'വിവാഹശേഷം എനിക്ക് സംഭവിച്ചത്...'; പെണ്‍കുട്ടികളോട് സോനം പറയുന്നു...
സിനിമയുടെ തിരക്കുകള്‍ക്കിടയില്‍ നില്‍ക്കുമ്പോള്‍ തന്നെ വ്യവസായിയായ ആനന്ദ അഹൂജയുമൊത്ത് സോനം ജീവിതം തുടങ്ങി. രണ്ട് വര്‍ഷം ഒരുമിച്ച് ജീവിച്ചതിന് ശേഷമാണ് കഴിഞ്ഞ വര്‍ഷം ഇരുവരും വിവാഹിതരായത്. ഇപ്പോള്‍ വിവാഹവാര്‍ഷികം ആഘോഷിക്കുമ്പോള്‍ പെണ്‍കുട്ടികളോട് ചില കാര്യങ്ങള്‍ പങ്കുവയ്ക്കാനാഗ്രഹിക്കുന്നുവെന്ന് സോനം പറയുന്നു
ഒന്നാം വിവാഹവാര്‍ഷികം ആഘോഷത്തിരക്കിലാണ് ബോളിവുഡിന്റെ സ്വന്തം സോനം കപൂര്‍. താരപുത്രിയെന്ന വിലാസത്തില്‍ നിന്ന് അഭിനയത്തികവിലൂടെ ചുരുങ്ങിയ കാലം കൊണ്ടുതന്നെ തന്റേതായ വ്യക്തിത്വം രേഖപ്പെടുത്തിയ നടിയാണ് സോനം.
സിനിമയുടെ തിരക്കുകള്‍ക്കിടയില്‍ നില്‍ക്കുമ്പോള്‍ തന്നെ വ്യവസായിയായ ആനന്ദ അഹൂജയുമൊത്ത് ജീവിതം തുടങ്ങി. രണ്ട് വര്‍ഷം ഒരുമിച്ച് ജീവിച്ചതിന് ശേഷമാണ് കഴിഞ്ഞ വര്‍ഷം ഇരുവരും വിവാഹിതരായത്. ഇപ്പോള്‍ വിവാഹവാര്‍ഷികം ആഘോഷിക്കുമ്പോള്‍ പെണ്‍കുട്ടികളോട് ചില കാര്യങ്ങള്‍ പങ്കുവയ്ക്കാനാഗ്രഹിക്കുന്നുവെന്ന് സോനം പറയുന്നു.
'വിവാഹം കഴിഞ്ഞ് വൈകാതെ തന്നെ എനിക്ക് വണ്ണം വച്ചു. തൊലിയൊക്കെ ചെറുതായിട്ട് പ്രശ്‌നത്താലാകാന്‍ തുടങ്ങി. കണ്ണിന് ചുറ്റും കറുത്ത വളയങ്ങളൊക്കെ പ്രത്യക്ഷപ്പെട്ടു. പക്ഷേ എനിക്ക് പെണ്‍കുട്ടികളോട് പറയാനുള്ളതെന്താണെന്ന് വച്ചാല്‍, ഇക്കാര്യങ്ങളൊന്നും ഒരു പ്രശ്‌നമേയല്ല എന്നാണ്. നമ്മുടെ നാട്ടിലാണെങ്കില്‍ പെണ്‍കുട്ടികള്‍ക്ക് ഏത് കാര്യത്തിനും സമ്മര്‍ദ്ദമാണ്. വിവാഹത്തിന്റെ കാര്യത്തില്‍, വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍... എന്തിന് ചര്‍മ്മം എങ്ങനെയിരിക്കുന്നു എന്നതിന്റെ പേരില്‍ പോലും അവര്‍ക്ക് സമ്മര്‍ദ്ദമാണ്. എന്തിനാണ് വെയിലുകൊള്ളുന്നത്, കറുക്കും, എന്തിനാണ് മുടി വെട്ടുന്നത്, എന്തിനാണ് പുറത്തുപോകുന്നത്, എന്തിനാണ് കുടിക്കുന്നത്...ഇങ്ങനെ പോകുന്നു പെണ്‍കുട്ടികള്‍ക്കുള്ള വിലക്കുകള്‍...'- സോനം പറയുന്നു.
ഈ നിയന്ത്രണങ്ങളൊക്കെ അറിയുന്നത് കൊണ്ടാണ് സ്ത്രീകള്‍ യഥാര്‍ത്ഥ ജീവിതത്തില്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പ്രമേയമാകുന്ന സിനിമകള്‍ അഭിനയിക്കാന്‍ താല്‍പര്യപ്പെടുന്നതെന്നും 'ഖൂബ്‌സൂരത്ത്', 'സോയ ഫാക്ടര്‍' എന്നീ ചിത്രങ്ങളോടുള്ള തന്റെയിഷ്ടം ഇതുതന്നെയാണെന്നും സോനം പറയുന്നു.
'ഞാന്‍ ഒട്ടും അടുക്കും ചിട്ടയും ശ്രദ്ധയുമില്ലാത്തയാളാണ്. പക്ഷേ അതൊരു പ്രശ്‌നമാണെന്ന് എനിക്ക് തോന്നിയിട്ടേയില്ല.അതുതന്നെയാണ് എനിക്ക് പെണ്‍കുട്ടികളോടും പറയാനുള്ളത്. വളരെ നോര്‍മലായ കഥാപാത്രങ്ങള്‍ ചെയ്യാനാണ് എനിക്കിഷ്ടം. കാരണം അത്രയും നോര്‍മലായ ആള്‍ക്ക് പോലും എത്രയോ പ്രശ്‌നങ്ങളുണ്ടായിരിക്കും. സോയ എന്ന കഥാപാത്രത്തിനോടുള്ള എന്റെ ഇഷ്ടം അതാണ്'... സോനം കൂട്ടിച്ചേര്‍ക്കുന്നു.