കുഞ്ഞുമകള്‍ക്കൊപ്പം ജീവിക്കാന്‍ കാറ് വീടാക്കി ഡിസയര്‍
ചെറിയൊരു കിടക്ക, തുണി വിരിക്കാനുള്ള ഹാങ്ങര്‍, കൂളര്‍ ബാഗ്, കുഷ്യന്‍സ് എന്നിവയെല്ലാമുണ്ട് കാര്‍ മുറിയില്‍...
ലണ്ടന്‍: തന്‍റെ കുഞ്ഞുമകളെ ചേര്‍ത്തുപിടിച്ച് ജീവിക്കാന്‍ വേണ്ടി പുതുവഴി തേടുകയാണ് 27കാരിയായ ഡിസയര്‍ സിപ്രിയന്‍. മറ്റാരും സഞ്ചരിച്ചിട്ടില്ലാത്ത വഴികളിലൂടെ, എന്നാല്‍ ആരുകേട്ടാലും പ്രശംസിക്കുന്നതാണ് ഡിസയറിന്‍റെ ബിസിനിസ്.
ജീവിക്കാന്‍ ഒരു വഴി ആലോചിച്ച ഡിസയറിന് മുന്നില്‍ തെളിഞ്ഞത് സ്വന്തം കാറുതന്നെയാണ്. ആ കാറിനെ ഡിസൈര്‍ ഒരു ചെറിയ മുറിയാക്കി മാറ്റി. യുകെ കാണാനെത്തുന്നവര്‍ക്ക് കുറഞ്ഞ ചെലവില്‍ ഈ കാര്‍ മുറിയില്‍ താമസിക്കാം. 693 രൂപ (എട്ട് ബ്രിട്ടീഷ് പൗണ്ട് ) ആണ് ഡിസയറിന്‍റെ കാര്‍ മുറിയില്‍ താമസിക്കാനുള്ള ചെലവ്.
ചെറിയൊരു കിടക്ക, തുണി വിരിക്കാനുള്ള ഹാങ്ങര്‍, കൂളര്‍ ബാഗ്, കുഷ്യന്‍സ് എന്നിവയെല്ലാമുണ്ട് കാര്‍ മുറിയില്‍. ആളുകളുടെ സ്വകാര്യതയ്ക്കായി കാറിന്‍റെ ജനാലകള്‍ മറയ്ക്കാനുള്ള സ്വകര്യവും വിന്‍റ്ഷീല്‍ഡും പിടിപ്പിച്ചിട്ടുണ്ട്.
അതിഥികള്‍ക്കായി പുറത്ത് ചെറിയൊരു യൂറോപ്യന്‍ ടോയ്ലറ്റുമുണ്ട്. എല്ലാ അര്‍ത്ഥത്തിലും സ്വകാര്യത സൂക്ഷിക്കാവുന്നതാണ് ഈ ടോയ്ലറ്റ്. അതിഥികള്‍ക്ക് വാഹനത്തിന്‍റെ താക്കോല്‍ നല്‍കി പോകുമ്പോള്‍ അവര്‍ കാറെടുത്ത് സ്ഥലം വിടാതിരിക്കാനുള്ള സംവിധാനവും ഡിസയര്‍ കാറില്‍ ചെയ്തുവച്ചിട്ടുണ്ട്.
ഇപ്പോള്‍ ചെറിയവരുമാനവും മകള്‍ക്കൊപ്പം സന്തോഷമുള്ള ജീവിതവുമുണ്ടെന്ന് പറയുന്നു ഡിസയര്‍. ആരുമില്ലാതെ ഒറ്റക്കായപ്പോള്‍ എങ്ങനെ സ്വന്തം കാലില്‍ ജീവിക്കുമെന്ന ഭയമുണ്ടായിരുന്നു. എന്നാല്‍ സ്വന്തം വഴി തെരഞ്ഞെടുത്തതോടെ എല്ലാം ശുഭമായി തുടരുന്നുവെന്നും ഡിസയര്‍ പറയുന്നു.