'ഓഫീസ് ജോലി ചെയ്യുന്ന സ്ത്രീകളുടെ കരിയറില്‍ പിന്നീട് സംഭവിക്കുന്നത്...'
കരിയറിന്റെ തുടക്കത്തില്‍ 60 ശതമാനം സ്ത്രീകളാണ് 'ആക്ടീവ്' ആയി നില്‍ക്കുന്നതെങ്കില്‍ പുരുഷന്മാരുടെ കാര്യത്തില്‍ ഇത് 40 ശതമാനമാണ്. എന്നാല്‍ സ്ത്രീകളുടേതില്‍ നിന്ന് വിരുദ്ധമായി മുന്നോട്ട് പോകുംതോറും പുരുഷന്മാര്‍ 'ആക്ടീവ്' ആകുന്നതിന്റെ തോത് വര്‍ധിക്കുകയും അത് 70 ശതമാനത്തില്‍ വരെ എത്തിനില്‍ക്കുകയും ചെയ്യുന്നു
ഇന്ന്, സ്ത്രീകള്‍ ജോലി നേടുന്നതും സാമ്പത്തികമായി സ്വതന്ത്രരാകുന്നതുമെല്ലാം സാധാരണമായ കാഴ്ചയാണ്. സാമൂഹികമായി സംഭവിച്ച വലിയ മാറ്റം തന്നെയാണ് ഇക്കാര്യങ്ങള്‍ക്കും ആധാരമാകുന്നത്. എങ്കിലും ഇപ്പോഴും തൊഴിലിടങ്ങളില്‍ സ്ത്രീകള്‍, പുരുഷന്മാരെക്കാള്‍ പിന്നിലായിപ്പോകുന്ന സാഹചര്യങ്ങളുണ്ടാകാറുണ്ട്. മറ്റ് ഏത് മേഖലയിലെന്ന പോലെയും തന്നെ പുരുഷ മേധാവിത്വമാണ് ഇവിടെയും സ്ത്രീക്ക് വിലങ്ങുതടിയാകുന്നതെന്നാണ് പുതിയൊരു പഠനം ചൂണ്ടിക്കാട്ടുന്നത്.
'SCIKEY' എന്ന കമ്പനിയാണ് ഇത്തരമൊരു പഠനം സംഘടിപ്പിച്ചത്. ഇന്ത്യയിലെ വിവിധയിടങ്ങളില്‍ നിന്നായി 22നും 47നും ഇടയ്ക്ക് പ്രായം വരുന്ന ഐടി പ്രൊഫഷണലുകളെ പങ്കെടുപ്പിച്ച് കൊണ്ടുള്ള സര്‍വേയുടെ അടിസ്ഥാനത്തിലാണ് 'SCIKEY' പഠന റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
ഏതാണ്ട് 60 ശതമാനത്തോളം സ്ത്രീകള്‍ തങ്ങളുടെ കരിയറിന്റെ തുടക്കത്തില്‍ ഉയര്‍ന്ന ക്രിയാത്മകതയും, തീരുമാനങ്ങളെടുക്കാനുള്ള ആര്‍ജ്ജവവും കാണിക്കുന്നുണ്ടെന്നും എന്നാല്‍ പോകെപ്പോകെ ഈ തോത് താഴേക്ക് വരികയാണെന്നുമാണ് പഠനം വ്യക്തമാക്കുന്നത്. അതത് സ്ഥാപനങ്ങളില്‍ ഉയര്‍ന്ന പോസ്റ്റുകളില്‍ വേണ്ടത്ര സ്ത്രീകളില്ല, എന്നതാണ് ഇതിന് കാരണമായി പഠനം ചൂണ്ടിക്കാട്ടുന്നത്.
കരിയറിന്റെ തുടക്കത്തില്‍ 60 ശതമാനം സ്ത്രീകളാണ് 'ആക്ടീവ്' ആയി നില്‍ക്കുന്നതെങ്കില്‍ പുരുഷന്മാരുടെ കാര്യത്തില്‍ ഇത് 40 ശതമാനമാണ്. എന്നാല്‍ സ്ത്രീകളുടേതില്‍ നിന്ന് വിരുദ്ധമായി മുന്നോട്ട് പോകുംതോറും പുരുഷന്മാര്‍ 'ആക്ടീവ്' ആകുന്നതിന്റെ തോത് വര്‍ധിക്കുകയും അത് 70 ശതമാനത്തില്‍ വരെ എത്തിനില്‍ക്കുകയും ചെയ്യുന്നു. അതേസമയം സ്ത്രീകളാണെങ്കില്‍ മുപ്പത് ശതമാനം എന്ന അളവിലേക്ക് താഴുകയും ചെയ്യുന്നു.
എന്നാല്‍ ജോലിയുടെ കാര്യത്തില്‍, അത് 'ക്രിയേറ്റീവ്' ജോലിയാണെങ്കിലും 'ടെക്‌നിക്കല്‍' ജോലിയാണെങ്കിലും എല്ലാം പുരുഷന് തൊട്ടുപിന്നിലോ പുരുഷനൊപ്പമോ സ്ത്രീ 'പെര്‍ഫോം' ചെയ്യുന്നുവെന്നും പഠനം കണ്ടെത്തിയിരിക്കുന്നു. കസ്റ്റമര്‍ സര്‍വീസ്, സെയില്‍സ് പോലുള്ള വിഭാഗങ്ങളിലാണെങ്കില്‍ എന്തുകൊണ്ടും പുരുഷന്മാരെക്കാള്‍ മുന്നിലാണ് സ്ത്രീകളുടെ പ്രകടനമെന്നും പഠനം വിലയിരുത്തുന്നു.
തങ്ങളുടെ കണ്ടെത്തല്‍ കമ്പനികള്‍ കാര്യമായി പരിഗണിക്കേണ്ട വിഷയമാണെന്നും സ്ത്രീകള്‍ക്കും അര്‍ഹമായ സ്ഥാനങ്ങള്‍ തൊഴിലിടങ്ങളില്‍ നല്‍കേണ്ടതുണ്ടെന്നും 'SCIKEY' തങ്ങളുടെ പഠനറിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആവശ്യപ്പെടുന്നു. സമൂഹത്തിന്റെ ആകെ പുരോഗതിക്ക് തൊഴിലിടത്തിലെ തുല്യത സഹായകമാകുമെന്നും ഇവര്‍ ഓര്‍മ്മിപ്പിക്കുന്നു.
Also Read:- ഓഫീസ് ജോലിക്കാരില്‍ എളുപ്പത്തില്‍ പിടിപെടാന്‍ സാധ്യതയുള്ള രോഗം...