കൊന്നത് സ്വന്തം അച്ഛനെ, എന്നിട്ടും ആ മൂന്നു സഹോദരിമാരുടെ മോചനത്തിനായി നാട് ഒറ്റക്കെട്ട്..!
അച്ഛൻ ഉറങ്ങി എന്ന് ഉറപ്പായപ്പോൾ ആ മൂന്നു പെൺകുട്ടികളും തിരിച്ച് അതേ മുറിയിലേക്കുതന്നെ വന്നു. ഇത്തവണ, ഒറ്റയ്‌ക്കൊറ്റയ്ക്കല്ല..! മൂന്നുപേരും ഒന്നിച്ചാണ് വന്നത്.
ഇത് മൂന്നു സഹോദരിമാരുടെ കഥയാണ്. ക്രെസ്റ്റീന, എയ്ഞ്ചലീനാ, മരിയ. അവരുടെമേൽ ചാർത്തപ്പെട്ടിരിക്കുന്നത് കൊലപാതകക്കുറ്റമാണ്. 57 വയസ്സുള്ള ഒരാളെ അവർ മൂന്നുപേരും ചേർന്ന് കൊന്നുകളഞ്ഞു. മറ്റാരെയുമല്ല, സ്വന്തം അച്ഛനെ. ഇന്ന് റഷ്യയിൽ ഏറ്റവുമധികം ചർച്ച ചെയ്യപ്പെടുന്ന പേരുകളാണ് അവരുടേത്. അവരെ വെറുതെവിടണം എന്ന് അപേക്ഷിച്ചുകൊണ്ട് ലക്ഷക്കണക്കിന് പേർ ഒപ്പിട്ട ഒരു നിവേദനം ന്യായാസനത്തിനു മുമ്പിൽ എത്തിയിരിക്കുകയാണ്. അറിയാം, അവരുടെ ജീവിതത്തെപ്പറ്റി, മൂന്നു പെൺകുട്ടികൾ എങ്ങനെ സ്വന്തം അച്ഛനെത്തന്നെ കൊന്നുകളയാൻ നിർബന്ധിതരായി എന്നതിനെപ്പറ്റി...
2018, ജൂലൈ 27 വൈകുനേരം: മിഖായിൽ ഖാചാതുറിയാൻ എന്ന 57 വയസ്സുകാരൻ തന്റെ മൂന്നുമക്കളെയും ഒറ്റയ്‌ക്കൊറ്റയ്ക്ക് കിടപ്പുമുറിയിലേക്ക് വിളിച്ചുവരുത്തി. ഫ്ലാറ്റ് അലങ്കോലമാക്കിയിട്ടതിന്, നന്നായി വൃത്തിയാക്കാതിരുന്നതിന് അവരെ കണക്കറ്റു ശാസിച്ചു, തുടർന്ന് ഓരോരുത്തരുടെയും മുഖത്തേക്ക് അയാൾ കുരുമുളക് സ്പ്രേ അടിച്ചു. നിലവിളിച്ചുകൊണ്ട് മുറിവിട്ടു പുറത്തേക്കോടി അവർ. സ്വന്തം മുറികളിൽ ചെന്നിരുന്നു കരഞ്ഞു. കുറച്ചുനേരം കഴിഞ്ഞപ്പോൾ അയാളുടെ കോപമടങ്ങി. അയാൾ കിടന്നുറക്കം പിടിച്ചു.
അച്ഛൻ ഉറങ്ങി എന്ന് ഉറപ്പായപ്പോൾ ആ മൂന്നു പെൺകുട്ടികളും തിരിച്ച് അതേ മുറിയിലേക്കുതന്നെ വന്നു. ഇത്തവണ, ഒറ്റയ്‌ക്കൊറ്റയ്ക്കല്ല..! മൂന്നുപേരും ഒന്നിച്ചാണ് വന്നത്. അവർ മൂന്നുപേരും കൂടി സ്വന്തം അച്ഛനെ കത്തിയും, ചുറ്റികയും, പെപ്പർ സ്പ്രേയും ഒക്കെ ഉപയോഗിച്ച് കൊന്നുകളഞ്ഞു. കത്തി കൊണ്ട് കഴുത്തിലും നെഞ്ചത്തും വയറ്റിലും മുറിവുണ്ടാക്കി.ചുറ്റികകൊണ്ട് അടിച്ചുപൊളിച്ചു. കണ്ണിൽ തന്നെ പെപ്പർ സ്പ്രേ കുപ്പി മുഴുവൻ അടിച്ചു തീർത്തു. കലിയടങ്ങും വരെ അവർ മിഖായിലിനെ ആക്രമിച്ചു. ഒടുവിൽ അയാൾ മരിച്ചപ്പോഴേക്കും അയാളുടെ ദേഹത്ത് കുത്തുകൊണ്ടതിന്റെ മുപ്പത് പാടുകളുണ്ടായിരുന്നു. തലക്ക് ചുറ്റിക കൊണ്ട് അടിയേറ്റതിന്റെ പത്തു മുറിവുകളും മിഖായിലിന്റെ ദേഹത്തുണ്ടായിരുന്നു.
മരിച്ചു എന്നുറപ്പിച്ച ശേഷം അവർ ടെലിഫോണെടുത്തുകറക്കി പോലീസിനെ വിളിച്ചു. എന്നിട്ട് പറഞ്ഞു, " അച്ഛനെ ഞങ്ങൾ കൊന്നു.."
പോലീസ് വന്നു. മൂന്നു സഹോദരിമാരെയും അറസ്റ്റുചെയ്തു. അന്വേഷണവും തുടങ്ങി. ആ അന്വേഷണത്തിൽ വെളിപ്പെട്ടത് ഞെട്ടിപ്പിക്കുന്ന ഭീകരാനുഭവങ്ങളുടെ ഒരു ചരിത്രമായിരുന്നു. ആ വീടിന്റെ നാലുചുവരുകൾക്കുള്ളിൽ മൂന്നു പെൺകുട്ടികളും കൂടി അനുഭവിച്ചുകൊണ്ടിരുന്ന ഒരു നരകത്തിന്റെ വിശദാംശങ്ങൾ. കഴിഞ്ഞ മൂന്നുവർഷങ്ങളായി മിഖായിൽ തന്റെ പെണ്മക്കളെ സ്വന്തം അടിമകളെപ്പോലെയാണ് കണക്കാക്കിയിരുന്നത്. നിരന്തരം മർദ്ദനങ്ങൾക്ക് വിധേയമാക്കപ്പെട്ടു അവർ. ലൈംഗികമായും അവർ പീഡിപ്പിക്കപ്പെട്ടു എന്ന് പെൺകുട്ടികൾ പരാതിപ്പെട്ടിട്ടുണ്ട്.. മിഖായിൽ നഗരത്തിലെ മയക്കുമരുന്ന് മാഫിയയുടെ ഒരു സുപ്രധാന കണ്ണിയാണ് എന്നാണ് ആക്ഷേപം. പെണ്മക്കളുടെ കാര്യത്തിൽ വല്ലാത്ത ഒരു ഉടമസ്ഥതാ ബോധം വച്ചുപുലർത്തിയിരുന്ന മിഖായിൽ, വീട്ടിലെ മുറികളിലെല്ലാം തന്നെ സിസിടിവി കാമറകൾ സ്ഥാപിച്ചിരുന്നു എന്നും, മക്കളെകൊണ്ട് വിവസ്ത്രരായി പരേഡ് നടത്താൻ നിർബന്ധിച്ചിരുന്നു എന്നും പെൺകുട്ടികൾ പൊലീസിനോട് വെളിപ്പെടുത്തിയിരുന്നു.
ഈ പെൺകുട്ടികൾ ഇരകളാണ്, കുറ്റക്കാരല്ല, അവരെ വെറുതെ വിടണം എന്നാവശ്യപ്പെട്ടുകൊണ്ടുള്ള നിരവധി പ്രക്ഷോഭങ്ങൾ റഷ്യയിൽ നടന്നു. ഗാർഹിക പീഡനങ്ങൾക്കെതിരെ ഒരു നിയമവും റഷ്യയിൽ ഇല്ല എന്നതാണ് വാസ്തവം. ആകെയുള്ള 2017-ലെ ഒരു ക്രിമിനൽ വകുപ്പ് പ്രകാരം, സ്വന്തം ഭാര്യയെയോ മക്കളെയോ ഒക്കെ തല്ലുന്നവർക്ക് പരമാവധി കിട്ടാവുന്ന ശിക്ഷ രണ്ടാഴ്ചത്തെ തടവാണ്. കുട്ടികൾ പീഡിപ്പിക്കപ്പെടുന്ന സമയത്ത് അവരുടെ അമ്മയെ മിഖായിൽ അടിച്ച് ഫ്ലാറ്റിൽ നിന്നും പുറത്താക്കിക്കഴിഞ്ഞിരുന്നു. സ്വന്തം മക്കളെ കാണാൻ പോലും അവർക്ക് അനുവാദമുണ്ടായിരുന്നില്ല.
കേസ് ഇപ്പോൾ കോടതിയിലാണ്. അവർക്ക് മൂന്നുപേർക്കും ജാമ്യവും കിട്ടി. പക്ഷേ, കടുത്ത നിയന്ത്രണങ്ങളുണ്ട് ജാമ്യത്തിന്. അതുകൊണ്ടുതന്നെ അവർക്ക് മാധ്യമങ്ങളോട് സംസാരിക്കാൻ അനുവാദമില്ല. കൊലപാതകം കരുതിക്കൂട്ടി നടത്തപ്പെട്ടതാണ് എന്ന് പ്രോസിക്യൂഷൻ വാദിക്കുന്നു. അന്നേ ദിവസം രാവിലെ തന്നെ കത്തി തയ്യാറാക്കി. ചുറ്റികയും കരുതിവെച്ച്, മൂന്നുപേരും കൂടി പ്രതികാരം നടപ്പിലാക്കിയതാണ് എന്നാണ് അവരുടെ വാദം. ഏയ്ഞ്ചലീന ചുറ്റികകൊണ്ട് അടിച്ചു, ക്രെസ്റ്റീന കത്തികൊണ്ട് കുത്തി, മരിയ കുരുമുളക് സ്പ്രേ ചെയ്തു. എന്നാൽ, പ്രതിഭാഗം വക്കീൽ വാദിക്കുന്നത് ഒരു നിവൃത്തിയുമില്ലാതെ വന്നപ്പോൾ, ആത്മരക്ഷാർത്ഥം ആ പാവം പെൺകുട്ടികൾ ചെയ്തുപോയതാണ് ഈ കൊലപാതകം എന്നാണ്. തുടർച്ചയായ പീഡനങ്ങൾക്കിരയാകുകയായിരുന്നു മിഖായിലിനാൽ തന്റെ കക്ഷികൾ എന്ന് അദ്ദേഹം കോടതിയിൽ ബോധിപ്പിച്ചു.
ഇത്തരത്തിലുള്ള ഗാർഹിക പീഡനക്കേസുകൾ റഷ്യയിൽ വർദ്ധിച്ചുവരികയാണ്. സംശയരോഗിയായ ഭർത്താവ് മഴുവെടുത്ത് കൈപ്പത്തികൾ രണ്ടും വെട്ടിക്കളഞ്ഞ മാർഗരീറ്റ ഗ്രീഷേവയുടെ കേസ് നമ്മളാരും മറന്നുകാണില്ല. ഗാർഹിക പീഡനങ്ങൾക്കെതിരെ ശക്തമായ നിയമങ്ങൾ കൊണ്ടുവരാനും, ഗാർഹിക പീഡനങ്ങൾ അനുഭവിക്കുന്നവരെ രക്ഷിക്കാനുള്ള സംവിധാനങ്ങൾ ഏർപ്പെടുത്താനും വേണ്ടി റഷ്യയിൽ സാമൂഹികമായ മുന്നേറ്റങ്ങൾ നടന്നുകൊണ്ടിരിക്കെ, ഈ കേസിന്റെ വിധി എന്താവും എന്നത് റഷ്യൻ സമൂഹം ഉറ്റുനോക്കുന്ന ഒന്നാണ്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ ഇനി ടെലഗ്രാമിലും ലഭിക്കുന്നതിനായി നിങ്ങൾ ചെയ്യേണ്ടത്
1 ) ഫോണിൽ ടെലഗ്രാം ആപ് ഇല്ലാത്തവർ ഈ ലിങ്കിൽ നിന്നും ഡൌൺലോഡ് ചെയ്യുക
2 ) ശേഷം ഏഷ്യാനെറ്റ് ന്യൂസ് ചാനൽ സബ്ബ്‌സ്‌ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യുക