'വീഡിയോ കണ്‍സള്‍ട്ടേഷന് വിളിച്ചപ്പോള്‍ കണ്ണ് നിറഞ്ഞുപോയി'; സജ്‌നയെ പോലുള്ളവരുടെ ദുരിതങ്ങള്‍...
''കഴിഞ്ഞ ദിവസം ഉറക്കമുണര്‍ന്ന് റിലേ വരുന്നതിന് മുന്നേയുള്ള വാട്ട്സാപ്പ് തോണ്ടലില്‍ അവളുടെ ഒരു സെല്‍ഫി വന്ന് കിടക്കുന്നു. താടിരോമങ്ങള്‍ കളയാന്‍ വേണ്ടി ലേസര്‍ ചെയ്തിടത്ത് ഓരോ രോമക്കുഴിയും പഴുത്ത് നിറയെ കുരുക്കള്‍. ആദ്യമായാണ് ഇങ്ങനെ വരുന്നതെന്ന് പറയുമ്പഴും അവള്‍ക്ക് വല്ല്യ ഭാവമാറ്റമൊന്നും കാണാനില്ല. എനിക്കാണേല്‍ അത് കണ്ടിട്ട് സഹിക്കാനാകുന്നുമില്ല...''
എറണാകുളത്ത് റോഡരികില്‍ ബിരിയാണി കച്ചവടം നടത്തി ജീവിക്കുന്ന ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തി സജ്‌ന ഷാജി ഇതിനോടകം തന്നെ മലയാളികള്‍ക്കെല്ലാം സുപരിചിതയായി മാറിയിട്ടുണ്ട്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി സോഷ്യല്‍ മീഡിയ ഏറ്റവുമധികം ചര്‍ച്ച ചെയ്ത ഒരു സംഭവമായിരുന്നു സജ്‌ന ഷാജിയുടെ ഫേസ്ബുക്ക് ലൈവ് വീഡിയോ.
വഴിയരികില്‍ കച്ചവടം നടത്താന്‍ ചിലര്‍ അനുവദിക്കുന്നില്ലെന്നും ഇക്കാര്യം ഉന്നയിച്ച് പൊലീസിനെ സമീപിച്ചപ്പോള്‍ നീതി ലഭിച്ചില്ലെന്നും കാണിച്ച് കരഞ്ഞുകൊണ്ട് സജ്‌ന പോസ്റ്റ് ചെയ്ത ലൈവ് വീഡിയോ വലിയ തോതിലുള്ള ശ്രദ്ധയാണ് പിടിച്ചുപറ്റിയത്. സിനിമാതാരങ്ങള്‍ ഉള്‍പ്പെടെ നിരവധി പേര്‍ സജ്‌നയ്ക്ക് വേണ്ടി രംഗത്തെത്തിയിരുന്നു. വൈകാതെ സജ്‌നയ്ക്ക് സഹായം ഉറപ്പിച്ചുകൊണ്ട് മന്ത്രി കെ കെ ശൈലജയും നടന്‍ ജയസൂര്യയും രംഗത്തെത്തി.
ഇപ്പോഴിതാ സജ്‌നയെ പോലുള്ള ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ അനുഭവിക്കുന്ന ദുരിതങ്ങളെ കുറിച്ച് തുറന്നെഴുതിയിരിക്കുകയാണ് ഡോ. ഷിംന അസീസ്. ആനുകാലിക വിഷയങ്ങളില്‍ നിരന്തരം ഇടപെടുകയും സന്നദ്ധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുകയും ചെയ്യുന്നയാളാണ് ഡോ. ഷിംന അസീസ്.
സജ്‌നയെ പോലുള്ള ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ അനുഭവിക്കുന്ന വേദനകളെ കുറിച്ചാണ് ഡോ. ഷിംന അസീസിന്റെ ഫേസ്ബുക്ക് കുറിപ്പ്. സ്വന്തം ഐഡന്റിറ്റി നിലനിര്‍ത്താന്‍ ഈ വിഭാഗത്തില്‍ പെടുന്നവര്‍ എടുക്കുന്ന വെല്ലുവിളികളെ കുറിച്ചും ഡോ. ഷിംനയുടെ വാക്കുകള്‍ സൂചനകള്‍ നല്‍കുന്നു.
ഡോ. ഷിംനയുടെ കുറിപ്പ് വായിക്കാം...
ചെറുതല്ലാത്തൊരു സൗഹൃദക്കൂട്ടമുണ്ടെനിക്ക്. മക്കളുടെ പ്രായമുള്ളവര്‍ തൊട്ട് അപ്പൂപ്പന്‍മാര്‍ വരെ. അവരെയൊക്കെ സ്നേഹിക്കാനും വര്‍ത്താനം പറഞ്ഞിരിക്കാനുമുള്ള ഇഷ്ടവും ചെറുതല്ല. അതില്‍ ഏറ്റവും വില മതിക്കുന്ന ഒരുവള്‍ പണ്ട് ഒരുവനായിരുന്നു. വ്യക്തമായി പറഞ്ഞാല്‍ അവളൊരു ട്രാന്‍സ്വുമണാണ്.
കഴിഞ്ഞ ദിവസം ഉറക്കമുണര്‍ന്ന് റിലേ വരുന്നതിന് മുന്നേയുള്ള വാട്ട്സാപ്പ് തോണ്ടലില്‍ അവളുടെ ഒരു സെല്‍ഫി വന്ന് കിടക്കുന്നു. താടിരോമങ്ങള്‍ കളയാന്‍ വേണ്ടി ലേസര്‍ ചെയ്തിടത്ത് ഓരോ രോമക്കുഴിയും പഴുത്ത് നിറയെ കുരുക്കള്‍. ആദ്യമായാണ് ഇങ്ങനെ വരുന്നതെന്ന് പറയുമ്പഴും അവള്‍ക്ക് വല്ല്യ ഭാവമാറ്റമൊന്നും കാണാനില്ല. എനിക്കാണേല്‍ അത് കണ്ടിട്ട് സഹിക്കാനാകുന്നുമില്ല.
മരുന്ന് പറഞ്ഞ് കൊടുക്കാനായി വീഡിയോ കണ്‍സള്‍ട്ടേഷന് വിളിച്ചപ്പോള്‍ ശരിക്കും കണ്ണ് നിറഞ്ഞു പോയി. ഒരു പറ്റം രോമങ്ങളുടെ ഏരിയ മുഴുവന്‍ പഴുത്ത് ചുവന്ന് നീര് വെച്ച്...
കിട്ടുന്ന തുച്ഛമായ വരുമാനത്തില്‍ നിന്ന് കാശ് സ്വരുക്കൂട്ടി പല ശാരീരിക ബുദ്ധിമുട്ടുകള്‍ പകരുന്ന മരുന്ന് കഴിച്ച്...ഇതെല്ലാം എന്തിനാണ്? സ്വന്തം ഐഡന്റിറ്റി നില നിര്‍ത്താന്‍... പെണ്ണായിരിക്കാന്‍.
ഇന്ന് വേറൊരു ട്രാന്‍സ്വുമണിന്റെ, കൃത്യമായി പറഞ്ഞാല്‍, കേരളത്തില്‍ ആദ്യമായി ട്രാന്‍സ് ഐഡന്റിറ്റിയില്‍ റേഷന്‍ കാര്‍ഡും ഡ്രൈവിങ്ങ് ലൈസന്‍സും വോട്ടര്‍ കാര്‍ഡും കിട്ടിയ സജ്ന ഷാജിയുടെ ബിരിയാണി കച്ചവടം കുറേ സാമൂഹ്യവിരുദ്ധര്‍ ചേര്‍ന്ന് മുടക്കിയത് പറഞ്ഞവര്‍ പൊട്ടിക്കരയുന്ന വീഡിയോ കണ്ടു.
ട്രെയിനില്‍ ഭിക്ഷാടനം നടത്തിയിരുന്നിടത്ത് നിന്ന് മാറി ആത്മാഭിമാനത്തോടെ ജോലി ചെയ്ത് ജീവിക്കാനായി ഒരു കച്ചവടം തുടങ്ങിയതാണവര്‍. ആരെപ്പോലെയും അധ്വാനിച്ച് തിന്നാന്‍ സകല അവകാശവുമുള്ളൊരു പെണ്ണ്. അവരുടെ അന്നമാണ് മുടക്കിയത്.
ഇതെഴുതിയിടുന്നത്, ഈ പോസ്റ്റര്‍ ഷെയര്‍ ചെയ്യുന്നത്, അവരുടെ പട്ടിണി മാറ്റാനാണ്. കൊറോണയല്ല, അവന്റെ അപ്പന്‍ വന്നാലും മനുഷ്യന്‍ നന്നാവില്ല, ഉപദ്രവങ്ങള്‍ നിലയ്ക്കില്ല, നിലവിളികളും നെടുവീര്‍പ്പുകളും ഇല്ലാതാകില്ല എന്ന് ഈയിടെയായി ഓരോ ദിവസവും ആവര്‍ത്തിച്ച് തെളിയിക്കുന്നുണ്ട്.
കണ്ണീച്ചോരയില്ലാത്ത കിരാതരുടെ കൂട്ടമാണ് നമ്മള്‍. മൃഗങ്ങളൊക്കെ എത്രയോ പാവങ്ങളാണ്, മാന്യരാണ്.
സജ്ന ഒരു കാരണവശാലും പട്ടിണി കിടക്കരുത്. ആ ഉത്തരവാദിത്വം അവരോട് ഈ കൊടുംപാതകം ചെയ്ത സമൂഹത്തിന്റെ ഭാഗമായ നമുക്കോരോരുത്തര്‍ക്കുമുണ്ട്.
ഇനി എറണാകുളത്ത് പോകുന്ന ദിവസം അവരില്‍ നിന്ന് ഒരു പൊതി ബിരിയാണി ഞാനും വാങ്ങും.
സജ്നാ... നിങ്ങള്‍ തനിച്ചല്ല. പൊരുതിയേ മതിയാകൂ. ആരുടെയും മേന്മ കൊണ്ടേയല്ല അവര്‍ ആണോ, പെണ്ണോ ട്രാന്‍സോ ആകുന്നത്.
ജീവിച്ച് കാണിച്ച് കൊടുക്കണം, ഉരുക്കാകണം.
Also Read:- കരഞ്ഞുകൊണ്ട് ലൈവ് വീഡിയോ; സജ്‌നയ്ക്ക് ആശ്വാസവുമായി മന്ത്രി കെ.കെ ശൈലജ...