ഇങ്ങനെയൊരു മുത്തശ്ശി വേണമെന്ന് ആരും കൊതിച്ചുപോകും; വൈറലായി കുറിപ്പ്...
മുത്തശ്ശിക്കൊപ്പമുള്ള ചിത്രവും യുവതി കുറിപ്പിനൊപ്പം പങ്കുവച്ചു. കുറിപ്പ് വൈറലായതോടെ നിരവധി പേർ പ്രതികരണവുമായി എത്തി.
പേരക്കുട്ടികൾക്ക് എപ്പോഴും പ്രിയപ്പെട്ടവരായിരിക്കും മുത്തശ്ശൻമാരും മുത്തശ്ശിമാരും. മുത്തശ്ശിമാര്‍ പറയുന്ന കെട്ടുകഥകള്‍ കേട്ടിരുന്ന ഒരു കുട്ടിക്കാലം നമ്മളില്‍ പലര്‍ക്കും ഉണ്ടാകാം. ഇപ്പോഴിതാ ഒരു മുത്തശ്ശിയുടെയും പേരക്കുട്ടിയുടെയും മനോഹരമായ ബന്ധം സൂചിപ്പിക്കുന്ന കുറിപ്പാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.
പ്രായം വെറും സംഖ്യ മാത്രമാണെന്ന് തെളിയിക്കുകയാണ് ഈ മുത്തശ്ശി. 'ഹ്യൂമൻസ് ഓഫ് മുംബൈ' എന്ന സോഷ്യൽ മീഡിയ പേജിലൂടെയാണ് ഈ മുത്തശിയുടെയും കൊച്ചുമകളുടെയും കഥ എല്ലാവരും അറിഞ്ഞത്. തന്റെ ഫാഷൻ ഉപദേശക പോലും മുത്തശ്ശിയാണെന്ന് പറയുകയാണ് ഈ പെൺകുട്ടി. തനിക്ക് ഇഷ്ടപ്പെട്ട ആഹാരം കഴിക്കാനും ഇഷ്ടമുള്ള വസ്ത്രം ധരിക്കാനും അമ്മയെക്കാൾ കൂടുതൽ മുത്തശ്ശിയാണ് തനിക്കൊപ്പം നിൽക്കുന്നത് എന്നും യുവതി പോസ്റ്റിൽ പറയുന്നു.
മുത്തശ്ശിക്കൊപ്പമുള്ള ചിത്രവും യുവതി കുറിപ്പിനൊപ്പം പങ്കുവച്ചു. കുറിപ്പ് വൈറലായതോടെ നിരവധി പേർ പ്രതികരണവുമായി എത്തി. അതിമനോഹരം എന്നും ഇങ്ങനെയൊരു മുത്തശ്ശി വേണമെന്ന് ആരും കൊതിച്ചുപോകും എന്നും ഈ പ്രായത്തിലുമുള്ള മുത്തശ്ശിയുടെ ചിന്തയും ചുറുചുറുക്കും അഭിനന്ദനാർഹമാണ് എന്നും നിരവധി പേര്‍ കമന്‍റ് ചെയ്തു.
യുവതിയുടെ കുറിപ്പ് വായിക്കാം...
എപ്പോഴും എന്റെ പ്രിയപ്പെട്ടയാള്‍ എന്‍റെ മുത്തശ്ശിയാണ്. എനിക്ക് 'ബോറായി' തോന്നുന്ന പാവയ്ക്ക കറിയിൽ നിന്നും മുത്തശ്ശി എന്നെ എപ്പോഴും രക്ഷിക്കും. എപ്പോഴൊക്കെ വീട്ടിൽ അമ്മ ഈ കറിയുണ്ടാക്കിയാലും അപ്പോഴെല്ലാം മുത്തശ്ശി എന്നെ അതില്‍ നിന്നും രക്ഷിക്കും. എനിക്ക് വേണ്ടി മുത്തശ്ശി ഇഡ്ഡലിയും വടയുമുണ്ടാക്കും. എന്നിട്ട് ഞങ്ങൾ ഒളിച്ചിരുന്ന് അത് കഴിക്കും.
ഒരിക്കൽ ഓടാൻ പോകാനായി (വ്യായാമം) ഞാൻ ഷോട്സ് ധരിച്ചപ്പോള്‍ അമ്മ എന്നോട് വേറെ വസ്ത്രം ധരിക്കാന്‍ പറഞ്ഞു. അപ്പോൾ മുത്തശ്ശി അമ്മയോട് പറഞ്ഞത് ഇങ്ങനെയായിരുന്നു: 'ഇത് നോക്ക്, എന്തൊരു ചൂടാണ്. അതുമാത്രമല്ല, അവളുടെ അച്ഛനും ഷോട്ട്സ് ധരിച്ചല്ലേ പോകുന്നത്. പിന്നെ എന്താണ് അവൾ ഈ വസ്ത്രം ധരിച്ചാൽ പ്രശ്നം?'
ഇതൊക്കെകൊണ്ടുതന്നെ പാർട്ടികൾക്ക് പോകുമ്പോൾ പോലും മുത്തശ്ശിയാണ് എന്റെ ഫാഷൻ ഉപദേശക. എന്റെ എല്ലാ കാര്യങ്ങളും സമാധാനത്തോടെ കേട്ട് എനിക്ക് നല്ല ഉപദേശങ്ങള്‍ മുത്തശ്ശി തരാറുണ്ട്.
ഇപ്പോള്‍ വീട്ടിലിരുന്ന് ഞാനും മുത്തശ്ശിയും ഓരോ ദിവസവും എങ്ങനെ മനോഹരമാക്കാമെന്ന ചിന്തയിലാണ്. അങ്ങനെയാണ് ചർമ്മ സംരക്ഷണമാകാം എന്ന തീരുമാനത്തില്‍ ഞങ്ങൾ എത്തുന്നത്. അങ്ങനെ മുഖത്ത് ഹൽദി മാസ്ക് ആകാമെന്നും ഞങ്ങള്‍ തീരുമാനിച്ചു. അച്ഛനും അമ്മയും വിചാരിച്ചത് ഞങ്ങൾ ഇത് പാതിവഴിയിൽ ഉപേക്ഷിക്കുമെന്നാണ്. എന്നാൽ, എന്നേക്കാൾ നിർബന്ധം മുത്തശ്ശിക്കായിരുന്നു. ചർമ്മസംരക്ഷണത്തിന്റെ പ്രാധാന്യം മുത്തശ്ശിക്ക് നന്നായി അറിയാം. അതുകൊണ്ടുതന്നെയാണ് വരുന്നയിടത്തു വച്ചു കാണാം എന്ന മുത്തശ്ശിയുടെ ചിന്ത എനിക്കിഷ്ടമാകുന്നതും.