അമിതമായ ബ്ലീഡിംഗ്, അസ്വസ്ഥത; ആര്‍ത്തവപ്രശ്‌നങ്ങള്‍ക്ക് ആശ്വാസമേകുന്ന ഡയറ്റ് ടിപ്
ഒമേഗ-3 ഫാറ്റി ആസിഡുകള്‍, അയേണ്‍, മഗ്നീഷ്യം, സിങ്ക് തുടങ്ങി ശരീരത്തിനാവശ്യമായ പല ഘടകങ്ങളുടെയും സ്രോതസാണ് സീഡ്‌സ്. ഇവ റോസ്റ്റ് ചെയ്‌തോ, പൊടിയാക്കിയോ, അല്ലെങ്കില്‍ രാത്രി മുഴുവന്‍ വെള്ളത്തില്‍ കുതിര്‍ത്തുവച്ചോ ഒക്കെ കഴിക്കാവുന്നതാണ്
ആര്‍ത്തവ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് പരാതിപ്പെടുന്ന സ്ത്രീകള്‍ നിരവധിയാണ്. മോശം ജീവിതരീതികളുടെ സ്വാധീനത്താല്‍ സ്ത്രീകളില്‍ ഇത്തരം പ്രശ്‌നങ്ങള്‍ വര്‍ധിച്ചുവരികയാണെന്നാണ് പഠനങ്ങളത്രയും സൂചിപ്പിക്കുന്നത്. ഡയറ്റിലെ പോരായ്ക, വ്യായാമമില്ലായ്മ, വിശ്രമമില്ലായ്മ, മാനസിക സമ്മര്‍ദ്ദം തുടങ്ങിയ പ്രശ്‌നങ്ങളാണ് അധികവും സ്ത്രീകളില്‍ ആര്‍ത്തവക്രമക്കേടുകള്‍ക്കും അസ്വസ്ഥതകള്‍ക്കും കാരണമാകുന്നത്.
ജീവിതരീതികളില്‍ പല മാറ്റങ്ങള്‍ കൊണ്ടുവരുന്നതിലൂടെ വലിയ പരിധി വരെ ആര്‍ത്തവപ്രശ്‌നങ്ങള്‍ ലഘൂകരിക്കാനും അകറ്റിനിര്‍ത്താനും സ്ത്രീകള്‍ക്ക് കഴിയും. ഇതിന് സഹായകമാകുന്ന, വളരെ ലളിതമായൊരു ഡയറ്റ് ടിപ് പങ്കുവയ്ക്കകയാണ് പ്രമുഖ ന്യൂട്രീഷ്യനിസ്റ്റ് പൂജ മഖിജ.
മുന്‍കാലങ്ങളെ അപേക്ഷിച്ച് സീഡ്‌സ് (വിത്തുകള്‍) പതിവായി കഴിക്കുന്നവര്‍ ഇന്ന് ധാരാളമാണ്. ഇവയുടെ എണ്ണമറ്റ ആരോഗ്യഗുണങ്ങളെ കുറിച്ച് കാര്യമായ അവബോധം ആളുകളിലുണ്ടായിട്ടുണ്ട് എന്നതാണ് ഇത് തെളിയിക്കുന്നത്. സീഡ്‌സ് ഉപയോഗിച്ച് തന്നെയാണ് പൂജയും ആര്‍ത്തവപ്രശ്‌നങ്ങള്‍ നേരിടാനുള്ള മാര്‍ഗം നിര്‍ദേശിക്കുന്നത്.
നാല് തരം സീഡ്‌സ് ആണ് ഇതിനായി തെരഞ്ഞെടുക്കേണ്ടത്. മത്തന്‍ സീഡ്, ഫ്‌ളാക്‌സ് സീഡ്, എള്ള്, സൂര്യകാന്തി സീഡ് എന്നിവയാണ് വേണ്ടത്. ഇത് രണ്ട് ഘട്ടങ്ങളിലായി കഴിക്കുകയാണ് വേണ്ടത്.
പ്രധാനമായും ഹോര്‍മോണ്‍ വ്യതിയാനമാണ് ആര്‍ത്തവവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത്. ഈസ്‌ട്രൊജന്‍, പ്രൊജസ്‌ട്രോണ്‍ എന്നീ ഹോര്‍മോണുകളാണ് ഇതില്‍ തന്നെ സുപ്രധാനമായ പങ്ക് വഹിക്കുന്നത്. ഇവയുടെ സന്തുലിതാവസ്ഥ കാത്തുസൂക്ഷിക്കാനാണ് ഈ നാല് സീഡ്‌സും രണ്ട് ഘട്ടങ്ങളിലായി കഴിക്കാന്‍ ആവശ്യപ്പെടുന്നത്. ഇനി ഇതെങ്ങനെയാണ് ചെയ്യേണ്ടതെന്ന് മനസിലാക്കാം.
ആര്‍ത്തവത്തിന്റെ ആദ്യ ദിവസം മുതല്‍ പതിനഞ്ചാം ദിവസം വരെ പതിവായി രണ്ട് ടീസ്പൂണ്‍ വീതം മത്തന്‍ സീഡും ഫ്‌ളാക്‌സ് സീഡും കഴിക്കുക. ഈ സമയങ്ങളിലേക്കാവശ്യമായ ഈസ്ട്രജന്‍ ഹോര്‍മോണ്‍ അളവിനെ പിടിച്ചുനിര്‍ത്താന്‍ ഇവ സഹായിക്കുന്നു.
രണ്ടാം ഘട്ടത്തില്‍ പതിനഞ്ചാം ദിവസം മുതല്‍ ഇരുപത്തെട്ട് വരെയുള്ള സമയത്ത് പതിവായി രണ്ട് ടീസ്പൂണ്‍ വീതം എള്ളും സൂര്യകാന്തി വിത്തും കഴിക്കണം. കാരണം ഈ സമയത്ത് പ്രൊജസ്‌ട്രോണ്‍ അളവാണ് കൂടുതല്‍ വേണ്ടത്. അതിന് ഇവ സഹായകമാണ്. 'സീഡ് സൈക്ലിംഗ്' എന്നാണ് വിത്തുകളുപയോഗിച്ചുള്ള ഈ ഡയറ്റ് രീതിയെ വിശേഷിപ്പിക്കുന്നത്. ആര്‍ത്തവ പ്രശ്‌നങ്ങള്‍ മാത്രമല്ല, മറ്റനേകം ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനും സീഡ്‌സ് ഡയറ്റിലുള്‍പ്പെടുത്തുന്നത് കൊണ്ട് സാധിക്കും.
ഒമേഗ-3 ഫാറ്റി ആസിഡുകള്‍, അയേണ്‍, മഗ്നീഷ്യം, സിങ്ക് തുടങ്ങി ശരീരത്തിനാവശ്യമായ പല ഘടകങ്ങളുടെയും സ്രോതസാണ് സീഡ്‌സ്. ഇവ റോസ്റ്റ് ചെയ്‌തോ, പൊടിയാക്കിയോ, അല്ലെങ്കില്‍ രാത്രി മുഴുവന്‍ വെള്ളത്തില്‍ കുതിര്‍ത്തുവച്ചോ ഒക്കെ കഴിക്കാവുന്നതാണെന്നും പൂജ മഖിജ പറയുന്നു.
Also Read:- സ്ത്രീകൾ നിർബന്ധമായും ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട അഞ്ച് ഭക്ഷണങ്ങൾ...