ഈ ഇത്തിരിക്കോളം ഡ്രസ്സിട്ട് പബ്ലിക്കായി നിൽക്കണ ഇവരെയൊക്കെ ആര് കെട്ടാനാണ്...; ഇന്നത്തെ ന്യൂജെൻ ചിന്താഗതി ഇങ്ങനെയൊക്കെയാണോ, ആ അമ്മ പറയുന്നതിങ്ങനെ...
വെറും കാണികൾ മാത്രമായി, തിമിരം ബാധിച്ച കണ്ണുകളോടെ, സ്പോർട്സ് എന്താണെന്നറിയാതെ, കഴിവുകൾ കാണുന്നതിലുപരി ശരീരത്തിലേക്ക് കാഴ്ചയെ സൂം ചെയ്യുന്ന ചിലർ. സ്വയമൊരു കഴിവും എടുത്തു പറയാനില്ലെങ്കിൽ മിണ്ടാതിരുന്ന് കണ്ട് അവരെ അംഗീകരിച്ച് കയ്യടിച്ച് തിരിച്ചു പോവുന്നതല്ലേ മര്യാദ.. കയ്യടിച്ചില്ലെങ്കിലും, അംഗീകരിച്ചില്ലെങ്കിലും കുറഞ്ഞത് മിണ്ടാതിരിക്കുകയാണ് ചെയ്യേണ്ടതെന്ന് ആ അമ്മ പറയുന്നു.
കഴിഞ്ഞ വർഷത്തെ ജൂനിയർ അത്ലറ്റിക് മീറ്റ് എറണാകുളം മഹാരാജാസ് ഗ്രൗണ്ടിൽ നടക്കുന്ന സമയം.ഇളയ മകളും പങ്കെടുക്കുന്നുണ്ടായിരുന്നു. എല്ലാ പെൺകുട്ടികളും സ്ലീവ് ലസ്ടോപ്പും ഷോട്സുമാണ് ധരിച്ചിരുന്നത്. കാണാൻ വന്നു നിൽക്കുന്ന ന്യൂജൻ ആൺകുട്ടികളുടെ ഒപ്പം ഞാനും മകളുടെ ട്രെയ്നറുമുണ്ട്.
തുടക്കം കാണാനുള്ള സൗകര്യത്തിന് നിന്നതാണ് അവിടെ. കുട്ടികൾ മത്സരത്തിന്റെ പിരിമുറുക്കത്തിൽ ട്രാക്കിൽ നിൽക്കയാണ്,, ഉടനെ തന്നെ അടുത്തു നിന്ന ഒരുവന്റെ ആത്മഗതം " ഈ ഇത്തിരിക്കോളം ഡ്രസ്സിട്ട് പബ്ലിക്കായി നിൽക്കണ ഇവരെയൊക്കെ ആര് കെട്ടാനാണ്...". ഇന്നത്തെ ന്യൂജെന്റെ ചിന്താഗതി ഇങ്ങനെയൊക്കെയാണോ എന്ന് ആ അമ്മ ചോദിക്കുന്നു.
വെറും കാണികൾ മാത്രമായി, തിമിരം ബാധിച്ച കണ്ണുകളോടെ, സ്പോർട്സ് എന്താണെന്നറിയാതെ, കഴിവുകൾ കാണുന്നതിലുപരി ശരീരത്തിലേക്ക് കാഴ്ചയെ സൂം ചെയ്യുന്ന ചിലർ. സ്വയമൊരു കഴിവും എടുത്തു പറയാനില്ലെങ്കിൽ മിണ്ടാതിരുന്ന് കണ്ട് അവരെ അംഗീകരിച്ച് കയ്യടിച്ച് തിരിച്ചു പോവുന്നതല്ലേ മര്യാദ.. കയ്യടിച്ചില്ലെങ്കിലും, അംഗീകരിച്ചില്ലെങ്കിലും കുറഞ്ഞത് മിണ്ടാതിരിക്കുകയാണ് ചെയ്യേണ്ടതെന്ന് ആ അമ്മ പറയുന്നു. ആ അമ്മയുടെ ഫേസ്ബുക്ക് പോസ്റ്റ് താഴേ ചേർക്കുന്നു...
ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ...
നിലംപതിച്ചേക്കാവുന്ന ഒരു ഗർഭപാത്രത്തിന്റെ ഉടമയുടെ അമ്മയ്ക്ക് പറയാനുള്ളത്
*......... *........... *........... *........... *.............. *
സ്പോർട്സിന്റെ കാര്യത്തിൽ, കഴിവുകൾക്കപ്പുറം ആ കഴിവുകൾ പ്രകടമാക്കുന്ന സമയങ്ങളിലെ വസ്ത്രധാരണത്തെക്കുറിച്ച്,, അവരുടെ ശരീരത്തെക്കുറിച്ച് അങ്ങേയറ്റം തരംതാണ രീതിയിൽ വിഷയമായെടുത്ത് ചർച്ച ചെയ്ത് വിമർശിക്കുന്ന ചിലത് കാണാനിടയായി,,, അവരുടെ അഭിപ്രായങ്ങളിൽ നിന്നും മനസ്സിലായത് സാധാരണ വസ്ത്രങ്ങൾ ധരിച്ച് പങ്കെടുക്കാവുന്ന സ്പോർട്സ് ഐറ്റങ്ങൾ സ്ത്രീകൾക്ക് വേണ്ടി കണ്ടു പിടിക്കണമെന്നാണ്,,, ഈ വിഷയം പൊതുവായതിൽ നിന്നും മാറി നിന്ന് വ്യക്തിപരമായി തന്നെ എടുക്കയാണ്...
2018ലെ ജൂനിയർ അത്ലറ്റിക് മീറ്റ് എറണാകുളം മഹാരാജാസ് ഗ്രൗണ്ടിൽ നടക്കുമ്പോൾ ഇളയ മകൾ ഗൗരി 400 mtr ന് പങ്കെടുക്കുന്നുണ്ട്,, ട്രാക്കിലെ എട്ട് പെൺകുട്ടികളും സ്ലീവ്ലസ് ടോപ്പിലും ടൈറ്റ്സിലും ആണ്.. പിഴയ്ക്കുന്നത് പലപ്പോഴും ബ്ലോക്കിൽ നിന്നും കാലെടുത്ത് സ്റ്റാർട്ട് ചെയ്യുന്ന സമയത്തായത് കൊണ്ട്, അത് വ്യക്തമായി കാണാൻ സ്റ്റാർട്ടിംഗ് പോയിന്റിന്റെ അടുത്ത് തന്നെ കമ്പിവലവേലിക്കരുകിൽ നിൽക്കയായിരിന്നു.. പങ്കെടുക്കുന്ന മറ്റു കുട്ടികളുടെ മാതാപിതാക്കളും ഉണ്ട്,, കൂടെ ന്യൂജെൻ എന്ന ഓമനപ്പേരിൽ പറയപ്പെടുന്ന പുറത്തുള്ള കുറച്ച് ആൺകുട്ടികളും അവരുടെ സുഹൃത്തുക്കളായ പെൺകുട്ടികളും ഉണ്ട് അവിടെ,, മത്സരത്തിന്റെ പിരിമുറുക്കം ട്രാക്കിലെ മുഖങ്ങളിൽ വ്യക്തമാണ്,,
സ്റ്റാർട്ടിംഗിനു മുൻപ്, തൊട്ടടുത്ത് നിന്ന ഒരുവൻ, അത്രയും നേരം ട്രാക്കിലുള്ളവരെ നോക്കി നിശബ്ദമായി നിൽക്കയായിരുന്നു ആൾ, ആ നേരംവരെ മൗനമായി നിന്ന് ചിന്തിച്ചെടുത്ത, അവനെ സംബന്ധിച്ച് ഭീകരമായ ഒരു പ്രശ്നം ആത്മഗതമായി, ഉറക്കെ തമാശയെന്ന രൂപേണ പുറത്ത് വന്നു,,
" ഈ ഇത്തിരിക്കോളം ഡ്രസ്സിട്ട് പബ്ലിക്കായി നിൽക്കുന്ന ഇവരെയൊക്കെ ആര് കെട്ടും "
നിർഭാഗ്യമോ, ഭാഗ്യമോ, !!? ട്രാക്കിൽ നിന്ന പെൺകുട്ടികളും അത് കേട്ടു. പിരിമുറുക്കങ്ങൾ ഒന്നയഞ്ഞ് ചുണ്ടിലൊരു കോണിൽ ചിരി കണ്ടു,,, അവർ അവൻ നിന്ന ഭാഗത്തേയ്ക്കൊന്ന് നോക്കി...
"പോട പുല്ലേ.. നീ കാണാൻ നിൽക്കയാണ്, ഞങ്ങൾ ട്രാക്കിലും " എന്ന് ഒരു നോട്ടംകൊണ്ട്, പറയാതെ പറഞ്ഞ് അവർ ബ്ലോക്കിൽ കാലങ്ങ് ഉറപ്പിച്ചു വച്ചു,,
ട്രാക്കിലെ എട്ട് പെൺകുട്ടികളെയും ഞാൻ മനസ്സുകൊണ്ട് ചേർത്തു പിടിച്ചുമ്മ വച്ചു..
"നീയതിൽ വിഷമിക്കണ്ട " എന്നു പറഞ്ഞ് അവിടെയുണ്ടായിരുന്ന മാതാപിതാക്കളിലാരോ അവനോട് കയർക്കുന്നുണ്ടായിരുന്നു,, അവന് കമിഴ്ത്തിവച്ച ഒരു കുടത്തിന്റെ ഷേപ്പ് തോന്നിയത്കൊണ്ട്, വെള്ളം ഒഴിക്കാൻ നിൽക്കേണ്ടതില്ല എന്ന് തോന്നി ഞാൻ മത്സരത്തിലേക്ക് പോയി,,
പക്ഷേ, കഷ്ടം തോന്നിയ ഒറ്റക്കാര്യം, കൂടെയുണ്ടായ സുഹൃത്തുക്കളായ പെൺകുട്ടികളും അതിരസകരമായ അവന്റെ ആ തമാശ കേട്ട് ചിരിച്ചു എന്നതാണ്,, സ്വന്തം വർഗ്ഗത്തിനെ തരംതാഴ്ത്തി ആക്ഷേപിക്കുന്നത് കേട്ട് ആസ്വദിക്കുന്ന ഒരേ ഒരു ജീവി മനുഷ്യരായിരിക്കണം,,
പ്രണയിക്കാനും, ചുംബിക്കാനും.. വ്യക്തിസ്വാതന്ത്രത്തിനും വേണ്ടി കെട്ടുപാടുകൾ അഴിച്ചു വിടണമെന്നു പറഞ്ഞ് മുഷ്ടി ചുരുട്ടുന്ന പുതുതലമുറയാണ്,,, (ഒന്നടങ്കമെന്ന് പറയുന്നില്ല ..,ചിലരെങ്കിലും) ഈയൊരു കാഴ്ച കണ്ട് സ്ത്രീകളുടെ അഭിമാനത്തിന് മുറിവുണ്ടായത് സഹിക്കാൻ പറ്റാതെ വിമർശിക്കുന്നത്,,
വിമർശിക്കുന്നവരിൽ പക്വതയെത്തിയ മുതിർന്ന മനുഷ്യരുമുണ്ടെന്നുള്ളതാണ്,, അവരനുവദിച്ചു കൊടുത്തിട്ടുണ്ട് എവിടെ, എങ്ങനെ, എത്രത്തോളം ആത്മവിശ്വാസം ഏതളവ് വരെ സ്ത്രീകൾക്ക് പ്രകടിപ്പിക്കാം എന്നത്.. അതിനപ്പുറം പോയാൽ അത് സ്പോർട്സിലാണെങ്കിൽ പോലും, അസഹിഷ്ണുത കൊണ്ട് വാക്കുകൾ ഏറ്റവും തരം താണ രീതിയിൽ പുറത്ത് വരും,,
വെറും കാണികൾ മാത്രമായി, തിമിരം ബാധിച്ച കണ്ണുകളോടെ, സ്പോർട്സ് എന്താണെന്നറിയാതെ, കഴിവുകൾ കാണുന്നതിലുപരി ശരീരത്തിലേക്ക് കാഴ്ചയെ സൂം ചെയ്യുന്ന ചിലർ.., സ്വയമൊരു കഴിവും എടുത്തു പറയാനില്ലെങ്കിൽ മിണ്ടാതിരുന്ന് കണ്ട് അവരെ അംഗീകരിച്ച് കയ്യടിച്ച് തിരിച്ചു പോവുന്നതല്ലേ മര്യാദ.. കയ്യടിച്ചില്ലെങ്കിലും, അംഗീകരിച്ചില്ലെങ്കിലും കുറഞ്ഞത് മിണ്ടാതിരിക്കയെങ്കിലും ചെയ്യാം,,, അവരുടെ വസ്ത്രധാരണത്തേയും ഭാവിയേയും കുറിച്ചോർത്ത് ആകുലപ്പെടാനുള്ള ഭാരിച്ച ഉത്തരവാദിത്വം ഏറ്റെടുത്ത് ബുദ്ധിമുട്ടുന്നതെന്തിന്,,?
ഓടിയാലോ ചാടിയാലോ വീണുപോകുന്ന ഗർഭപാത്രങ്ങളെ ഓർത്ത് ഇവർ വിലപിക്കാൻ ഇവരുടെ തലമുറകൾ അവിടെ മുളപ്പിക്കാൻ മാത്രം വിഡ്ഢികളല്ല ആ പെൺകുട്ടികളൊന്നും,, പമ്പരവിഡ്ഢിത്തങ്ങളുടെ ഹോൾസെയ്ൽ വിതരണക്കാരുടെ ചില പേരിനു മുന്നിൽ പ്രൊഫസർ എന്ന സീൽ വച്ച വിഡ്ഢി തമ്പുരാക്കൻമാരും... ഇത്തരക്കാരുടെ സ്വന്തമോ, ബന്ധമോ ആയ ഒരുവൾ സ്പോർട്സിൽ നിൽക്കുമ്പോളല്ലാതെ ഇവർക്ക് അതിന്റെ മഹത്വം, അർപ്പണം, വില,, മാനസിക സമ്മർദ്ധം ഇവയൊക്കെ ഇവരുടെ അച്ഛനോ, അച്ഛന്റെഅച്ഛനോ മൺമറഞ്ഞ കാരണവർമാരോ ശ്രമിച്ചാൽ പോലും മനസ്സിലാവാൻ ഒരു സാധ്യതയുമില്ല.
സാധാരണനിലയിൽ വളരുന്ന പെൺകുട്ടികളേക്കാളുപരി മനസ്സിലുറപ്പിച്ച ഒരു ലക്ഷ്യത്തിനു വേണ്ടി, വളരുന്ന പ്രായത്തിലെ വർണ്ണങ്ങളും രുചികളും ഉപേക്ഷിച്ച്, കടുത്ത പരിശീലനത്തിൽ ജീവിതം തന്നെ സമർപ്പിച്ചിട്ടാണ് ഈ പെൺകുട്ടികൾ സ്പോർട്സ് എന്ന വേദിയിൽ നിൽക്കുന്നത്,, സ്വന്തം മുഖസൗന്ദര്യത്തേക്കാൾ ശരീരത്തിന്റെ ഫിറ്റ്നസ്സിന് പ്രാധാന്യം കൊടുക്കുന്നവർ,, മഴയത്തും വെയിലത്തും മറ്റുള്ളവർ കുട ചൂടുമ്പോൾ പ്രകൃതിയെ മറയില്ലാതെ ഏറ്റുവാങ്ങി പരിശീലനത്തിലാവുമവർ,, കോംപാക്ട് പൗഡറും, ഐ ലൈനറും, ലിപ്സ്റ്റിക്കും, ഒക്കെ അവരുടെ ചോയ്സിൽ അവസാനത്തേത് പോലുമല്ല ആ സമയങ്ങളിൽ,, പിന്നെയാണ് ആരു കല്യാണം കഴിക്കുമെന്നും,, ഗർഭപാത്രമുടയുമെന്നുമുള്ള ഭീഷിണികൾ,,,
വിമർശിക്കുന്ന ഇത്തരക്കാർക്കാർക്കില്ലാത്ത ഒന്നുണ്ട് ഈ പെൺകുട്ടികൾക്ക് ഉറപ്പുള്ള ഒരു ലക്ഷ്യം,, അതിനുള്ള പോരാട്ടത്തിനിടയിൽ ഒരു വ്രതമെന്ന രീതിയിൽ ജീവിതത്തെ സെറ്റ് ചെയ്തു വച്ചിരിക്കുന്ന പെൺകുട്ടികളോട് അവരുടെ ഡ്രസ്സിംഗിനെ കുറിച്ചും, ഗർഭപാത്രത്തെക്കുറിച്ചും പറഞ്ഞ് സ്വയം ചൊറിയൻ പുഴുക്കളാവാതെ നിശബ്ദരായിരിക്കുക,, സ്വന്തം സ്ത്രീകളെ ചാക്കിൽ, കെട്ടി വയ്ക്കുക,,, വിമർശകരായ സ്ത്രീകൾ "കുല "ചിന്തകൾക്കും, ഗർഭപാത്രത്തിനും ഉടവു തട്ടാതെ അനങ്ങാതെ സൂക്ഷിച്ച് നടക്കുക,,,
ഓണക്കോടിക്കു പകരം, വിഷുകൈനീട്ടത്തിനു പകരം " എനിക്കൊരു ഒരു സ്പൈക്കോ..., ട്രാക്ക് സ്യൂട്ടോ മതി" എന്ന് പറയുന്ന ഒരുവളുടെ അമ്മയാണ് ഞാൻ,, മകൾക്ക് നഷ്ടപ്പെടുന്ന പെൺവർണ്ണങ്ങളോർത്ത്, അവളുടെ ലക്ഷ്യപ്രാപ്ത്തിക്കു വേണ്ടി എന്റെ നെഞ്ചിൽനിന്നടർന്ന് അകലെയാണെന്നോർത്ത് തരിമ്പും സങ്കടമില്ലാതെ, ട്രാക്കിലെ അവളുടെ കുതിപ്പ് നോക്കി ഇനിയും ഇനിയും എന്ന് വെമ്പൽ കൊള്ളുന്ന അമ്മ,,, ഞാൻ മാത്രമല്ല സ്പോർട്സിലേക്ക് ജീവിതം സമർപ്പിച്ച എല്ലാ പെൺകുട്ടികളുടേയും അമ്മമാർ ഇങ്ങിനെ തന്നെയാണ്,, ഇങ്ങിനെ ആവാനേ പറ്റൂ,, മകളെ സുന്ദരിയാക്കുന്ന മേക്കപ്പ് തുടച്ചു കൊടുക്കുന്നതിനേക്കാൾ ഞങ്ങൾക്ക് തൃപ്തി,, അഭിമാനം:- ഒരു കുതിപ്പിന്റെ അവസാനം കിതച്ചു നിൽക്കുന്ന അവളുടെ മുഖത്തെ വിയർപ്പ് തുടച്ചു കൊടുക്കുന്നതാണ്,, അതുമാത്രമാണ്
എന്ന്
ഗൗരിയുടെ അമ്മ