തടിയുളള സ്ത്രീകള്‍ പൊളിയാണ്, ജീവിതം മനോഹരമാകുന്നത് 40 കഴിയുമ്പോള്‍; കുറിപ്പ്
പ്രായം കൂടുന്നത് പലര്‍ക്കും ഇഷ്ടമല്ല. എപ്പോഴും ചെറുപ്പമായി ഇരിക്കണം. തലമുടി ഒന്ന് നരച്ചാലോ മുഖത്ത് ചുളിവുകള്‍ വീണാലോ ടെന്‍ഷന്‍ അടിക്കുന്നവരും നമ്മുക്ക് ചുറ്റുമുണ്ട്.
പ്രായം കൂടുന്നത് പലര്‍ക്കും ഇഷ്ടമല്ല. എപ്പോഴും ചെറുപ്പമായി ഇരിക്കണം. തലമുടി ഒന്ന് നരച്ചാലോ മുഖത്ത് ചുളിവുകള്‍ വീണാലോ ടെന്‍ഷന്‍ അടിക്കുന്നവരും നമ്മുക്ക് ചുറ്റുമുണ്ട്. ഈ നരയും ചുളിവുകളും തടിയുമൊക്കെ ഇത്ര വലിയ പ്രശ്നമാണോ? പ്രായമാകുന്നത് അത്ര സംഭവമാണോ? അത്തരം ചിന്തകള്‍ അലട്ടുന്നവര്‍ക്ക് ആശ്വാസമാകും സൈക്കോളജിസ്റ്റായ കല മോഹന്‍ തന്‍റെ ഫേസ്ബുക്കിലൂടെ പങ്കുവെയ്ക്കുന്ന ഈ കുറിപ്പ്.
പ്രായം എന്നത് ഒന്നിനും പ്രശ്നം അല്ല എന്നാണ് സൈക്കോളജിസ്റ്റ് പറയുന്നത്. ജീവിതം മനോഹരമാകുന്നത് തന്നെ 40 കഴിയുമ്പോഴാണെന്നും അവര്‍ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം...
പ്രായം കൂടുന്നു, ജീവിതം തീർന്നു എന്നുള്ള സങ്കടം പലരും, പ്രത്യേകിച്ച് സ്ത്രീകൾ പറയുന്നതു കേൾക്കുന്നത് കൊണ്ട്,
ഞാൻ പറയട്ടെ :
എന്റെ വ്യക്തിപരമായ അഭിപ്രായം ആണ്..
കണ്ടാൽ പ്രായം തോന്നിക്കില്ല..
അങ്ങനെ ഒരു കമന്റ് പലരും പലരെയും പറ്റി പറയുന്നത് കേൾക്കാം..
അപ്പോഴൊക്കെ ഞാൻ എന്നെ കണ്ണാടിയിൽ നോക്കും..
ദാ..ഒരു 44 ക്കാരി..
അവളുടെ മുഖം..
പതിനെട്ടോ, അറുപതോ അല്ല..
യഥാർത്ഥ പ്രായം അങ്ങനെ മിന്നും..
പ്രായം തോന്നിക്കില്ല എന്ന് കേട്ടിട്ടുള്ള ഓരോ ആളിനെയും ഞാൻ ശ്രദ്ധിക്കാറുണ്ട്..
അവരുടെ പ്രായം, അതു കൃത്യമായി മുഖത്തുണ്ട്.. എവിടെയാണ് പിന്നെ പ്രായം തോന്നാത്തത്??
ചിലർക്കു പ്രായം കൂടും തോറും, ഗാംഭീര്യം വരും..
നിറച്ചു മുടി ഉണ്ടായിരുന്ന പലരും, മദ്ധ്യവയസ്സിൽ കഷണ്ടി ആകുമ്പോൾ അതിസുന്ദരന്മാർ ആയി തോന്നാറുണ്ട്..
തിളങ്ങുന്ന കഷണ്ടി തല എന്തൊരു ഭംഗിയാണ്.....
എനിക്ക് അങ്ങിങ്ങു നരയുണ്ട്..
ചുരുണ്ട മുടിയുടെ ഗുണം, അതിനെ ഒരു പരിധി വരെ മറയ്ക്കാം എന്നതാണ്..
നരയുടെ പ്രശ്നം എനിക്ക് തോന്നിയിട്ടുള്ളത്, പ്രായം കൂടും എന്നത് അല്ല..
മുഖത്തിന് വല്ലാത്ത സങ്കടം തോന്നും..
അതെനിക്ക് ഇഷ്‌ടമില്ല..അതിനാൽ മാത്രം നരയെ ഞാൻ സ്നേഹിക്കുന്നില്ല..
മുഖം എനിക്ക് ചിരിച്ചു വെക്കാനാണ് ഇഷ്ടം.. എന്റെ പല്ലുകളെയും എനിക്കു ഇഷ്‌ടമാണ്..
തടി കൂടുമ്പോൾ പ്രായം തോന്നും എന്ന് പറഞ്ഞു, എന്റെ തടി കുറയ്ക്കാൻ പ്രോത്സാഹിപ്പിക്കുന്നവരുണ്ട്..
ഉള്ളത് പറയട്ടെ, എനിക്ക് ഇത്തിരി ഗുണ്ടുമണി സ്ത്രീകളെ ആണിഷ്‌ടം..
സാരി ഉടുത്താൽ ഒരു സന്തോഷം തോന്നും, പ്രത്യേകിച്ച് ഈ മദ്ധ്യവയസ്സിൽ..
ആരോഗ്യപരമായ ശ്രദ്ധ വേണമെന്നത് വേറെ കാര്യം..
പ്രായം എന്നത് ഒന്നിനും പ്രശ്നം അല്ല എന്നതാണ് ജീവിതത്തിൽ ഞാൻ പഠിച്ച സത്യം..
ഓർമ്മകൾ, കൂടി, കൂടി ഒരു വലയമുണ്ട് ചുറ്റിലും..
അനുഭവങ്ങളുടെ കയ്പ്പും മധുരവും..
കാലത്തിനു മുന്നേ നടക്കാം എന്നൊരു അഹങ്കാരം തോന്നാറുണ്ട് ചിലപ്പോൾ..
അത്രയേറെ പ്രതിസന്ധികളെ തരണം ചെയ്തു കഴിയുമ്പോൾ..
താങ്ങാൻ ആളുണ്ടേൽ തളർച്ച കൂടുമെന്നത് ആദ്യത്തെ പാഠം...
നാല്പതുകളുടെ തുടക്കത്തിൽ ഞാൻ അതു ഉൾകൊണ്ടു..
പ്രണയം, രതി, സൗഹൃദം എല്ലാമെല്ലാം മനോഹരമാകുന്നത് പ്രായം കൂടുംതോറും ആണ്..
കണ്ണിനു ചുറ്റുമുള്ള കറുപ്പും, ഇത്തിരി കാഴ്ച്ച കുറയുമ്പോൾ ദൂരത്തോട്ടു നീക്കി വെച്ച് വായിക്കുന്ന രസങ്ങളും, ശരീര ഭാഗങ്ങളുടെ താഴ്ചയും ഇടിവുകളും എന്ത് വേറിട്ട അനുഭവങ്ങൾ ആണ്..
പ്രായമറിയിക്കുന്ന മുൻപുള്ള നാളുകളിൽ, മാറ്റങ്ങൾ വന്നിരുന്ന സമയത്തു മാത്രമേ ഞാൻ എന്റെ ശരീരത്തെ ഇത്രയും കൗതുകത്തോടെ നോക്കിയിട്ടുള്ളു...
സിലിക്കോൺ ബ്രായുടെ ഭാരമില്ലാത്ത റൗക്കയോട് പ്രണയം കൂടി..
ആ രൂപമില്ലായ്മ അതങ്ങനെ നിൽക്കട്ടെ..
വയസ്സൊരു പ്രശ്നം അല്ല..
കാഴ്ച്ചയിൽ അല്ല പ്രായം...
നമ്മളാണ്, പ്രശ്നം..
നമ്മുടെ കാഴ്ചപ്പാടുകൾ, സമീപനങ്ങൾ വിലയിരുത്തലുകൾ അതൊക്കെ ആണ് പ്രശ്നം..
നമ്മുടെ മനസ്സാണ് വില്ലൻ..
ഒരുപാട് ദൂരം വേണ്ട, ഉള്ള കാലം നമ്മുക്ക് അടിച്ചു പൊളിക്കാമല്ലോ.
പ്രായം കൂടട്ടെ, ആഗ്രഹങ്ങളും മോഹങ്ങൾക്കും പ്രായമില്ല, പരിധിയും...
അതങ്ങ് കൂടി കൂടി വരുന്നു..
എല്ലാവരിലും അതങ്ങനെ തന്നെയാകട്ടെ..