സ്ത്രീകളോട്; 'ഹെയര്‍ റിമൂവര്‍' സ്ഥിരമായി ഉപയോഗിക്കാറുണ്ടെങ്കില്‍ സൂക്ഷിക്കുക!
പുറമേക്ക് കാണുന്ന ശരീരഭാഗങ്ങളില്‍ രോമങ്ങളുണ്ടായിരിക്കുന്നത് പല സ്ത്രീകള്‍ക്കും താല്‍പര്യമില്ലാത്ത കാര്യമാണ്. അതിനാല്‍ അവയെ എളുപ്പത്തില്‍ നീക്കം ചെയ്യാനാണ് ഹെയര്‍ റിമൂവര്‍ ക്രീം ഉപയോഗിക്കുന്നത്. എന്നാല്‍ പലരും സ്വകാര്യഭാഗങ്ങളിലെ രോമങ്ങള്‍ നീക്കം ചെയ്യാനും ഇത്തരം ക്രീമുകള്‍ ഉപയോഗിക്കാറുണ്ട്
സ്ത്രീകള്‍ എല്ലാ മാസത്തിലും വാങ്ങിക്കൂട്ടുന്ന 'ഹെല്‍ത്ത്- ബ്യൂട്ടി പ്രോഡക്ടു'കളില്‍ മിക്കവാറും ഒരു ഹെയര്‍ റിമൂവര്‍ ക്രീമും കാണും. പുറമേക്ക് കാണുന്ന ശരീരഭാഗങ്ങളില്‍ രോമങ്ങളുണ്ടായിരിക്കുന്നത് പല സ്ത്രീകള്‍ക്കും താല്‍പര്യമില്ലാത്ത കാര്യമാണ്. അതിനാല്‍ അവയെ എളുപ്പത്തില്‍ നീക്കം ചെയ്യാനാണ് ഹെയര്‍ റിമൂവര്‍ ക്രീം ഉപയോഗിക്കുന്നത്.
എന്നാല്‍ പലരും സ്വകാര്യഭാഗങ്ങളിലെ രോമങ്ങള്‍ നീക്കം ചെയ്യാനും ഇത്തരം ക്രീമുകള്‍ ഉപയോഗിക്കാറുണ്ട്. യഥാര്‍ത്ഥത്തില്‍ സ്വകാര്യഭാഗങ്ങളിലെ രോമം ഇത്തരത്തില്‍ മുഴുവനായി നീക്കം ചെയ്യേണ്ടതുണ്ടോ?
സ്വകാര്യഭാഗങ്ങളില്‍ രോമവളര്‍ച്ചയുണ്ടാകുന്നത്, വളരെ 'സെന്‍സിറ്റീവ്' ആയ ആ അവയവത്തിന്റെ ഭാഗങ്ങളെ സംരക്ഷിക്കാന്‍ വേണ്ടിയാണ്. പൊടി, അഴുക്ക് എന്നിവയില്‍ നിന്നെല്ലാം അണുക്കള്‍ പെട്ടെന്ന് ബാധിക്കാതിരിക്കാന്‍ ഇത് സഹായിക്കുന്നു. അമിതമായ വിയര്‍പ്പിനെയും നനവിനെയും രോമം വലിച്ചെടുക്കുന്നു. അതിനാല്‍ എല്ലാ അര്‍ത്ഥത്തിലും ഒരു സംരക്ഷണ കവചം പോലെ അവ പ്രവര്‍ത്തിക്കുന്നു.
അതിനാല്‍ തന്നെ സ്വകാര്യഭാഗങ്ങളിലെ രോമം മുഴുവനായി നീക്കം ചെയ്യുന്നത് അത്ര നല്ലതല്ല. മാത്രമല്ല, ഹെയര്‍ റിമൂവര്‍ പോലുള്ള ക്രീമുകളുപയോഗിച്ച് രോമം നീക്കം ചെയ്യുന്ന പതിവുണ്ടെങ്കില്‍ തീര്‍ച്ചയായും കരുതുക, നിങ്ങള്‍ക്ക് അണുബാധയുണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്.
രോമകൂപങ്ങളില്‍ ചെന്ന്, അതിനെ പിഴുതെടുക്കുകയാണ് ഹെയര്‍ റിമൂവര്‍ ചെയ്യുന്നത്. ഇത് സ്വകാര്യഭാഗങ്ങളിലെ ചര്‍മ്മത്തെയും രോമം, പറിഞ്ഞുപോയ സുഷിരങ്ങളെയും മുറിപ്പെടുത്താനോ, 'നോര്‍മല്‍' ആയിരിക്കുന്ന അവസ്ഥയില്‍ നിന്ന് അട്ടിമറിക്കാനോ വഴിവയ്ക്കും. നമ്മുടെ കണ്ണിന് കാണാന്‍ കഴിയാത്ത ഈ ചെറുമുറിവുകളില്‍ പെട്ടെന്ന് അണുബാധയുണ്ടാകാന്‍ ഇടയുണ്ട്. ഇത് ക്രമേണ വലിയ ബാക്ടരീയല്‍ ബാധയ്ക്ക് കാരണമാകും.
പുകച്ചില്‍, ചര്‍മ്മം വരളുന്നത്... തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കും ഹെയര്‍ റിമൂവര്‍ ക്രീമുകളുടെ ഉപയോഗം കാരണമാകും. പരമാവധി ഇത്തരം ക്രീമുകള്‍ ഉപയോഗിക്കാതിരിക്കുകയാണ് നല്ലത്. കൈകളിലോ കാലിലോ മാത്രം ആവശ്യമെങ്കില്‍ ഉപയോഗിക്കാം.