്. എന്നാല്‍ അടുത്ത ഘട്ടങ്ങളില്‍ ഈ വാദങ്ങള്‍ പൊളിഞ്ഞുപോകുന്ന തരത്തിലുള്ള അഭിപ്രായങ്ങളാണ് പിന്നീടിവര്‍ പങ്കുവയ്ക്കുന്നത്.
അതായത്, പരമ്പരാഗതമായി സ്ത്രീകള്‍ക്കുള്ള ചില അയിത്തങ്ങള്‍, പ്രത്യേകിച്ച് വിശ്വാസങ്ങളുമായി ബന്ധപ്പെട്ട് നില്‍ക്കുന്നവയൊക്കെ എതിര്‍ക്കപ്പെടേണ്ടതാണെന്ന് ആകെ 58 ശതമാനം യുവാക്കളേ വാദിക്കുന്നുള്ളൂ. സ്ത്രീകളാകട്ടെ 78 ശതമാനം പേരും ഇത്തരം അയിത്തങ്ങള്‍ നീക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്നു.
സര്‍വേയിലെ ഏറ്റവും ഞെട്ടിക്കുന്ന നിരീക്ഷണം ഇതൊന്നുമല്ല. ഏതാണ്ട് നാല്‍പത് ശതമാനത്തിലധികം യുവാക്കള്‍ സ്ത്രീകള്‍ അവര്‍ക്ക് നേരെ വരുന്ന 'വയലന്‍സ്' അംഗീകരിച്ചുകൊടുക്കുന്നതാണ് കുടുംബത്തിന്റെ നിലനില്‍പിന് നല്ലതെന്ന് വാദിക്കുന്നുണ്ട്. തികച്ചും ആശങ്കാജനകമാണ് ഇത്തരം കാഴ്ചപ്പാടുകളെന്നും മാനസികാരോഗ്യത്തിന് മതിയായ പ്രാധാന്യം നല്‍കാത്തതാണ് ഇങ്ങനെയുള്ള മനോഭാവങ്ങള്‍ ശക്തിപ്പെടുന്നതിന് കാരണമാകുന്നതെന്നും സര്‍വേ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വിദഗ്ധര്‍ നിരീക്ഷിക്കുന്നു.
വീട്ടുജോലിയും വരുമാനത്തിന് വേണ്ടി പുറമെയുള്ള ജോലിയും ഒന്നിച്ച് ചെയ്യുന്ന സ്ത്രീകളാണ് രാജ്യത്തിന്റെ വളര്‍ച്ചയ്ക്ക് വേണ്ടതെന്നും എന്നാല്‍ അത്തരത്തില്‍ രണ്ട് ജോലിയും സ്ത്രീകള്‍ക്ക് ഒരുമിച്ച് കൊണ്ടുപോകാന്‍ കഴിയില്ലെന്നും സര്‍വേയില്‍ പങ്കെടുത്ത പകുതിയിലധികം യുവാക്കളും പറയുന്നു. ഈ അഭിപ്രായത്തെ 23 ശതമാനം സ്ത്രീകള്‍ മാത്രമാണ് പിന്താങ്ങുന്നത്. വന്‍ നഗരങ്ങളില്‍ താമസിക്കുന്ന പുരുഷന്മാര്‍ വരെ സ്ത്രീകളെ വീട് നോക്കുന്ന ജോലി മാത്രം ഏല്‍പിക്കാനാണ് താല്‍പര്യപ്പെടുന്നതെന്ന് സര്‍വേ ഇതിലൂടെ നിരീക്ഷിക്കുന്നു.
ആകെ 1.5 ശതമാനം യുവാക്കള്‍ മാത്രമാണ് പാചകം, തുണിയലക്കല്‍ പോലുള്ള ജോലികള്‍ പുരുഷന്മാരും ചെയ്യണമെന്ന അഭിപ്രായം രേഖപ്പെടുത്തിയുള്ളൂ. ബാക്കിയുള്ള പുരുഷന്മാര്‍ മുഴുവന്‍ ഇത്തരം ജോലികള്‍ തങ്ങള്‍ ചെയ്യേണ്ടതില്ല എന്ന അഭിപ്രായമാണ് പങ്കുവച്ചത്. അവകാശങ്ങളുടെ കാര്യത്തില്‍ തുല്യത വേണമെന്ന് അഭിപ്രായപ്പെടുന്നവര്‍ പോലും അതിലധികമുള്ള വിഷയങ്ങളിലേക്കെത്തുമ്പോള്‍ സ്ത്രീയെ വളരെ പരമ്പരാഗതമായ കാഴ്ചപ്പാടിലൂടെ തന്നെയാണ് നോക്കിക്കാണുന്നതെന്ന് സര്‍വേ ഊട്ടിയുറപ്പിക്കുന്നു. വിദ്യാഭ്യാസമോ, മികച്ച ജോലിയോ, വികസനമോ ഒന്നും ഇത്തരത്തിലുള്ള വീക്ഷണങ്ങളെ സ്വാധീനിക്കുന്നില്ലെന്നും സര്‍വേ നമ്മെ ഓര്‍മ്മിപ്പിക്കുന്നു.