'കൊവിഡിനോട് പോരാടാന്‍ സ്ത്രീകളെ സഹായിക്കുന്നത് സെക്സ് ഹോര്‍മോണുകള്‍'

അമേരിക്കയില്‍ നിന്നുള്ള ഒരുകൂട്ടം ഗവേഷകരാണ് ഈ പഠനത്തിന് പിന്നില്‍. സ്ത്രീകളില്‍ കൊവിഡ് 19 രൂക്ഷമാകാതിരിക്കുന്നതിന്റെ കാരണം, അവരുടെ സെക്സ് ഹോര്‍മോണായ 'ഈസ്ട്രജന്‍' ആണെന്ന് സ്ഥിരീകരിക്കുകയാണ് ഈ പഠനം. 'കറന്റ് ഹൈപ്പര്‍ടെന്‍ഷന്‍ റിപ്പോര്‍ട്ട്സ്' എന്ന ആരോഗ്യ പ്രസിദ്ധീകരണത്തിലാണ് ഇത് സംബന്ധിച്ച വിശദാംശങ്ങള്‍ വന്നത്

sex hormones helps women to fight against covid 19

കൊവിഡ് 19 സ്ത്രീകളെ അപേക്ഷിച്ച് ഏറ്റവുമധികം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതും, രോഗം ഗുരുതരമാകുന്നതും, മരണനിരക്കുമെല്ലാം പുരുഷന്മാരിലാണ് എന്നത് നേരത്തേ തന്നെ വ്യക്തമായ വസ്തുതയാണ്. പല കാരണങ്ങളാണ് ഇതില്‍ ചൂണ്ടിക്കാട്ടപ്പെടുന്നത്. ഈ വിഷയവുമായി ബന്ധപ്പെട്ട് വന്ന പുതിയൊരു പഠനറിപ്പോര്‍ട്ടാണ് ഇപ്പോള്‍ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. 

അമേരിക്കയില്‍ നിന്നുള്ള ഒരുകൂട്ടം ഗവേഷകരാണ് ഈ പഠനത്തിന് പിന്നില്‍. സ്ത്രീകളില്‍ കൊവിഡ് 19 രൂക്ഷമാകാതിരിക്കുന്നതിന്റെ കാരണം, അവരുടെ സെക്സ് ഹോര്‍മോണായ 'ഈസ്ട്രജന്‍' ആണെന്ന് സ്ഥിരീകരിക്കുകയാണ് ഈ പഠനം. 'കറന്റ് ഹൈപ്പര്‍ടെന്‍ഷന്‍ റിപ്പോര്‍ട്ട്സ്' എന്ന ആരോഗ്യ പ്രസിദ്ധീകരണത്തിലാണ് ഇത് സംബന്ധിച്ച വിശദാംശങ്ങള്‍ വന്നത്.

കൊവിഡ് പിടിപെട്ടാലും സ്ത്രീകളില്‍ അത് ഗുരുതരമാകാതെ പോകുന്നതിന്, ലൈംഗിക- പ്രത്യുത്പാദന പ്രക്രിയകള്‍ക്ക് സഹായിക്കുന്ന 'ഈസ്ട്രജന്‍' ഹോര്‍മോണ്‍ ആണെന്നും, പ്രധാനമായും കൊവിഡ് 19, ഹൃദയത്തെ ബാധിക്കുന്നതില്‍ നിന്നാണ് ഇത് സ്ത്രീകളെ കാക്കുന്നതെന്നും പഠനം വിശദീകരിക്കുന്നു. 

'കൊവിഡ് 19 ഹൃദയത്തിന്റെ നിലനില്‍പിനെ ബാധിക്കുന്നതായി നാം കണ്ടുകഴിഞ്ഞു. എന്നാല്‍ ഈസ്ട്രജന്‍, ഹൃദയവുമായി ബന്ധപ്പെട്ട് ഉണ്ടാകാനിടയുള്ള പ്രശ്നങ്ങളില്‍ നിന്ന് എപ്പോഴും സ്ത്രീകളെ സുരക്ഷിതരാക്കുന്നുണ്ട്. കോശങ്ങള്‍ക്ക് പുറത്ത് കാണപ്പെടുന്ന ACE2 എന്ന പ്രോട്ടീനിലൂടെയാണ് കൊറോണ വൈറസ് കോശങ്ങള്‍ക്കകത്തേക്ക് കയറിപ്പറ്റുന്നത്. എന്നാല്‍, ഹൃദയകോശങ്ങളിലുള്ള ACE2 ലെവല്‍, ഈസ്ട്രജന്‍ കുറയ്ക്കുന്നു എന്നതിനാല്‍ വൈറസിന് കടന്നുചെല്ലാനുള്ള സാധ്യതകളും കുറയുകയാണ്. ഇതോടെ കൊവിഡ് 19 രോഗം ബാധിച്ചാലും അത് ഗുരുതരമാകാനുള്ള സാധ്യതകളില്‍ നിന്ന് സ്ത്രീകള്‍ വലിയൊരു പരിധി വരെ രക്ഷപ്പെടുന്നു...'- പഠനത്തിന് നേതൃത്വം നല്‍കിയ ഗവേഷകന്‍ ലീന്‍ ഗ്രോബന്‍ പറയുന്നു. 

പുരുഷന്മാരിലാണെങ്കില്‍ കോശങ്ങളിലുള്ള ACE2 തോത് കൂടുതലാണെന്നും അതുകൊണ്ടാകാം അവരില്‍ കൊവിഡ് 19 ഗുരുതരമാകുന്നതെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. ഇതോടൊപ്പം തന്നെ പുരുഷന്മാരുടെ ജീവിതരീതി (പുകവലി- മദ്യപാനം), ആന്തരീകമായ രോഗപ്രതിരോധ ശക്തിയുടെ കുറവ് എന്നിവയും അവരില്‍ കൊവിഡ് ശക്തമാകാന്‍ കാരണമാകുന്നതായും പഠനം പറയുന്നു.

Also Read:- കൊവിഡ് വ്യാപനം തടയാന്‍ മലം പരിശോധന; പരീക്ഷണം വിജയമെന്ന് അവകാശവാദം...

Latest Videos
Follow Us:
Download App:
  • android
  • ios