'ഞാൻ കരഞ്ഞാൽ തോറ്റുപോവുന്നത് അവളായിരിക്കും' ; ഭാര്യയുടെ ക്യാൻസർ പോരാട്ടം പങ്കുവെച്ച് യുവാവ്
'ഞാന്‍ പുറത്തുപോയിട്ട് വരുമ്പോൾ അവള്‍ക്കുചുറ്റും ഒരുകൂട്ടംതന്നെയുണ്ടാവും, ആ നിമിഷം എനിക്ക് പേടിതോന്നിപ്പോവാറുണ്ട്'- ക്യാന്‍സറിനെ ചിരിച്ചുകൊണ്ട് നേരിടുന്ന ഭാര്യയുടെ ജീവിതം പങ്കുവെച്ചിരിക്കുകയാണ് ധനേഷ് മുകുന്ദന്‍.
ക്യാന്‍സര്‍ എല്ലാവര്‍ക്കും ഭയമുളള രോഗമാണ്. നേരത്തെ കണ്ടെത്തിയാല്‍ പല ക്യാന്‍സര്‍ രോഗങ്ങളും ഭേദപ്പടുത്താന്‍ കഴിയും എന്നത് പലര്‍ക്കും അറിയില്ല. ചികിത്സയോടൊപ്പം തന്നെ പ്രധാനമാണ് മാനസികധൈര്യവും. ക്യാന്‍സറിനെ ചിരിച്ചുകൊണ്ട് നേരിടുന്ന ഭാര്യയുടെ ജീവിതം പങ്കുവെച്ചിരിക്കുകയാണ് ധനേഷ് മുകുന്ദന്‍.
കുറിപ്പ് വായിക്കാം...
എന്‍റെ പത്നിയോട് എനിക്ക് ബഹുമാനമാണ്.... കാരണം... വേറൊന്നുമല്ല.... കീമോയുടെ വേദനയിലും അവൾ എല്ലാവരോടും ചിരിക്കും.... ഞാനടക്കം എല്ലാവർക്കും ഒരത്ഭുതം ആണവൾ....
വേദന കടിച്ചമർത്തി മറ്റുള്ളവരോട് ചിരിച്ചു സംസാരിക്കുന്ന അവളെ കാണുമ്പോൾ എന്‍റെ കണ്ണ് നിറയാറുണ്ട്...
പക്ഷെ ഞാൻ അവളുടെ മുന്നിൽ കരഞ്ഞാൽ തോറ്റുപോവുന്നത് അവളായിരിക്കും...
പരിധിയിലേറെയും വേദനകൾ സഹിച്ചുകൊണ്ട് ജീവിക്കുന്ന അവളുടെ മനസ്സിൽ ജീവിച്ചു കൊതിതീർന്നിട്ടില്ല,, ഇനിയും ഞങ്ങളുടെ മകനോടൊപ്പം ജീവിക്കണമെന്നുള്ള ഉറച്ച വിശ്വാസം തന്നെയാണ് ആ ചിരിയുടെ അർത്ഥവും...
എല്ലായ്‌പോഴും ഹോസ്പിറ്റലിൽ തന്നെയാണ് അവളുടെ ദിവസങ്ങൾ വേദനയോടെ കഴിഞ്ഞുപോവുന്നത്... എങ്കിലും അതിലൊരു സന്തോഷം കണ്ടെത്താൻ അവൾ തിരഞ്ഞെടുത്ത വഴിയാണ് രോഗാവസ്ഥയിൽ അടുത്തുകിടക്കുന്ന ആളുകളോടും അവരുടെ കൂട്ടിരിപ്പ്കാരോടും ചിരിച്ചും കളിച്ചും സമയം ചിലവഴിക്കുന്നത്....
സത്യംപറഞ്ഞാൽ ഞാനൊന്ന് പുറത്തുപോയി തിരിച്ചുവരുമ്പോൾ അവളുടെ ബെഡ്ഢിനുചുറ്റും ഒരുകൂട്ടംതന്നെയുണ്ടാവും.... പെട്ടന്ന് അങ്ങനെ കാണുമ്പോൾ പലപ്പോഴും എനിക്ക് പേടിതോന്നിപ്പോവാറുണ്ട് .... അടുത്തെത്തിനോക്കിയാൽ ചിരിച്ച മുഖത്തോടെ മൊട്ടത്തലയുമായി അവരുടെയൊക്കെ നടുവിലിരുന്നു കഥകളിൽ മുഴുകി ഇരിക്കുന്നത്കാണാം.....
പിന്നെ ഡിസ്ചാർജ് ആയാൽ പറയാത്തതനല്ലത്... യാത്ര പറഞ്ഞു തീരണമെങ്കിൽ ഒരു സമയംതന്നെ വേണം.... അതിനടയിൽ അവളെനോക്കി ചിലരുടെ കണ്ണ്നിറയുന്നത് കാണാം....
പിന്നെ അവളെ നോക്കുന്ന ഡോക്ടേഴ്സ്... Ajaykumar sir, Najla Madam, Swetha Madam, Duty Doctors...കൂടെ വെള്ളകുപ്പായമണിഞ്ഞ കുറേ മാലാഖമാർ.....(പേരറിയാത്തതുകൊണ്ടാണ് പറയാത്തത്) ഇവരുടെയൊക്കെ സഹകരണവും സമീപനവും ഞങ്ങൾക്ക് വാക്കുകൾക്കപ്പുറം ഏറ്റവും മികച്ച പ്രതീക്ഷകളാണ് സമ്മാനിക്കുന്നത്....
ഇതുവരെ ഏഴുകീമോയും ഇരുപത്തിയഞ്ചു റേഡിയേഷനും കഴിഞ്ഞു... ഇനിയും പത്തുകീമോ കാത്തിരിപ്പുണ്ട്....ഇതിനിടയിൽ എവിടെനിന്നോ വലിഞ്ഞുകയറിവന്ന അപ്പന്റിക്സും ഒരുപാട് വേദനിപ്പിച്ചു...പിന്നെ ഇൻഫെക്ഷനായി... ഇപ്പോൾ കൗണ്ട്കുറവുകാരണം എട്ടാമത്തെ കീമോ നാലുതവണ മുടങ്ങി.....
ഇന്ന് എട്ടാമത്തെകീമോ കരുത്തോടെ ഏറ്റുവാങ്ങാൻ തയ്യാറായി ഹോസ്പിറ്റലിലേക്ക് പോവുകയാണ്...ഇതും മുടങ്ങാതിരിക്കാൻ എല്ലാവരുടെയും സ്നേഹവും പ്രാർത്ഥനയും ഞങ്ങളോടൊപ്പം ഉണ്ടാവണം