മുലപ്പാൽ, പൊക്കിൾക്കൊടി, ചിതാഭസ്മം- ഡിഎൻഎ സാമ്പിളുകൾ ആഭരണങ്ങളാക്കി മാറ്റി ലക്ഷങ്ങൾ സമ്പാദിക്കുന്ന ഒരു വീട്ടമ്മ
തങ്ങളുടെ പ്രിയപ്പെട്ടവരുടെ ഡിഎൻഎ എന്നെന്നേക്കുമായി സൂക്ഷിച്ചുവെക്കുക എന്ന സങ്കല്പത്തിന്റെ പുറത്താണ് പലരും ഇങ്ങനെ ഒരു ആഭരണം വാങ്ങാൻ താത്പര്യപ്പെടുന്നത്.
ഇത് വിക്കി ക്രിവാറ്റിൻ. വയസ്സ് 47. ഒമ്പതുവയസ്സുള്ള ഒരു ആൺകുട്ടിയുടെ അമ്മയായ ഈ ഹാംഷെയർ സ്വദേശിക്ക് സ്വന്തമായി ഒരു ഡിസൈനർ ജൂവലറി ബ്രാൻഡ് തന്നെയുണ്ട്. 'മോംസ് ഓൺ മിൽക്ക്' എന്നാണ് അതിന്റെ പേര്. വളരെ വിചിത്രവും, അനന്യവുമാണ് ഈ ബ്രാൻഡ്. എന്താണ് അതിന്റെ സവിശേഷതയെന്നോ? മുലപ്പാൽ, പൊക്കിൾക്കൊടി, ചിതാഭസ്മം, മറുപിള്ള, കുഞ്ഞുങ്ങളുടെ മുടി എന്നിങ്ങനെ ലോകത്ത് ഒരു ജ്വല്ലറിക്കാരും ആഭരണമുണ്ടാക്കാൻ വേണ്ടി തെരഞ്ഞെടുക്കാത്ത അസംസ്കൃത വസ്തുക്കളിൽ നിന്നാണ് വിക്കി തന്റെ ബ്രാൻഡിന്റെ യുണീക്ക് ആഭരണങ്ങൾക്ക് ജന്മം നൽകുന്നത്.
വർഷങ്ങളോളം കോർപ്പറേറ്റ് ലോകത്ത് ഒരു ഫിനാൻഷ്യൽ കൺസൾട്ടന്റ് ആയി തൊഴിലെടുത്ത ശേഷം, 2013 തൊട്ടാണ് വിക്കി തന്റെ സ്വപ്ന പദ്ധതിയായ ഡിസൈനർ ജൂവലറി കെട്ടിപ്പടുക്കുന്നത്. 8,000-12,000 റേഞ്ചിലാണ് വിക്കി തന്റെ ആഭരണങ്ങൾ മാർക്കറ്റിൽ എത്തിക്കുന്നത്. കമ്മൽ, പെൻഡന്റ്, മാല, നെക്ക്ലസ് തുടങ്ങി പലതും ഉണ്ട് ഈ ബ്രാൻഡിന് കീഴിൽ.
സംസ്കരിച്ചെടുക്കുന്നത്തിനുള്ള, സ്വന്തമായി വികസിപ്പിച്ചെടുത്ത ഒരു രഹസ്യ ഫോർമുല തന്നെ പ്രയോജനപ്പെടുത്തിയാണ് വിക്കി മുലപ്പാലിന്റെ ആഭരണമാക്കി മാറ്റുന്നത്. അതുപോലെ ചിതാഭസ്മത്തെ ചെറിയ ചില്ലുകൂട്ടിൽ അടച്ചും, മുടിനാരുകളെ പ്രോസസ് ചെയ്ത് ഗ്ലാസ്സുമായി പിടിപ്പിച്ചും ഒക്കെ അവർ ആഭരണങ്ങൾ നിര്മിച്ചെടുക്കുന്നുണ്ട്. ഈ ഉത്പന്നങ്ങൾ വാങ്ങുന്നവർ തങ്ങളുടെ പ്രിയപ്പെട്ടവരുടെ ഡിഎൻഎ എന്നെന്നേക്കുമായി സൂക്ഷിച്ചുവെക്കുക എന്ന സങ്കല്പത്തിന്റെ പുറത്താണ് ഇങ്ങനെ ഒരു ആഭരണം വാങ്ങാൻ താത്പര്യപ്പെടുന്നത്. അതുപോലെ കുഞ്ഞിന് മുലകൊടുക്കുക എന്ന അനുഭവത്തിലൂടെ കടന്നുപോയ അമ്മമാർ അതിന്റെ പ്രതീകമായി മുലപ്പാൽ കൊണ്ടുണ്ടാക്കിയ കമ്മലുകളും പെൻഡന്റുകളും ഒക്കെ വാങ്ങാൻ ഇഷ്ടപ്പെടുന്നു.
തന്റെ ഈ പുതുമയാർന്ന ഉത്പന്നത്തിന്റെ പേരിൽ പോസിറ്റീവും നെഗറ്റീവും ആയ പ്രതികരണങ്ങൾ സമൂഹത്തിൽ നിന്ന് ഉണ്ടായിട്ടുണ്ട് എന്ന് വിക്കി പറയുന്നു. ചിലർ ഇങ്ങനെ ഒരു സങ്കല്പത്തിന്റെ പുതുമയെ അഭിനന്ദിക്കുമ്പോൾ, മറ്റു ചിലർ അതിന്റെ പേരിൽ വിക്കിയെ അപഹസിക്കുന്നുമുണ്ട്.