റഫാല്‍ യുദ്ധവിമാനങ്ങളിലെ ആദ്യ വനിതാ ഫൈറ്റര്‍ പൈലറ്റായി 'ശിവാംഗി സിംഗ്'
വനിതാ ഫൈറ്റര്‍ പൈലറ്റുമാരുടെ രണ്ടാം ബാച്ചിലെ അംഗമായ ശിവാംഗി 2017ലാണ് വായുസേനയുടെ ഭാഗമായത്. വാരണാസി സ്വദേശിയായ ശിവാംഗി സിംഗ് നിലവില്‍ 17 സ്ക്വാഡ്രണ്‍റെ ഭാഗമാകാനായുള്ള പ്രത്യേക പരിശീലനങ്ങളിലാണ്.
ദില്ലി: വായുസേനയുടെ റഫാല്‍ യുദ്ധവിമാനങ്ങളിലെ ആദ്യ വനിതാ ഫൈറ്റര്‍ പൈലറ്റാവുന്നത് ഫ്ലൈറ്റ് ലെഫ്റ്റനന്‍റ് ശിവാംഗി സിംഗ്. വനിതാ ഫൈറ്റര്‍ പൈലറ്റുമാരുടെ രണ്ടാം ബാച്ചിലെ അംഗമായ ശിവാംഗി 2017ലാണ് വായുസേനയുടെ ഭാഗമായത്. വാരണാസി സ്വദേശിയായ ശിവാംഗി സിംഗ് നിലവില്‍ 17 സ്ക്വാഡ്രണ്‍റെ ഭാഗമാകാനായുള്ള പ്രത്യേക പരിശീലനങ്ങളിലാണ്. അംബാലയിലെ റഫാല്‍ യുദ്ധവിമാനങ്ങളുടെ ഗോൾഡൻ ആരോസ് എന്ന സ്ക്വാഡ്രണ്‍റെ ഭാഗമാകാനുള്ള അവസാനവട്ട ഒരുക്കങ്ങളിലാണ് ശിവാംഗിയെന്നാണ് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നത്.
2017ല്‍ വായുസേനയുടം ഭാഗമായതിന് പിന്നാലെ മിഗ് 21 ബൈസണ്‍ വിമാനങ്ങള്‍ പറത്തുന്ന ഫൈറ്റര്‍ പൈലറ്റാണ് ശിവാംഗി. രാജസ്ഥാന്‍ അതിര്‍ത്തിയിലെ ബേസില്‍ നിന്നാണ് ശിവാംഗി അംബാലയിലെത്തുന്നത്. രാജ്യത്തെ തന്നെ മികച്ച ഫൈറ്റര്‍ പൈലറ്റുമാര്‍ക്കൊപ്പമായിരുന്നു ശിവാംഗിയുടെ പരിശീലനം. വിംഗ് കമാന്‍ഡര്‍ അഭിനന്ദ് വര്‍ധമാനൊപ്പവും ശിവാംഗി യുദ്ധവിമാനങ്ങള്‍ പറത്തിയിട്ടുണ്ട്.
ബനാറസ് ഹിന്ദു സര്‍വ്വകലാശാലയിലെ പഠനസമയത്ത് എന്‍സിസിയുടെ 7 യുപി എയര്‍ സ്ക്വാഡ്രണ്‍റെ ഭാഗമായിരുന്നു ശിവാംഗി. കോളേജ് പഠനം പൂര്‍ത്തിയാക്കിയ ശേഷമാണ് 2016ല്‍ ശിവാംഗി എയര്‍ഫോഴ്സ് അക്കാദമിയിലെത്തിയത്. വായുസേനയുടെ ഏറ്റവും പഴക്കമേറിയ വിമാനമായ മിഗ് 21 മുതല്‍ ഏറ്റവും പുതിയ റഫാല്‍ വരെ പറത്തുന്ന ആദ്യ വനിത ഫൈറ്റര്‍ പൈലറ്റ് എന്ന ചരിത്രനിമിഷത്തിലേക്കാണ് ശിവാംഗി എത്തുന്നത്. ജൂലൈ 29 നാണ് റഫാല്‍ വിമാനങ്ങളുടെ ആദ്യബാച്ച് ഇന്ത്യയിൽ എത്തിയത്.
മലയാളി ഗ്രൂപ്പ് ക്യാപ്റ്റൻ വിവേക് വിക്രം ഉൾപ്പടെ ഏഴംഗ വ്യോമസേന സംഘമാണ് ഫ്രാൻസിൽ നിന്ന് റഫാലുകൾ ഇന്ത്യയിൽ എത്തിച്ചത്. മിറാഷ് യുദ്ധ വിമാനങ്ങളേക്കാൾ ശേഷിയുള്ള റഫാലിന് രാത്രിയും പകലും ഒരുപോലെ ആക്രമണം നടത്താൻ കഴിയും. പറക്കലിൽ 25 ടൺ വരെ ഭാരം വഹിക്കാനാകും. 59,000 കോടി രൂപയ്ക്കാണ് 36 വിമാനങ്ങൾ ഫ്രാൻസിൽ നിന്ന് ഇന്ത്യ വാങ്ങിയത്.
ചിത്രത്തിന് കടപ്പാട്: ഇന്ത്യ ടുഡേ