മലാലയുടെ ഐക്യരാഷ്ട്ര സഭയിലെ പ്രസംഗം പുനരവതരിപ്പിച്ചു; സോഷ്യല്‍ മീഡിയയില്‍ താരമായി ആറാം ക്ലാസുകാരി
സൻഹയുടെ പ്രസംഗം സ്ക്കൂളിലെ അധ്യാപിക ട്വിറ്ററിൽ പോസ്റ്റ് ചെയ്തു. പ്രസംഗം കണ്ട മലാലയുടെ പിതാവ് സിയുവുദ്ദീന്‍ യൂസഫ് സായി റീ ട്വീറ്റ് ചെയ്തതോടെയാണ് ഈ മിടുക്കി സോഷ്യൽ മീഡിയ താരമായി മാറിയത്.
പാലക്കാട്: നൊബേൽ സമ്മാന ജേതാവ് മലാല യൂസഫ്സായ് ഐക്യരാഷ്ട്ര സഭയിൽ നടത്തിയ പ്രസംഗം പുനരവതരിപ്പിച്ച സൻഹ സലിം എന്ന കൊച്ചു മിടുക്കിയാണ് സാമൂഹിക മാധ്യമങ്ങളിലെ താരം. പ്രസംഗം അധ്യാപിക ട്വീറ്റ് ചെയ്തതോടെ മലാലയുടെ അച്ഛൻ സിയാവുദ്ദീന്‍ യൂസഫ്സായ് അടക്കമുള്ളവരാണ് അഭിനന്ദനവുമായി എത്തിയത്. പാലക്കാട് ചളവറ ഹയർ സെക്കന്ററി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിനിയാണ് സൻഹ.
2013 ൽ തീവ്രവാദികളുടെ വെടിയുണ്ടകളെ തോൽപ്പിച്ചെത്തി മലാല യൂസഫ് സായ് ഐക്യരാഷ്ട്രസഭയിൽ നടത്തിയ ഈ പ്രസംഗം എഴ് വർഷങ്ങൾക്ക് ശേഷം പാലക്കാട് ചളവറ ഹയർ സെക്കണ്ടറി സ്ക്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിനി സൻഹ സലിം സ്ക്കൂളിലെ ഇംഗ്ലീഷ് ഫെസ്റ്റിനാണ് പുനരവതരിപ്പിച്ചത്. പക്ഷെ അത്, ഇത്രയും വൈറലാകുമെന്ന് ആരും പ്രതീക്ഷിച്ചില്ല. സൻഹയുടെ പ്രസംഗം സ്ക്കൂളിലെ അധ്യാപിക ട്വിറ്ററിൽ പോസ്റ്റ് ചെയ്തു. പ്രസംഗം കണ്ട മലാലയുടെ പിതാവ് സിയുവുദ്ദീന്‍ യൂസഫ് സായി റീ ട്വീറ്റ് ചെയ്തതോടെയാണ് ഈ മിടുക്കി സോഷ്യൽ മീഡിയ താരമായി മാറിയത്.
ഇതിലപ്പുറം വേറെ അംഗീകാരമില്ലെന്നാണ് സൻഹ പറയുന്നത്. സന്‍ഹയുടെ പ്രസംഗത്തോടെ, ഒരു നാട്ടിൻപുറത്തെ സ്കൂൾ രാജ്യാന്തര തലത്തിൽ പ്രശസ്തമായെന്നാണ് അധ്യാപകരുടെ പക്ഷം. എന്താണ് സ്വപ്നമെന്ന ചോദ്യത്തിന് സൻഹയ്ക്ക്, മലാലയെ നേരിൽ കാണണം എന്ന ഒറ്റ മറുപടിയെയുളളൂ.