മരിച്ചെന്നു കരുതി റേപ്പിസ്റ്റ് ഉപേക്ഷിച്ചു; ഉയിർത്തെഴുന്നേറ്റു വന്ന അവൾ അഴിക്കുള്ളിലാക്കിയത് 1200 കുറ്റവാളികളെ
അന്ന് അതിക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ടശേഷം ജീവിതത്തിൽ ആദ്യമായി ഗിബ്‌സണ് തന്റെ ജീവിതത്തിന് അർത്ഥമുണ്ട് എന്ന് തോന്നി. ഒരു കുറ്റവാളി അഴികൾക്കുള്ളിലാകാൻ തന്റെ കലാസിദ്ധി നിമിത്തമായതിൽ അവൾക്ക് അഭിമാനം തോന്നി.
1972-ലെ ഒരു സന്ധ്യയ്ക്ക് അപരിചിതനായ ഒരു അക്രമിയാൽ ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ട് മരിച്ചെന്നു കരുതി ഉപേക്ഷിക്കപ്പെട്ട അന്ന്, ലൂയിസ് ഗിബ്‌സൺ എന്ന യുവതിക്ക് വയസ്സ് വെറും 21 തികയുന്നതേ ഉണ്ടായിരുന്നുള്ളൂ. ലോസ് ആഞ്ചലസിലെ സ്വന്തം ഫ്ലാറ്റിന്റെ വാതിൽ തുറന്ന് അകത്തേക്ക് കേറാൻ നേരം, അപ്രതീക്ഷിതമായായിരുന്നു ആക്രമണം നടന്നത്. മുഖം പോലും വേണ്ടവിധം ശ്രദ്ധിക്കാനായില്ല. അവളെ ശാരീരികമായി ആക്രമിച്ച ശേഷം ആ അക്രമി ലൈംഗികമായി പീഡിപ്പിച്ചു. അതിനുശേഷം കഴുത്തിന് കുത്തിപ്പിടിച്ച് ബോധം മറയുംവരെ ശ്വാസം മുട്ടിച്ചു. ഒടുവിൽ ചത്തെന്നു കരുതിയാവും, അയാൾ അവളെ ആ നിലയിൽ അവിടെ ഉപേക്ഷിച്ച് സ്ഥലം വിട്ടു.
'ലൂയിസ് ഗിബ്‌സൺ യൗവ്വനത്തിൽ'
അടുത്ത ദിവസം ബോധം തെളിഞ്ഞപ്പോഴും ഗിബ്‌സൺ ആകെ നടുക്കത്തിലായിരുന്നു. അപ്രതീക്ഷിതമായ ആ ആക്രമണം ഏൽപ്പിച്ച ഷോക്കിൽ നിന്നും അവൾക്ക് വിമുക്തയാകാനായില്ല. രണ്ടാഴ്ചയോളം എങ്ങും പോകാതെ, ആരോടും മിണ്ടാതെ, ആരെയും കാണാൻ പോലും ആവാതെ അവൾ തന്റെ ഫ്ലാറ്റിൽ മുറിയടച്ചിരുന്നു.പൊലീസിൽ പരാതിപ്പെടുന്നതിനെപ്പറ്റി ചിന്തിക്കാൻ പോലും ആവാത്ത ഒരു മാനസികാവസ്ഥ. അത്രമേൽ മനസ്സുലഞ്ഞുപോയിരുന്നു അവളുടെ. പരാതിപ്പെടാൻ ചെല്ലുമ്പോൾ പൊലീസ് ആ ആക്രമണത്തിന്റെ പേരിൽ തന്നെ കുറ്റപ്പെടുത്തിയാലോ എന്ന അകാരണമായ ഒരു ഭയം അവളെ ആവേശിച്ചു കഴിഞ്ഞിരുന്നു. പുരുഷന്മാരെ എല്ലാവരെയും അവൾക്ക് ഭയമായിരുന്നു. ജീവിതത്തോടുള്ള അവളുടെ സമീപനം തന്നെ മാറ്റിമറിച്ചു ആ ദുരനുഭവം.
തരക്കേടില്ലാതെ പാടുമായിരുന്നു, നന്നായി നൃത്തം ചെയ്യുമായിരുന്നു ഗിബ്‌സൺ. പക്ഷേ, അവളിലെ യഥാർത്ഥ പ്രതിഭ അവളുടെ ചിത്രകലയിലെ താത്പര്യമായിരുന്നു. അസാധ്യമായി വരക്കുമായിരുന്നു ഗിബ്‌സൺ. മനസ്സിലെ മുറിവുകൾ മായാൻ വേണ്ടി ലോസ് ആഞ്ചലസ് നഗരം എന്നെന്നേക്കുമായി ഉപേക്ഷിച്ചിട്ടുപോകാൻ തന്നെ അവൾ തീരുമാനിച്ചു. അതിനൊരു കാരണം വേണമായിരുന്നു. ടെക്‌സാസ് യൂണിവേഴ്‌സിറ്റിയിൽ ഫൈൻ ആർട്സ് ബിരുദത്തിനുള്ള അഡ്മിഷൻ ടിക്കറ്റ് വന്നപ്പോൾ അവൾക്ക് അതും കിട്ടി.
അങ്ങനെ അവൾ ഫോർട്ട് വർത്തിലേക്ക് താമസം മാറ്റി. തന്റെ പാഷനായ ചിത്രകലയിൽ മുഴുകുന്നത് അവളുടെ വിങ്ങുന്ന ഹൃദയത്തെ ഏറെക്കുറെ ശാന്തമാക്കി. കോളേജിലെ ഫീസടക്കാനുള്ള പണം കണ്ടെത്താൻ വേണ്ടി അവൾ ക്‌ളാസ് കഴിഞ്ഞുള്ള സമയം തെരുവിൽ പോർട്രെയ്റ്റുകൾ വരച്ചു നൽകി.
അങ്ങനെയിരിക്കെയാണ് ഒരു പത്രവാർത്ത ഗിബ്‌സന്റെ കണ്ണിൽ പെടുന്നത്. അത് ഒരു ബലാത്സംഗ വാർത്തയായിരുന്നു. എട്ടാം ക്‌ളാസിലെ തന്റെ വിദ്യാർത്ഥികൾക്കുമുന്നിൽ വെച്ച് ബലാത്സംഗം ചെയ്യപ്പെട്ട ഒരു സ്‌കൂൾ ടീച്ചറെപ്പറ്റിയുള്ള വാർത്ത. അത്രയും നാൾ മറക്കാൻ ശ്രമിച്ച തന്റെ സങ്കടങ്ങളും, ദേഷ്യവും, ജീവിതനൈരാശ്യങ്ങളും, വെറുപ്പും എല്ലാം ഒറ്റയടിക്ക് അവളുടെ നെഞ്ചിനുള്ളിൽ വീണ്ടും ഊറിക്കൂടി.
സ്വന്തം കാര്യത്തിലോ ഒന്നും ചെയ്യാൻ പറ്റിയില്ല. ഇതിലെങ്കിലും എന്തെങ്കിലും ചെയ്യണം. അവൾ മനസ്സിൽ ഉറപ്പിച്ചു. " സാക്ഷികളായ കുട്ടികളോട് സംസാരിച്ചാൽ, ആ കുറ്റവാളിയുടെ മുഖം എനിക്ക് വരച്ചെടുക്കാൻ സാധിക്കും.. ഉറപ്പ്.." അവൾ അവനവനോടുതന്നെ പറഞ്ഞു.
എന്നാലും, ഒന്ന് പരീക്ഷിക്കണമല്ലോ. അവൾ തന്റെ ഏറ്റവും അടുത്ത ഒരു സുഹൃത്തിനെ ഹൂസ്റ്റൺ പോലീസ് സ്റേഷനിലേക്കയച്ചു. അവിടെ റിസപ്‌ഷനിൽ ഇരിക്കുന്ന പൊലീസുകാരനെ നല്ലപോലെ ഒന്ന് നോക്കി വരാൻ പറഞ്ഞു. പോയി വന്ന സുഹൃത്തിനോട് ഗിബ്‌സൺ ആ പോലീസുകാരന്റെ വിശദമായ വിവരങ്ങൾ ചോദിച്ചറിഞ്ഞു. " കറുത്ത മുടിയുള്ള, ഇരുണ്ട കണ്ണുള്ള, നല്ല വെളുത്ത പല്ലുള്ള ഒരാൾ." എന്ന് ആദ്യം പറഞ്ഞ സുഹൃത്തിനോട് അവൾ കൂടുതൽ സൂക്ഷ്മവിവരങ്ങൾ ചോദിച്ചുമനസ്സിലാക്കി. എന്നിട്ട് ഒരു പേപ്പറും പെൻസിലും ചായക്കൂട്ടുകളുമായി ഇരുന്നു. അരമണിക്കൂർ നേരം കൊണ്ട് ആ കാൻവാസിൽ ഒരു പോർട്രെയ്റ്റ് പിറന്നു. ആ പോർട്രെയ്റ്റും കൊണ്ട് ഇരുവരും സ്റ്റേഷനിലേക്ക് ചെന്നു.
തന്റെ അസാമാന്യപ്രതിഭയെക്കുറിച്ച് ഗിബ്സനുപോലും അതിശയം തോന്നിയ മുഹൂർത്തമായിരുന്നു. ആ ചിത്രം റിസപ്‌ഷനിൽ ഇരുന്ന പോലീസുകാരന്റെ നേർ പകർപ്പുതന്നെ ആയിരുന്നു. അതോടെ അവളുടെ ആത്മവിശ്വാസം വർധിച്ചു. അവൾ നേരെ സ്റ്റേഷനിലെ ഇൻ ചാർജ്ജിനെ ചെന്ന് കണ്ടു. തന്റെ ഈ ക കഴിവിനെപ്പറ്റിയും, പൊലീസിനെ സഹായിക്കാനുള്ള തന്റെ സന്നദ്ധതയെപ്പറ്റിയും അറിയിച്ചു. പരീക്ഷണം എന്ന നിലയ്ക്ക് ആ പൊലീസ് ഓഫീസർ സ്റ്റേഷനിൽ തെളിയാതെ കിടന്ന ഒരു കുത്തുകേസിലെ പ്രതിയെപ്പറ്റിയുള്ള വിശദവിവരങ്ങൾ ഗിബ്സണ് കൈമാറി.
'ആളെക്കാണാതെ, വിവരങ്ങൾ മാത്രം കേട്ട്, ഗിബ്‌സൺ വരച്ച രേഖാചിത്രങ്ങൾ, ഒറിജിനലിനോടൊപ്പം'
പാർക്കിൽ വെച്ച് നടന്ന ഒരു സംഭവം. ആകെയുള്ളത് ഒരേയൊരു സാക്ഷി. സന്ധ്യാനേരമായതിനാൽ വെളിച്ചവും നന്നേ കുറവായിരുന്നു. ആ അക്രമം കണ്ടതിന്റെ ഷോക്കിൽ സാക്ഷി ആകെ നൽകുന്ന മൊഴിയും സഹായകരമായിരുന്നില്ല ഒട്ടും, " എനിക്ക് ഒന്നും ഓർമയില്ല. ആകെ ഒരു മിന്നായം പോലെ ഒന്ന് കണ്ടതേയുള്ളൂ.. "
എന്നാൽ ഗിബ്‌സൺ തോറ്റു പിന്മാറാൻ തയ്യാറല്ലായിരുന്നു. സാക്ഷിയോട് സംസാരിച്ചു സംസാരിച്ച് അവൾ അയാളുടെ പരിഭ്രമം മാറ്റിയെടുത്തു. എന്നിട്ട്, പതുക്കെ കൂടുതൽ സൂക്ഷ്മ വിവരങ്ങൾ ചോദിച്ചറിഞ്ഞു. പിന്നെ പതിവുപോലെ ഒരു സ്കെച്ചും വരച്ചു. ആ സ്കെച്ച് പോലീസ് പത്രങ്ങളിൽ പ്രസിദ്ധപ്പെടുത്തി. വാർത്തകളിലും അത് ഇടം പിടിച്ചു.
അടുത്ത ദിവസം പോലീസ് ഇൻസ്‌പെക്ടറുടെ ഫോൺ സന്ദേശം ഗിബ്‌സനെ തേടിയെത്തി. കുത്തേറ്റു മരിച്ചയാളുടെ റൂം മേറ്റ് ടിവിയിൽ കണ്ട ആ രേഖാ ചിത്രത്തിൽ നിന്നും കൊലപാതകിയെ തിരിച്ചറിഞ്ഞു. അറസ്റ്റിലായ പ്രതി കുറ്റവും സമ്മതിച്ചു.
വർഷങ്ങൾക്കു മുമ്പ് ഒരു അക്രമണത്തിൽ ആത്മാഭിമാനം വ്രണപ്പെട്ടതിനു ശേഷം അന്നാദ്യമായി ഗിബ്‌സണ് തന്റെ ജീവിതത്തിന് അർത്ഥമുണ്ട് എന്ന് തോന്നി. ഒരു കുറ്റവാളി അഴികൾക്കുള്ളിലാകാൻ തന്റെ കലാസിദ്ധി നിമിത്തമായതിൽ അവൾക്ക് അഭിമാനം തോന്നി.
ഏഴുവർഷം ലൂയിസ് ഗിബ്‌സൺ ഹൂസ്റ്റൺ പോലീസ് സ്റ്റേഷനിൽ 'സ്കെച്ചിങ്ങ് ആർട്ടിസ്റ്റ്' എന്ന നിലയിൽസേവനമനുഷ്ഠിച്ച ശേഷം ഗിബ്‌സണ് ഹൂസ്റ്റൺ പൊലീസ അതേ പദവിയിൽ ഒരു 'ഫുൾ ടൈം' ജോലി തന്നെ ഓഫർ ചെയ്യുകയുണ്ടായി. തന്റെ കരിയറിൽ അവർ ഇന്നുവരെ തെളിയിച്ചിട്ടുള്ളത് 1200-ൽ പരം കുറ്റകൃത്യങ്ങളാണ്. ഇത്തരത്തിൽ രേഖാ ചിത്രം വരച്ച് ഏറ്റവും കൂടുതൽ കേസുകൾ തെളിയിച്ചതിനുള്ള ഗിന്നസ് റെക്കോർഡ് തന്നെ ലൂയിസ് ഗിബ്‌സൺ എന്ന ഈ അമേരിക്കക്കാരിയുടെ പേരിലാണ്.
ഗിബ്‌സന്റെ ജീവിതത്തിൽ അവർക്ക് ഒരിക്കലും മറക്കാനാകാത്ത ഒരു കേസുണ്ട്. 1990-ലാണ് സംഭവം നടക്കുന്നത്. എട്ടുവയസ്സുള്ള ഒരു പെൺകുട്ടി ബലാത്സംഗം ചെയ്യപ്പെട്ടു. ഗുരുതരമായ പരിക്കുകളുണ്ട് ദേഹത്ത്. കഴുത്ത് ഏതാണ്ട് അറ്റുപോയ അവസ്ഥയിലായിരുന്നു രക്ഷിക്കുമ്പോൾ. തെളിവുകൾ ഇല്ലാതെയാക്കാൻ മനഃപൂർവം കഴുത്തറുത്ത് കൊല്ലാൻ തന്നെ ശ്രമിക്കുകയായിരുന്നു. ആ കുട്ടി പക്ഷേ, അത്ഭുതകരമായി തന്റെ പരിക്കുകളെ അതിജീവിച്ചു. സംസാരിക്കാവുന്ന പരുവമായപ്പോൾ, അന്വേഷണോദ്യോഗസ്ഥർ ഗിബ്‌സണെ കുട്ടിയ്ക്കരികിൽ എത്തിച്ചു.
കുഞ്ഞിന്റെ അവസ്ഥകണ്ടപ്പോൾ ഒരു നിമിഷം പതറിപ്പോയി എങ്കിലും ഗിബ്‌സൺ ഒന്ന് മുരടനക്കിക്കൊണ്ട് സംഭാഷണം തുടങ്ങി. " നമുക്ക് ആ ദുഷ്ടന്മാരെ പിടിക്കണ്ടേ..? ". മറുപടിയെന്നോണം, അവൾ ഒന്ന് പുഞ്ചിരിച്ചു. ആ കുഞ്ഞ് പറഞ്ഞ വിവരങ്ങൾ വെച്ച് ഗിബ്‌സൺ ഒരു ചിത്രം വരച്ചു. അത് പോലീസ് സാധ്യമായ ചാനലുകളിലെല്ലാം പ്രസിദ്ധപ്പെടുത്തി. എന്നാൽ അടുത്ത പത്തൊമ്പതു കൊല്ലത്തേക്ക് അയാൾ പിടിക്കപ്പെട്ടില്ല. ഒടുവിൽ, തന്റെ ജീവിതത്തിന്റെ സായാഹ്നത്തിൽ ചെയ്ത ഏതോ ഒരു പെറ്റി ക്രൈമിന്റെ പേരിൽ അറസ്റ്റിലായപ്പോഴാണ്, ഈ കുറ്റവും അയാൾ ഏറ്റുപറയുന്നത്. അന്ന് ടിവിയിൽ ഈ വിവരങ്ങൾ അയാളുടെ ഫോട്ടോകൾ സഹിതം സ്ക്രോൾ ചെയ്തുവന്നപ്പോൾ ഗിബ്‌സൺ തന്റെ ഫയൽ തുറന്ന് ആ പഴയ ചിത്രത്തിന്റെ കോപ്പി എടുത്ത് തന്റെ മേശപ്പുറത്തുവെച്ചു. പിടിക്കപ്പെട്ട ആളിന്റെ ഡ്രൈവിങ്ങ് ലൈസൻസിൽ ഉണ്ടായിരുന്ന ഫോട്ടോയുടെ തനിപ്പകർപ്പായിരുന്നു ഗിബ്‌സൺ അന്നുവരച്ച ആ ചിത്രം.
ഗിബ്‌സണ് മറ്റൊരു അപാരമായ കഴിവും ഉണ്ടായിരുന്നു. മനുഷ്യരിൽ പ്രായം വരുത്തുന്ന മാറ്റം ചിത്രങ്ങളിലൂടെ ആവിഷ്കരിക്കാൻ ഗിബ്‌സണ് സാധിക്കുമായിരുന്നു. അത് പൊലീസിനെ ഏറെ സഹായിച്ചത് കാണാതെ പോകുന്ന കുട്ടികളെ കണ്ടെത്താനായിരുന്നു. കുട്ടികൾ കാണാതെയായി നാലഞ്ച് വർഷം കഴിഞ്ഞാൽ പിന്നെ അവർക്ക് സംഭവിക്കുന്ന രൂപമാറ്റം കാരണം അവരെ തിരിച്ചറിയാനോ കണ്ടു പിടിക്കാനോ കഴിഞ്ഞിരുന്നില്ല. ഗിബ്‌സൺ വരച്ചിരുന്ന പ്രായാനുസൃതമായ( age progression) ചിത്രങ്ങൾ ഇത്തരത്തിൽ കാണാതാവുന്ന കുട്ടികളെ അഞ്ചും പത്തും വർഷം കഴിഞ്ഞും തിരിച്ചുപിടിക്കാൻ പൊലീസിനെ സഹായിച്ചു.
'ഗിബ്‌സൺ വരച്ച എയ്ജ് പ്രോഗ്രെഷൻ ചിത്രങ്ങൾ, ഒറിജിനൽ ഫോട്ടോകളോടൊപ്പം '
ഗിബ്‌സന്റെ കഴിവുകളിൽ ചിലത് വളരെ അവിശ്വസനീയം കൂടി ആയിരുന്നു. ഉദാഹരണത്തിന്, ഒരു തലയോട്ടി മാത്രം കണ്ടു കിട്ടിയാലും, അതും പശ്ചാത്തല വിവരണങ്ങളും ചേർത്ത് അവർ തന്റെ ഭാവനയിൽ ആ വ്യക്തിയുടെ ഏകദേശ ചിത്രം, അതും മറ്റുള്ളവർക്ക് തിരിച്ചറിയാൻ പാകത്തിന് കൃത്യതയോടെ വരച്ചെടുക്കുമായിരുന്നു.
'ദ്രവിച്ച ശരീരാവശിഷ്ടങ്ങളിൽ നിന്നും ഗിബ്‌സൺ സൃഷ്‌ടിച്ച പെൺകുട്ടിയുടെ പേസ്റ്റൽ ചിത്രം, ആ കുട്ടിയുടെ യഥാർത്ഥ ഫോട്ടോയ്‌ക്കൊപ്പം'
2007-ൽ കടൽത്തീരത്ത് ഒരു കുഞ്ഞിന്റെ മൃതദേഹം അടിഞ്ഞു. തീർത്തും ദ്രവിച്ച അവസ്ഥയിലായിരുന്നു ആ ജഡം. തിരിച്ചറിയാൻ പ്രയാസമായ ആ അവശിഷ്ടങ്ങളിൽ നിന്നും അവർ നീലക്കണ്ണുള്ള ഒരു കൊച്ചുപെണ്കുട്ടിയെ വരച്ചെടുത്തു. ശരിക്കുള്ള കുട്ടിയുടെ മുഖത്തോട് അത്ര സാമ്യം പോരായിരുന്നു എങ്കിലും, മൂന്നു ദിവസത്തിനകം തന്നെ ആ ചിത്രം വെച്ച്, മരിച്ച കുട്ടിയുടെ അമ്മൂമ്മ കുഞ്ഞിനെ തിരിച്ചറിഞ്ഞു. ഡിഎൻഎ ടെസ്റ്റിൽ അത് ആ കുഞ്ഞ് അതുതന്നെ എന്ന് സ്ഥിരീകരിക്കപ്പെടുകയും ചെയ്തു. ആ കേസിലെ വേദനിപ്പിക്കുന്ന ഒരു സത്യം, കുഞ്ഞിനെ കൊന്നത് അമ്മയും, രണ്ടാനച്ഛനും ചേർന്നായിരുന്നു എന്നതാണ്.
പൊലീസ് സർവീസിൽ നിന്നും വിരമിച്ച ശേഷം ഗിബ്‌സൺ ഫോറൻസിക് ആർട്ടിൽ ക്‌ളാസ്സുകൾ എടുക്കുന്നു. അമേരിക്കൻ സർവകലാശാലകളിൽ ഈ വിഷയത്തിൽ പഠിപ്പിക്കാൻ ഉപയോഗിക്കുന്ന പ്രധാന ടെക്സ്റ്റ് ബുക്കുകളിൽ ഒന്ന് ലൂയിസ് ഗിബ്‌സൺ രചിച്ച 'ഫോറൻസിക് ആർട്ട് എസ്സെൻഷ്യൽസ്' ആണ്.
'ഗിബ്‌സൺ ഗിന്നസ് ബുക്ക് ഓഫ് റെക്കോർഡ്സിന്റെ സർട്ടിഫിക്കറ്റിനൊപ്പം '
ഇന്ന് വാർധക്യത്തിൽ വിശ്രമജീവിതം നയിക്കുമ്പോഴും ലൂയിസ് ഗിബ്‌സൺ എന്ന ഈ അപൂർവ സിദ്ധിയുള്ള കലാകാരിയ്ക്ക് സ്വസ്ഥതയില്ല. പത്രങ്ങളിൽ ഓരോ കുറ്റകൃത്യങ്ങളുടെ വാർത്തകൾ വായിക്കുമ്പോഴും അറിയാതെ അവരുടെ കൈ തരിക്കും. തന്റെ ഇടപെടൽ ഇല്ലാത്തതുകൊണ്ട് ഒരു കുറ്റവാളി സ്വതന്ത്രനായി സമൂഹത്തിൽ വിഹരിക്കുന്നു എന്ന കുറ്റബോധം അവരെ അലട്ടും.
" നാളെ എന്റെ കൈ അറ്റുപോയാൽ, ഒരു കൊളുത്ത് പിടിപ്പിച്ചും ഞാൻ വര തുടരും.." ലൂയിസ് ഗിബ്‌സൺ പറയുന്നു.