തേപ്പും പെണ്ണും; പെണ്ണിന് തേപ്പുകാരി പട്ടം ചാര്‍ത്തുന്നവരോട്, കുറിപ്പ് വെെറലാകുന്നു
തേപ്പുകാരി എന്ന ലേബൽ പെണ്ണിന് കൽപ്പിച്ച് നൽകുന്ന ദുഷ്ചിന്തകൾക്കെതിരെ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ശില്‍പ നിരവില്‍പുഴ എന്ന യുവ എഴുത്തുകാരി.
തേപ്പും പെണ്ണും ഈ രണ്ട് വാക്കുകൾ ഇന്ന് പ്രണയബന്ധത്തില്‍ ട്രെന്റായി മാറിയിരിക്കുകയാണ്. പ്രണയം നിരസിക്കുന്നത് തേപ്പ്. ചേര്‍ച്ചയില്ലായ്മകളും പൊരുത്തക്കേടുകളും തിരിച്ചറിഞ്ഞ് ഉപേക്ഷിക്കുന്ന ബന്ധങ്ങളും തേപ്പായി മാറിയിരിക്കുകയാണ്. അടിയും വഴക്കുമായി തെറ്റിപ്പിരിഞ്ഞ പ്രണയങ്ങളും തേപ്പ്.
തേപ്പുകാരി എന്ന ലേബൽ പെണ്ണിന് കൽപ്പിച്ച് നൽകുന്ന ദുഷ്ചിന്തകൾക്കെതിരെ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ശില്‍പ നിരവില്‍പുഴ എന്ന യുവ എഴുത്തുകാരി. രണ്ട് ദിവസങ്ങൾക്ക് മുമ്പ് ശിൽപയിട്ട ഫേസ് ബുക്ക് പോസ്റ്റ് വെെറലായിരിക്കുകയാണ്.
തേച്ചിട്ടു പോയ കാമുകിമാര്‍ പ്രണയബന്ധത്തില്‍ ട്രെന്‍ഡ് ആണ് ഇപ്പോള്‍. ഇതില്‍ രസകരമായ വസ്തുത എന്താണെന്ന് വച്ചാല്‍ എല്ലാ തേപ്പിലും പ്രതിസ്ഥാനത്തു വരുന്നത് മിക്കപ്പോഴും സ്ത്രീകളാണ് എന്നുള്ളതാണ്. പ്രണയാഭ്യര്‍ത്ഥന നിരസിക്കുന്നത് തേപ്പായി തുടങ്ങി. ചേര്‍ച്ചയില്ലായ്മകളും പൊരുത്തക്കേടുകളും തിരിച്ചറിഞ്ഞ് ഉപേക്ഷിക്കുന്ന ബന്ധങ്ങളും തേപ്പായി മാറിയിരിക്കുകയാണെന്ന് ശിൽപ ഫേസ് ബുക്ക് പോസ്റ്റിൽ പറയുന്നു.
ശിൽപയുടെ ഫേസ് ബുക്ക് പോസ്റ്റ് താഴേ ചേർക്കുന്നു...
'തേപ്പും' പെണ്ണും
മലയാളികളുടെ ഒരു പൊതുസ്വഭാവം ഉണ്ട്. ഇടയ്ക്കിടെ കുറേ വാക്കുകള്‍ക്ക് പുതിയ കുറേ അര്‍ത്ഥങ്ങള്‍ കണ്ടുപിടിക്കും.പിന്നെ കാണുന്ന ഇടങ്ങളിലൊക്കെ തോന്നുന്നത് പോലെ ഈ വാക്ക് ഇങ്ങനെ കുത്തിത്തിരുകും.എന്താണെന്നോ ഏതാണെന്നോ ഒന്നുമറിയില്ല.വെറുതെ ഒരഭിപ്രായപ്രകടനം,അത് വഴി കിട്ടുന്ന മനസ്സുഖം ഒന്ന് വേറെയാണല്ലോ.അങ്ങനെ കണ്ടുപിടിച്ച ഒന്നാണ് 'തേപ്പ്'.
തേച്ചിട്ടു പോയ കാമുകിമാര്‍ പ്രണയബന്ധത്തില്‍ ട്രെന്‍ഡ് ആണ് ഇപ്പോള്‍.ഇതില്‍ രസകരമായ വസ്തുത എന്താണെന്ന് വച്ചാല്‍ എല്ലാ തേപ്പിലും പ്രതിസ്ഥാനത്തു വരുന്നത് മിക്കപ്പോഴും സ്ത്രീകളാണ് എന്നുള്ളതാണ്.
പ്രണയാഭ്യര്‍ത്ഥന നിരസിക്കുന്നത് തേപ്പായി തുടങ്ങി. ചേര്‍ച്ചയില്ലായ്മകളും പൊരുത്തക്കേടുകളും തിരിച്ചറിഞ്ഞ് ഉപേക്ഷിക്കുന്ന ബന്ധങ്ങളും തേപ്പായി മാറി.എന്തിനേറെ പറയുന്നു, നിരന്തരം അടിയും വഴക്കുമായി തെറ്റിപ്പിരിഞ്ഞ പ്രണയങ്ങളും തേപ്പ് എന്ന് മുദ്രകുത്തപ്പെട്ടു തുടങ്ങി.ഇത് പറയേണ്ടി വരുന്നത് തന്നെ അതിഭീകരമാം വിധം വളര്‍ന്ന ഈ പ്രവണത നേരിട്ട് കാണുന്നത് കൊണ്ട് തന്നെയാണ്.
ഈ അടുത്തായി നടന്ന ഒട്ടനവധി പെട്രോള്‍, ആസിഡ് ആക്രമണങ്ങളും, ക്രൂരമായ കത്തിക്കുത്തും കൊലപാതകങ്ങളും മനസ്സാക്ഷി ഉള്ളവരുടെ നെഞ്ചില്‍ നിന്ന് മാഞ്ഞിട്ടുണ്ടാവില്ല.പ്രമുഖ ന്യൂസ് ചാനലുകളുടെ ഒഫീഷ്യല്‍ പേജില്‍ വന്ന ഈ വാര്‍ത്തകള്‍ക്കു കീഴെ സമ്ബൂര്‍ണ സാക്ഷരതയും പറഞ്ഞു നടക്കുന്ന ശ്യാമസുന്ദര മനോഹരമായ കേരളത്തിലെ പ്രബുദ്ധരായ മലയാളികള്‍ വിസര്‍ജ്ജിച്ച കമന്റുകള്‍ ആണ് താഴെ സ്ക്രീന്‍ഷോട്ടുകളായി ചേര്‍ത്തിരിക്കുന്നത്.
ബോധപൂര്‍വം തന്നെയാണ് ആള്‍ക്കാരുടെ പേര് മറച്ചിരിക്കുന്നത്, കാരണം ഈ ഒരു ചിന്താധാര ഈ കാണിച്ചിരിക്കുന്ന 3ഓ 4ഓ പേരില്‍ ഒതുങ്ങിനില്‍ക്കുന്ന ഒന്നല്ല.അതൊരു മാറാരോഗം എന്നോണം പടര്‍ന്നു പിടിച്ചിട്ടുണ്ട് എന്നതാണ് വസ്തുത.ഈ കമന്റ് ചെയ്തിരിക്കുന്നവരൊന്നും ആക്രമണത്തിനിരയായ പെണ്‍കുട്ടിയെയോ പ്രതിയെയോ (പ്രതി എന്നു തന്നെ വിളിക്കുന്നു) നേരിട്ട് അറിയാവുന്നവരല്ല.
പക്ഷേ അവര്‍ സ്വയം വിധി എഴുതിക്കഴിഞ്ഞു അല്ലെങ്കില്‍ തീരുമാനം എടുത്തുകഴിഞ്ഞു, പെണ്ണ് അവനെ തേച്ചിട്ടു പോയതാണെന്ന്.സ്വഭാവ വൈകൃതമായി മാത്രമേ ഇതിനെ ഒക്കെ കാണാന്‍ കഴിയുന്നുള്ളൂ. ഏറ്റവും മോശം അവസ്ഥയില്‍ ഈ പെണ്‍കുട്ടി അവനെ ഉപേക്ഷിച്ചത് തന്നെ ആണ് എന്നിരിക്കട്ടെ, 20 കുത്തുകള്‍ കുത്തിയ അവനെ പോലൊരു മൃഗത്തെ (മനുഷ്യന്‍ എന്ന് വിളിക്കാന്‍ പ്രയാസമുണ്ട്) അവള്‍ ഉപേക്ഷിച്ചതില്‍ എന്ത് തെറ്റാണ് ചൂണ്ടിക്കാണിക്കാന്‍ കഴിയുക. പ്രേമിച്ചവളുടെ മുഖത്ത് ആസിഡ് ഒഴിക്കാനും പെട്രോള്‍ ഒഴിച്ചു കത്തിക്കാനും മടിക്കാത്ത ഒരുത്തന്റെ സ്വഭാവ വൈകൃതം അവള്‍ തിരിച്ചറിഞ്ഞ് വേണ്ട എന്ന് വച്ചിട്ടുണ്ടെങ്കില്‍ അതില്‍ എന്ത് തെറ്റാണുള്ളത്.
സ്വയം ശിക്ഷ വിധിക്കാനുള്ള അനുമതി ആരാണ് ഇവന്മാര്‍ക്കൊക്കെ കൊടുത്തിട്ടുള്ളത്?പലരും ഇക്കൂട്ടരോട് തിരിച്ചു ചോദിക്കുന്നത് കണ്ടു.'ഇതേ അവസ്ഥ താങ്കളുടെ അമ്മക്കോ പെങ്ങള്‍ക്കോ ആണ് വന്നതെങ്കിലോ' എന്ന്. ഇങ്ങനെയുള്ളവര്‍ക്കൊക്കെ എന്തമ്മ, എന്ത് പെങ്ങള്‍.പെണ്ണ് എന്നാല്‍ ഇവര്‍ക്കൊക്കെ ഒരൊറ്റ നിര്‍വചനമേ ഉള്ളൂ.അടക്കവും ഒതുക്കവും ഉള്ള, സ്വന്തമായി അഭിപ്രായങ്ങളോ നിലപാടുകളോ ഇല്ലാത്ത, ആണിന്റെ ചൊല്‍പ്പടിക്ക് നില്‍ക്കുന്ന മരപ്പാവകള്‍.
അതിനപ്പുറത്തേക്ക് അവര്‍ക്ക് അവരുടേതായ വ്യക്തിത്വം ഉണ്ടെന്ന് ഇക്കൂട്ടര്‍ സമ്മതിച്ചു തരില്ല.അതുകൊണ്ട് തന്നെ ഇവരെ സംബന്ധിച്ചിടത്തോളം എവിടെ എന്ത് കണ്ടാലും അത് പെണ്ണിന്റെ തേപ്പ് ആണ്. ഈ 'തേപ്പ്' വിളി ഊട്ടിയുറപ്പിക്കുന്നതില്‍ വലിയ സ്വാധീനം ചെലുത്തിയവയാണ് നമ്മുടെ പല short filmകളും സിനിമകളും.
സോഷ്യല്‍ മീഡിയ ഉടനീളം 'തേച്ചിട്ടുപോയ പെണ്ണിന് കൊടുത്ത മുട്ടന്‍ പണി' തുടങ്ങിയ തലക്കെട്ടുകളില്‍ പ്രചരിക്കുന്ന തരംതാണ വീഡിയോകള്‍ അത്യധികം അഭിമാനത്തോടെ ഊറ്റം കൊണ്ട് share ബട്ടണ്‍ പ്രസ്സ് ചെയുമ്പോള്‍ ഒരിക്കലെങ്കിലും അവ എന്താണ് പറഞ്ഞുവക്കുന്നതെന്നും അതില്‍ നിന്നെന്താണ് സമൂഹത്തിന് കൊടുക്കുന്ന സന്ദേശമെന്നും ഒന്ന് ചിന്തിച്ചുനോക്കണം.
മേല്‍പ്പറഞ്ഞ സ്വഭാവ വൈകൃതത്തെ പ്രോത്സാഹിപ്പിക്കാന്‍ നിങ്ങളും അറിഞ്ഞോ അറിയാതെയോ ഒരു കാരണമാവുകയാണ്.പഴകിപ്പൊളിഞ്ഞു പൊട്ടിയൊലിക്കുന്ന ആണ്‍ മേല്‍ക്കോയ്മകളുടെ കണ്ണില്‍ നോക്കുമ്ബോള്‍ നിങ്ങള്‍ക്കെന്നും ശരിയും സഹതാപവും ഒക്കെ പുരുഷന്റെ പക്ഷത്തും, തേപ്പും ചതിയും എന്നും സ്ത്രീയുടെ പക്ഷത്തുമായിരിക്കും.
കാരണം അവള്‍ ദേവി ആണ്, അമ്മ ആണ്, മണ്ണാങ്കട്ട ആണ്.പൂമുഖവാതില്‍ക്കല്‍ സ്നേഹം വിടര്‍ത്തുന്ന പൂന്തിങ്കളാവുന്ന ഭാര്യ ആണ്.അതിനപ്പുറത്തേക്ക് അവള്‍ നിങ്ങളെ പോലെ ചിന്തിക്കാനും പ്രവര്‍ത്തിക്കാനും ശേഷിയുള്ള ഒരു മനുഷ്യജീവി ആണ് എന്ന് മാറ്റിപ്പറയാന്‍ നിങ്ങളനുഭവിച്ചു പോരുന്ന പ്രിവിലേജുകള്‍ നിങ്ങളെ അനുവദിക്കില്ല.
ഇനിയെങ്കിലും ദയവ് ചെയ്ത് ആരാധിച്ചും പൂജിച്ചും അവളെ ശ്രീകോവിലില്‍ അടച്ചിട്ട് വീര്‍പ്പുമുട്ടിക്കാതിരുന്നാലും.പറ്റുമെങ്കില്‍ സഹജീവിയോട് തോന്നുന്ന പരിഗണനയും ബഹുമാനവും മാത്രം നല്‍കുക.ഇല്ലെങ്കില്‍ സ്വന്തം കാര്യം നോക്കി ജീവിക്കുക, ഒന്നിലും തലയിടാതിരിക്കുക.
സെറ്റുസാരി ഉടുത്ത് തുളസിക്കതിരു വച്ച് അടുക്കളയില്‍ മാത്രം ഒതുങ്ങിക്കൂടിയ സ്ത്രീ സങ്കല്പങ്ങള്‍ നിങ്ങളിനിയും സ്വപ്നം കണ്ടുകൊള്ളൂ. അതിനനുസരിച്ച വസ്ത്രധാരണ രീതി പിന്‍തുടരാത്തവരെ, ശബ്ദമുയര്‍ത്തുന്നവരെ, വിരല്‍ ചൂണ്ടുന്നവരെ 'വെടി','പടക്കം' എന്നൊക്കെ വിളിച്ച് ചൊറി തീര്‍ത്തോളൂ. അതല്ലാതെ അതില്‍ക്കൂടുതലൊന്നും നിങ്ങളില്‍ നിന്നും പ്രതീക്ഷിക്കുന്നില്ല.
ഒന്ന് മാത്രം പറയാം, നിങ്ങളുടെ തരംതാണ ഫ്രസ്‌ട്രേഷന്‍ വിസര്‍ജിച്ചു തള്ളാനും വ്യക്തിഹത്യ നടത്താനുമുള്ള ഇടമല്ല സോഷ്യല്‍ മാധ്യമങ്ങള്‍.ലോകമെമ്ബാടും നിമിഷനേരം കൊണ്ട് പ്രചരിക്കുന്ന, സമൂഹത്തിനോട് സംവദിക്കാന്‍ ഇടയില്‍ നില്‍ക്കുന്ന ഒരു വേദി ആണ്.കാലം മുന്നോട്ട് തന്നെയാണ് സഞ്ചരിക്കുന്നത്, ഇതിന് മറുപടി പറയാന്‍ തക്ക ശേഷിയുള്ള വിവരവും വിവേകവുമുള്ള ഒരു കൂട്ടരും വളര്‍ന്നു വരുന്നുണ്ട്. നിങ്ങളെന്തു മാത്രം കൊട്ടിഘോഷിച്ചാലും നാളെകള്‍ അവള്‍ക്കു കൂടി വേണ്ടിയുള്ളവ ആണ്.അതവളും ജീവിക്കുക തന്നെ ചെയ്യും, അല്ല പൊരുതുക തന്നെ ചെയ്യും...