'ആദ്യം തെറി വിളിച്ചതും കയ്യേറ്റം ചെയ്തതും അയാള്‍'; പ്രതികരണവുമായി ഭാഗ്യലക്ഷ്മിയും ദിയ സനയും ശ്രീലക്ഷ്മിയും

യൂട്യൂബ് ചാനലിലൂടെ വീഡിയോകള്‍ ചെയ്ത ഡോ. വിജയ് പി നായര്‍ക്കെതിരെയായിരുന്നു മൂവരുടേയും ശക്തമായ പ്രതികരണം. ഇദ്ദേഹത്തിനെതിരെ കരി ഓയില്‍ പ്രയോഗം നടത്തുന്നതും കയ്യേറ്റം ചെയ്യുന്നതുമാണ് വീഡിയോയിലുള്ളത്

response of bhagyalakshmi and diya sana on viral video

തിരുവനന്തപുരം: യുട്യൂബ് ചാനലിലൂടെ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളുമായി വീഡിയോ ചെയ്തയാളെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയും, ആക്ടിവിസ്റ്റ് ദിയ സനയും, ആക്ടിവിസ്റ്റും അധ്യാപികയുമായ ശ്രീലക്ഷ്മി അറയ്ക്കലും. ഏതാനും മണിക്കൂറുകള്‍ക്ക് മുമ്പാണ് സോഷ്യല്‍ മീഡിയയെ ആകെ ഇളക്കിമറിച്ച ലൈവ് വീഡിയോ പുറത്തുവന്നത്. 

യൂട്യൂബ് ചാനലിലൂടെ വീഡിയോകള്‍ ചെയ്ത ഡോ. വിജയ് പി നായര്‍ക്കെതിരെയായിരുന്നു മൂവരുടേയും ശക്തമായ പ്രതികരണം. ഇദ്ദേഹത്തിനെതിരെ കരി ഓയില്‍ പ്രയോഗം നടത്തുന്നതും കയ്യേറ്റം ചെയ്യുന്നതുമാണ് വീഡിയോയിലുള്ളത്. 

എന്നാല്‍ മാന്യമായി പ്രശ്‌നങ്ങള്‍ സംസാരിച്ചറിയാന്‍ ഡോക്ടറുടെ ഓഫീസിലെത്തിയ തങ്ങളെ കേട്ടാല്‍ അറയ്ക്കുന്ന അസഭ്യം ആദ്യം വിളിച്ചതും കയ്യേറ്റം ചെയ്തതും ഡോക്ടറാണെന്നാണ് ദിയ സന വിശദീകരിക്കുന്നത്. 

'പല സ്ത്രീകളെ കുറിച്ചും മോശമായ പരാമര്‍ശങ്ങള്‍ തന്റെ ചാനലിലൂടെ നിരന്തരം നടത്തിയ ആളാണ് ഇദ്ദേഹം. ഞങ്ങള്‍ മൂന്ന് പേരും കൂടി അദ്ദേഹത്തോട് അതെക്കുറിച്ച് സംസാരിക്കുന്നതിന് വേണ്ടിയാണ് ഓഫീസിലേക്ക് ചെന്നത്. ഞാനൊരു ആക്ടിവിസ്റ്റ് കൂടിയാണ്. സമൂഹത്തിലെ ഇത്തരം പ്രശ്‌നങ്ങളിലെല്ലാം സജീവമായിത്തന്നെ ഇടപെടുന്നൊരാളാണ്. ആ നിലക്ക് കൂടിയാണ് ഞാനിതിനെ സമീപിച്ചിരുന്നത്. എന്നാല്‍ ഞങ്ങളെ കേള്‍ക്കാനുള്ള ക്ഷമ കാണിക്കാതെ ഞങ്ങളെ തെറി വിളിക്കുകയും ബലമായി പിടിച്ച് പുറത്താക്കാന്‍ ശ്രമിക്കുകയും ചെയ്തത് അദ്ദേഹമാണ്. കയ്യില്‍ക്കയറി പിടിച്ചപ്പോഴാണ് തിരിച്ച് അടിച്ചത്. പിന്നെ അദ്ദേഹത്തിന്‍റെ ദേഹത്ത് ഒഴിച്ചത് കരി ഓയിലല്ല, മഷിയാണ്. അത് ശ്രീലക്ഷ്മിയുടെ കയ്യിലുണ്ടായിരുന്നതാണ്. അവർ ഒരധ്യാപികയാണ് ..'- ദിയ പറയുന്നു. 

ആകെയും സ്ത്രീകള്‍ക്ക് വേണ്ടിയാണ് തങ്ങള്‍ പ്രതികരിച്ചതെന്നും അതിന്റെ ഭാവി ഭവിഷ്യത്തുകള്‍ എന്തുതന്നെയാണെങ്കിലും സധൈര്യം നേരിടുമെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. 

'സഹിക്കാനാകാത്ത അവസ്ഥയില്‍ നിന്നോണ്ട് പ്രതികരിച്ചത് എന്നല്ല പറയേണ്ടത്, സഹിക്കാനാകാത്ത അവസ്ഥയിലൊക്കെ എന്നേ ആയതാണ്. ഇനി ഇതിന്റെ പേരില്‍ എന്ത് പ്രശ്‌നം വന്നാലും ഞങ്ങളത് നേരിടും, കാരണം, ഇത്രയും കാലം കൊണ്ട് സോഷ്യല്‍ മീഡിയയിലും മറ്റുമായി ഞങ്ങളൊക്കെ നേരിട്ടിട്ടുള്ള ആക്രമണങ്ങളുടെ അനുഭവം ഉണ്ടല്ലോ, അതില്‍ നിന്ന് ഞങ്ങള്‍ക്കൊക്കെ സാമാന്യം തൊലിക്കട്ടിയായിട്ടുണ്ട്. ഇതിന്റെ പേരില്‍ വരുന്ന നിയമനടപടിയും ഞങ്ങള്‍ നേരിടും. അത് ഞങ്ങള്‍ക്ക് വേണ്ടി മാത്രമുള്ളതല്ല കേരളത്തിലാകെ ആകെ സ്ത്രീകള്‍ക്ക് വേണ്ടിയാണ്...

...ഇതുതന്നെ ഒരു പുരുഷന്‍ ചെയ്താ കയ്യടിക്കാന്‍ ആളുണ്ടാകും. പെണ്ണാണെങ്കില്‍, അവള്‍ക്ക് നേരെയുണ്ടാകുന്ന അതിക്രമങ്ങളില്‍ നേരിട്ട് പ്രതികരിക്കാന്‍ പാടില്ല എന്നതാണ്. അതിനും പുരുഷനെ ആശ്രയിക്കണം എന്നതാണ് അവസ്ഥ...'- ഭാഗ്യലക്ഷ്്മിയുടെ വാക്കുകള്‍. 

സൈബര്‍ സ്‌പെയ്‌സില്‍ സ്ത്രീകളുടെ മാനത്തിനും അവകാശത്തിനും വിലയില്ലെന്നും, അതെക്കുറിച്ച് പരാതിപ്പെട്ടാല്‍ കാര്യമായ നടപടി പോലും ഉണ്ടാകാറില്ലെന്നും ശ്രീലക്ഷ്മി പറയുന്നു. 

'ഞാന്‍ നിരന്തരം സൈബര്‍ അറ്റാക്ക് നേരിടുന്ന ഒരാളാണ്. എന്നെ അറിയാവുന്നവര്‍ക്കെല്ലാം അത് അറിയാം. പല തവണ സൈബര്‍ സെല്ലിലും അല്ലാതെയുമെല്ലാം പരാതി നല്‍കിയിട്ടുണ്ട്. പക്ഷേ അവിടെ നിന്നൊന്നും സമൂഹത്തിന് പേടിയോ ജാഗ്രതയോ തോന്നുന്ന തരത്തിലൊരു ഇടപെടലുണ്ടായിട്ടില്ല. ഈ കേസിലും ഞാന്‍ നേരത്തേ പരാതി നല്‍കിയതാണ്. ഒരു വ്യക്തി എന്ന നിലയില്‍ സമൂഹമധ്യത്തില്‍ നമ്മളെ അങ്ങേയറ്റം അപമാനിക്കുന്ന തരത്തിലാണ് ഇദ്ദേഹം വീഡിയോ ചെയ്തിട്ടുള്ളത്. ഇദ്ദേഹം മാത്രമല്ല, അത്തരത്തില്‍ സ്ത്രീകളെ അപമാനിക്കുകയും, അതുവഴി സാമ്പത്തിക ലാഭം ഉണ്ടാക്കുകയും ചെയ്യുന്നവര്‍ നിരവധിയുണ്ട്. ഇങ്ങനെയുള്ളവരിലൊന്നും ഒരു പേടിയും ഇല്ല. ആരും ചോദിക്കാനും പറയാനും വരില്ല എന്ന ഒരു ധൈര്യമാണ്. നാളെ ഈ സംഭവത്തിന്റെ പേരിലുണ്ടാകുന്ന എന്ത് വിഷയവും ഞങ്ങള്‍ നേരിടും. കാരണം ഇത് സത്രീകള്‍ക്ക് ആകെയും വേണ്ടി ചെയ്യുന്നതാണ്. അത് സ്ത്രീകള്‍ മനസിലാക്കുമെന്ന് തന്നെയാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നതും...'- ശ്രീലക്ഷ്മി പറയുന്നു. 

ഡോ. വിജയ് പി നായര്‍ക്കെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് ഇവരുടെ കൂട്ടായ തീരുമാനം. ഇതിനിടെ തങ്ങള്‍ക്കെതിരെ ഏതെങ്കിലും തരത്തിലുള്ള നടപടികളുണ്ടായാലും അതിനെ നേരിടാന്‍ മാനസികമായി തയ്യാറെടുത്തതായും ഇവര്‍ അറിയിക്കുന്നു.

വിവാദമായ വീഡിയോ കാണാം...

"

Also Read:- സ്ത്രീകൾക്കെതിരെ അശ്ശീല പരാമര്‍ശം; മുഖത്തടിച്ച്, കരി ഓയിൽ പ്രയോഗം നടത്തി ഭാഗ്യലക്ഷ്മിയും ദിയ സനയും...

Latest Videos
Follow Us:
Download App:
  • android
  • ios