തന്‍റെ സമ്പാദ്യം മുഴുവൻ കൊവിഡ് ദുരിതാശ്വാസ പ്രവർത്തനത്തിന് നൽകി വിദ്യാർത്ഥിനി; കയ്യടിച്ച് സോഷ്യൽ മീഡിയ
വസുന്ധര എൻക്ലേവിലെ ഗവൺമെന്റ് ഗേൾസ് സീനിയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ കൊമേഴ്സ് വിദ്യാർത്ഥിയാണ് അനുഷ്ക.
രാജ്യത്തെ കൊവിഡ് പ്രതിരോധത്തിനായി സഹായഹസ്‍തവുമായി നിരവധി പേരാണ് രംഗത്തെത്തുന്നത്. അത്തരത്തില്‍ വാര്‍ത്തകളില്‍ ഇടംനേടിയിരിക്കുകയാണ് ദില്ലിയില്‍ നിന്നുള്ള ഒരു കൊച്ചുമിടുക്കി. പതിനൊന്നാം ക്ലാസ് വിദ്യാർത്ഥിനിയായ അനുഷ്ക തന്റെ ചെറിയ സമ്പാദ്യം മുഴുവനും കൊവിഡ് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി നൽകി മാതൃകയായിരിക്കുകയാണ്.
വസുന്ധര എൻക്ലേവിലെ ഗവൺമെന്റ് ഗേൾസ് സീനിയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ കൊമേഴ്സ് വിദ്യാർത്ഥിയാണ് അനുഷ്ക. ദില്ലി വിദ്യാഭ്യാസ ഡയറക്ടറേറ്റാണ് അനുഷ്കയുടെ ഈ നന്മ നിറഞ്ഞ പ്രവൃത്തിയെക്കുറിച്ച് ട്വീറ്റ് ചെയ്തത്. ചെറിയ നന്മ പോലും ലോകത്ത് വലിയ മാറ്റങ്ങൾ ഉണ്ടാക്കുമെന്നും അനുഷ്കയുടെ ഈ പ്രവൃത്തി ഒരുപാട് ആളുകൾക്ക് പ്രചോദനമാകുമെന്നും ട്വീറ്റില്‍ പറയുന്നു.
അടുത്തിടെ തമിഴ്നാട്ടിൽ രണ്ടാം ക്ലാസുകാരൻ സൈക്കിൾ വാങ്ങാനായി സ്വരൂപിച്ച പണം കൊവിഡ് പ്രതിരോധത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയതും വാര്‍ത്തകളില്‍ ഇടംനേടിയിരുന്നു. കേരളത്തിലും നിരവധി കുട്ടികൾ തങ്ങളുടെ ചെറിയ സംഭാവനകള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സമ്മാനിച്ചിട്ടുണ്ട്. അവരുടെ പേരുകള്‍ സഹിതം മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറയുകയും അവരെ അഭിനന്ദിക്കുകയും ചെയ്യാറുണ്ട്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona