കമ്മലിന്‍റെ പരസ്യത്തില്‍ ശ്രവണ സഹായി ധരിച്ച മോഡല്‍; അഭിനന്ദനവുമായി സോഷ്യല്‍ മീഡിയ
ഇപ്പോഴിതാ ബ്രിട്ടീഷ് ഫാഷന്‍ ബ്രാന്‍ഡായ എയ്‌സോസിന്റെ പുതിയ ഇയര്‍ റിങ്ങ് പരസ്യവും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്.
പല ബ്രാൻഡുകളുടേയും പരസ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. അടുത്തിടെ ട്രാൻസ് വ്യക്തിയുടെ ജീവിതം പശ്ചാത്തലമാക്കി ഭീമ ജ്വല്ലറി ഒരുക്കിയ പരസ്യവും ജനശ്രദ്ധ നേടിരിയിരുന്നു. ഒരു ട്രാൻസ് വ്യക്തി തന്നെയായിരുന്നു പരസ്യത്തിന്‍റെ മോഡലും.
ഇപ്പോഴിതാ ബ്രിട്ടീഷ് ഫാഷന്‍ ബ്രാന്‍ഡായ എയ്‌സോസിന്റെ (ASOS) പുതിയ ഇയര്‍ റിങ്ങ് പരസ്യവും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്. മനോഹരമായ കമ്മലണിഞ്ഞ മോഡലിന്‍റെ ചെവിയിലെ ഹിയറിങ് എയിഡാണ് (ശ്രവണ സഹായി) പരസ്യം ശ്രദ്ധ നേടാന്‍ കാരണം. എല്ലാം തികഞ്ഞവരായി ആരും ഇല്ല എന്നും കുറവുകളെ ഒളിപ്പിക്കുകയല്ല ചെയ്യേണ്ടത് എന്നും കാതുകളെ മനോഹരമാക്കാന്‍ കേള്‍വി ശക്തിയില്ലാത്തവര്‍ക്കും അവകാശമുണ്ട് എന്നുമുള്ള സന്ദേശമാണ് ഈ പരസ്യത്തിലൂടെ നല്‍കുന്നത്.
നടാഷ ഗോരി എന്ന യുവതിയാണ് പരസ്യത്തിലെ മോഡല്‍. നടാഷയ്ക്ക് ജന്മനാ തന്നെ കേള്‍വിശക്തിയില്ല. മഷ്‌റൂം ഷേപ്പിലുള്ള ഡീറ്റെയ്ല്‍ഡ് ഡാംഗ്ലിങ്ങ് ഗോള്‍ഡന്‍ ഹൂപ്പാണ് നടാഷ ധരിച്ചിരിക്കുന്നത്. വില നാല് പൗണ്ട്. അതായത് ഏകദേശം 420 രൂപ.
നടാഷ തന്നെ പരസ്യത്തിന്‍റെ ചിത്രങ്ങള്‍ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കുകയും ചെയ്തു. നടാഷയുടെ ചിത്രങ്ങള്‍ക്ക് നിരവധിപ്പേരാണ് കമന്റുകളും ലൈക്കുകളുമായി എത്തിയത്. നടാഷ ഒരു പ്രചോദനമാണെന്നും ഞങ്ങളെപ്പോലുള്ളവരുടെ പ്രതിനിധിയായി നടാഷയെ കാണുന്നതില്‍ സന്തോഷമുണ്ടെന്ന് നിരവധി ആളുകള്‍ കമന്‍റ് ചെയ്തു. ആശംസകള്‍ക്കും അഭിനന്ദനങ്ങള്‍ക്കും നടാഷ തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ നന്ദിയും അറിയിക്കുന്നുണ്ട്.
Also Read: ഇത് സ്വർണത്തേക്കാൾ തിളക്കമുള്ള പരസ്യം; ഭീമയ്ക്ക് കയ്യടിച്ച് സോഷ്യൽ മീഡിയ...