ഗര്‍ഭാവസ്ഥയിലെ വിഷാദം അപകടം; കുഞ്ഞിനെ ബാധിക്കുന്നത് ഇങ്ങനെ...
ലപ്പോഴും നമ്മള്‍ ശ്രദ്ധിക്കാതെ പോകുന്ന ഒരു വിഷയമാണ് മാനസികാരോഗ്യം. ഗര്‍ഭിണിയായ സ്ത്രീകളുടെ കാര്യത്തിലും അങ്ങനെ തന്നെ. പോഷകങ്ങള്‍ നിറഞ്ഞ ഭക്ഷണം കഴിക്കുകയും സമയാസമയം ആവശ്യമായ ചെക്കപ്പും ചികിത്സകളുമെല്ലാം നടത്തുകയും ചെയ്യുമ്പോഴും ഉള്ളുകൊണ്ട് സന്തുഷ്ടയാണോ എന്ന് ഓരോ ഗര്‍ഭിണിയും സ്വയം പരിശോധിക്കേണ്ടതുണ്ട്
വളരെയധികം കരുതല്‍ സ്വയവും അല്ലാതെയും എടുക്കേണ്ട സാഹചര്യമാണ് ഗര്‍ഭാവസ്ഥ എന്നത്. അതുവരെ തുടര്‍ന്നിരുന്ന ഭക്ഷണക്രമം, ജീവിതശൈലികള്‍ എല്ലാം വരാനിരിക്കുന്ന കുഞ്ഞിന്റെ ആരോഗ്യത്തെ കണക്കിലെടുത്ത് നമ്മള്‍ മാറ്റാറുണ്ട്, അല്ലേ?
എന്നാല്‍ പലപ്പോഴും നമ്മള്‍ ശ്രദ്ധിക്കാതെ പോകുന്ന ഒരു വിഷയമാണ് മാനസികാരോഗ്യം. ഗര്‍ഭിണിയായ സ്ത്രീകളുടെ കാര്യത്തിലും അങ്ങനെ തന്നെ. പോഷകങ്ങള്‍ നിറഞ്ഞ ഭക്ഷണം കഴിക്കുകയും സമയാസമയം ആവശ്യമായ ചെക്കപ്പും ചികിത്സകളുമെല്ലാം നടത്തുകയും ചെയ്യുമ്പോഴും ഉള്ളുകൊണ്ട് സന്തുഷ്ടയാണോ എന്ന് ഓരോ ഗര്‍ഭിണിയും സ്വയം പരിശോധിക്കേണ്ടതുണ്ട്.
കാരണം, ഗര്‍ഭാവസ്ഥയില്‍ നിങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ നിങ്ങളെ മാത്രമല്ല ബാധിക്കുന്നത്. അത് വയറ്റില്‍ കിടക്കുന്ന കുഞ്ഞിനേയും മോശമായി ബാധിക്കുന്നുണ്ട്. ഗര്‍ഭിണികളിലെ വിഷാദത്തെക്കുറിച്ച് പറയുകയാണെങ്കില്‍, അത് പ്രധാനമായും കുഞ്ഞിന്റെ പ്രതിരോധശേഷിയെ ആണത്രേ ബാധിക്കുന്നത്.
'യൂണിവേഴ്‌സിറ്റി ഓഫ് ആല്‍ബെര്‍ട്ട'യില്‍ നിന്നുള്ള ഗവേഷകര്‍ നടത്തിയ പഠനം ഇതിന് മതിയായ തെളിവുകള്‍ നിരത്തുന്നു. ഗര്‍ഭാവസ്ഥയിലിരിക്കുന്ന സ്ത്രീയുടെ വിഷാദം കുഞ്ഞിന്റെ വയറ്റിനകത്തെ ഇമ്യൂണോഗ്ലോബുലിന്‍-എ യുടെ അളവ് കുറയ്ക്കാന്‍ കാരണമാകുമത്രേ. അതുവഴി കുഞ്ഞിന് പ്രതിരോധശേഷി കുറയുന്ന സാഹചര്യമുണ്ടാകുന്നു. പ്രതിരോധശേഷി കുറയുന്നത് ഒരിക്കലും മുതിര്‍ന്നവരുടെ കാര്യം പോലെയല്ല കുഞ്ഞുങ്ങളിലേത്. എളുപ്പത്തില്‍ അണുബാധകളുണ്ടാകാനും ആരോഗ്യം പ്രശ്‌നത്തിലാകാനും കുഞ്ഞുങ്ങളില്‍ ഇത് വഴിയൊരുക്കും.
അതിനാല്‍ത്തന്നെ ഗര്‍ഭിണികളുടെ മാനസികാരോഗ്യത്തിന് പ്രത്യേകം ശ്രദ്ധ നല്‍കേണ്ടതുണ്ട്. വിഷാദത്തിന്റെ ലക്ഷണങ്ങള്‍ കണ്ടുകഴിഞ്ഞാല്‍ തീര്‍ച്ചയായും അതിനെ പരിഗണിക്കുകയും പരിഹാരം തേടുകയും ചെയ്യണം. നല്ല ഭക്ഷണം, നല്ല ഉറക്കം, ആവശ്യത്തിന് വ്യായാമം, അതോടൊപ്പം തന്നെ മനസിന് സന്തോഷമുള്ള കാര്യങ്ങളിലേര്‍പ്പെടുക- എന്നിവയെല്ലാം വിഷാദത്തിനെ ഒരു പരിധി വരെ പ്രതിരോധിക്കാന്‍ സഹായകമാണ്. യോഗയും ഒരു നല്ല പ്രതിരോധമാര്‍ഗമാണ്. ഇതും ഡോക്ടറുടെ നിര്‍ദേശമനുസരിച്ച് ചെയ്യാവുന്നതാണ്.