കുഞ്ഞിന് ജന്മം നല്‍കിയിട്ട് വെറും 30 മിനിറ്റ്; ആശുപത്രി ബെഡില്‍ ഇരുന്ന് പരീക്ഷ എഴുതി യുവതി
ഗര്‍ഭിണിയാണെന്ന് വെച്ച് ഒരുവര്‍ഷം കളയാന്‍ ഈ മിടുക്കി തയ്യാറല്ലായിരുന്നു.
എത്യോപ്യ: ഗര്‍ഭിണിയായിരിക്കുമ്പോളത്തെ ശാരീരിക അവശതകളും ബുദ്ധിമുട്ടുകളുമെല്ലാം മറന്ന് ജോലി ചെയ്യുകയും പരീക്ഷകള്‍ എഴുതി ഉന്നത വിജയം നേടുകയും ചെയ്ത നിരവധി മിടുക്കികള്‍ നമുക്ക് ചുറ്റുമുണ്ടാകും. എന്നാല്‍ കുഞ്ഞിന് ജന്മം നല്‍കി വെറും മുപ്പത് മിനിറ്റ് കഴിഞ്ഞ് ആശുപത്രിയിലെ ബെഡില്‍ ഇരുന്ന് സെക്കന്‍ററി സ്കൂള്‍ പരീക്ഷ എഴുതി ഒരു യുവതി. അവളെ നമുക്ക് നിശ്ചയദാര്‍ഢ്യത്തിന്‍റെ പ്രതീകമെന്ന് തന്നെ വിശേഷിപ്പിക്കാം. എത്യോപ്യന്‍ സ്വദേശിയായ അല്‍മാസ് ദേരെസ എന്ന 21 കാരിയാണ് ആ മിടുക്കി.
അല്‍മാസിന് അടുത്തവര്‍ഷം വേണമെങ്കില്‍ പരീക്ഷ എഴുതാമായിരുന്നു. എന്നാല്‍ ഗര്‍ഭിണിയാണെന്ന് വെച്ച് ഒരുവര്‍ഷം കളയാന്‍ ഈ മിടുക്കി തയ്യാറല്ലായിരുന്നു. പ്രസവ തിയതിക്ക് മുമ്പ് പരീക്ഷ എഴുതാന്‍ കഴിയുമെന്നായിരുന്നു അല്‍മാസിന്‍റെ പ്രതീക്ഷ. എന്നാല്‍ റമദാന്‍ മൂലം പരീക്ഷ തിയതി നീട്ടി വച്ചു. എങ്കിലും അതൊന്നും അല്‍മാസിന് ഒരു വിഷയമല്ലായിരുന്നു. വരും ദിവസങ്ങളില്‍ ബാക്കിയുള്ള വിഷയങ്ങള്‍ എഴുതാനുള്ള തയ്യാറെടുപ്പിലാണ് അല്‍മാസ്.