സ്ത്രീകളിലെ വന്ധ്യത; സൂക്ഷിക്കേണ്ട അഞ്ച് കാര്യങ്ങള്‍...
കുഞ്ഞുങ്ങള്‍ വേണമെന്നാഗ്രഹിച്ചിട്ടും അതിനുള്ള തയ്യാറെടുപ്പുകളെല്ലാം നടത്തിയിട്ടും ഗര്‍ഭം ധരിക്കാത്ത സാഹചര്യമുണ്ടാകുന്നു. ഈ ഘട്ടത്തില്‍ സ്ത്രീകൾ കണക്കിലെടുക്കേണ്ട അഞ്ച് കാര്യങ്ങൾ. നിങ്ങളുടെ ശീലങ്ങളും പതിവുകളും ആരോഗ്യാവസ്ഥകളുമെല്ലാം ഇതിലുൾപ്പെടുന്നു
വന്ധ്യത, അത് സ്ത്രീകളിലും പുരുഷന്മാരിലുമെല്ലാം വര്‍ധിച്ചുവരുന്ന ഒരു കാലഘട്ടമാണിത്. പ്രധാനമായും ജീവിതരീതികള്‍ തന്നെയാണ് ഇതില്‍ വില്ലനായി വരുന്നത്. ഇതോടൊപ്പം തന്നെ ഒരുപിടി കാര്യങ്ങള്‍ ശ്രദ്ധയോടെ നിരീക്ഷിക്കുന്നതിലൂടെ വന്ധ്യതയെ ഒരുപക്ഷേ എളുപ്പത്തില്‍ തിരിച്ചറിയാനാകും. അത്തരത്തില്‍ സ്ത്രീകളിലെ വന്ധ്യതയുമായി ബന്ധപ്പെട്ട് കരുതേണ്ട അഞ്ച് കാര്യങ്ങളെക്കുറിച്ചാണ് ഇനി പറയുന്നത്.
ഒന്ന്...
ആര്‍ത്തവചക്രത്തില്‍ കാണപ്പെടുന്ന മാറ്റങ്ങളാണ് വന്ധ്യതയെ സൂചിപ്പിക്കുന്ന ഏറ്റവും സുപ്രധാനമായ ഘടകം. പതിവായി തെറ്റിവരുന്ന ആര്‍ത്തവം, അതുപോലെ നീണ്ട കാലത്തേക്ക് ആര്‍ത്തവമില്ലാതിരിക്കുന്ന അവസ്ഥ- ഇതെല്ലാം വന്ധ്യതയിലേക്ക് വിരല്‍ചൂണ്ടുന്നതാണ്. കൃത്യമായ അണ്ഡോത്പാദനം നടക്കുന്നില്ലെന്നാണ് ഇത് സൂചിപ്പിക്കുന്നത്. എന്നാല്‍ എല്ലാ സാഹചര്യങ്ങളിലും ആര്‍ത്തവപ്രശ്‌നങ്ങള്‍ വന്ധ്യതയിലേക്ക് തന്നെ വന്നെത്തണമെന്നുമില്ല. അതിനാല്‍ സ്ഥിരമായ ആര്‍ത്തവപ്രശ്‌നങ്ങളുള്ളവര്‍ തീര്‍ച്ചയായും ഒരു ഗൈനക്കോളജിസ്റ്റിനെ കാണുന്നതാണ് നല്ലത്.
രണ്ട്...
കുഞ്ഞുങ്ങള്‍ വേണമെന്നാഗ്രഹിച്ചിട്ടും അതിനുള്ള തയ്യാറെടുപ്പുകളെല്ലാം നടത്തിയിട്ടും ഗര്‍ഭം ധരിക്കാത്ത സാഹചര്യമുണ്ടാകുന്നു. ഈ ഘട്ടത്തില്‍ നിങ്ങളുടെ പ്രായവും ഒരു ഘടകമായി വന്നേക്കാം. നിങ്ങള്‍ മുപ്പത്തിയഞ്ച് വയസ് പിന്നിട്ടയാളാണെങ്കിലാണ് ഇക്കാര്യം ഗൗരവത്തിലെടുക്കേണ്ടത്. കാരണം മുപ്പത്തിയഞ്ച് വയസ് പിന്നിട്ട സ്ത്രീകളില്‍ ഗര്‍ഭധാരണത്തിന് പ്രശ്‌നങ്ങള്‍ നേരിടാറുണ്ട്.
അതേസമയം മുപ്പത്തിയഞ്ച് വയസ് പിന്നിട്ട എല്ലാ സ്ത്രീകളിലും വന്ധ്യതയ്ക്ക് സാധ്യതയുണ്ടെന്ന് എന്നല്ല ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്.
മൂന്ന്...
ഗര്‍ഭധാരണവും സ്ത്രീകളുടെ ആരോഗ്യാവസ്ഥയും തമ്മില്‍ ചില ബന്ധങ്ങളുണ്ട്. ഒരുപാട് തടി കൂടുതലുള്ളവരിലും അതുപോലെ തന്നെ ഒട്ടും തടിയില്ലാത്തവരിലും വന്ധ്യതയുടെ സാധ്യതകള്‍ താരതമ്യേന സാധാരണക്കാരെക്കാള്‍ കൂടുതലായി കാണാറുണ്ട്. സാധ്യതകള്‍ എന്ന് മാത്രമാണ് സൂചിപ്പിക്കുന്നത്. അഥവാ, ഗര്‍ഭധാരണം വൈകുന്നുവെങ്കില്‍ ഈ ഘടകം കൂടി ഓര്‍ക്കാമെന്ന് സാരം.
നാല്...
പതിവായി മദ്യപിക്കുകയോ പുകവലിക്കുകയോ ചെയ്യുന്ന സ്ത്രീകളിലും വന്ധ്യതയ്ക്കുള്ള സാധ്യതകള്‍ കൂടുതലാണ്. അതിനാല്‍ ഗര്‍ഭധാരണത്തിന് തയ്യാറെടുക്കുമ്പോള്‍ മുതല്‍ തന്നെ ഈ ശീലങ്ങള്‍ പരിപൂര്‍ണ്ണമായും ഉപേക്ഷിക്കുക.
മാസങ്ങളോളം ഇതില്‍ നിന്നെല്ലാം വിട്ടുനിന്ന്, ശരീരത്തെ അല്‍പമെങ്കിലും ലഹരിമുക്തമാക്കിയ ശേഷം മാത്രം കുഞ്ഞുങ്ങള്‍ക്ക് വേണ്ടിയുള്ള ശ്രമം തുടങ്ങുന്നതാണ് ഏറ്റവും ഉത്തമം.
അഞ്ച്...
വിഷാദമോ മമൂഡ് സ്വിംഗ്‌സോ ഉത്കണ്ഠയോ പോലുള്ള മാനസിക പ്രശ്‌നങ്ങള്‍ക്ക് മരുന്ന് കഴിക്കുന്നവരാണോ നിങ്ങള്‍ എങ്കില്‍ ഒന്ന് കരുതുക, ഇത്തരം മരുന്നുകളും ചിലരെ വന്ധ്യതയിലേക്ക് നയിക്കാറുണ്ട്. എന്നാല്‍ എല്ലാവരിലും ഈ സാഹചര്യമുണ്ടാകണമെന്ന് നിര്‍ബന്ധവുമില്ല. ഗര്‍ഭധാരണത്തിന് തയ്യാറെടുക്കുമ്പോള്‍ മുതല്‍ തന്നെ ആരോഗ്യകരമായ മനസിന് വേണ്ട കാര്യങ്ങള്‍ ചെയ്തുതുടങ്ങാം, ഒപ്പം മരുന്നുകളും നിര്‍ത്താം. അത് തീര്‍ച്ചയായും ചികിത്സിക്കുന്ന ഡോക്ടറുടെ നിര്‍ദേശപ്രകാരം മാത്രമേ ചെയ്യാവൂ എന്നും ഓര്‍ക്കുക.