'പഠനവും രാഷ്ട്രീയവും ഒരുപോലെ കൊണ്ടുപോകും'; സിഎംഎസിലെ ആദ്യ ട്രാന്‍സ്ജെന്‍ഡര്‍ അവന്തിക പറയുന്നു

'പഠനവും രാഷ്ട്രീയപ്രവര്‍ത്തനവും ഒരുപോലെ കൊണ്ടുപോകണം'- സിഎംഎസ് കോളേജിന്‍റെ ചരിത്രത്തില്‍ സ്വന്തം ഐഡന്‍റിറ്റിയില്‍ അഡ്മിഷന്‍ നേടിയതിനെ കുറിച്ച്  ട്രാന്‍സ്ജെന്‍ഡര്‍  അവന്തിക പറയുന്നു.

Avanthika first transgender of cms college

'പഠനവും രാഷ്ട്രീയപ്രവര്‍ത്തനവും ഒരുപോലെ കൊണ്ടുപോകണം'- സിഎംഎസ് കോളേജിന്‍റെ ചരിത്രത്തില്‍ സ്വന്തം ഐഡന്‍റിറ്റിയില്‍ അഡ്മിഷന്‍ നേടിയതിനെ കുറിച്ച്  ട്രാന്‍സ്ജെന്‍ഡര്‍  അവന്തിക പറയുന്നു. കോട്ടയം സിഎംഎസ് കോളേജില്‍ ആദ്യമായി ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിലുളള രണ്ട് പേര്‍ക്കാണ് ഈ വര്‍ഷം ഡിഗ്രി അഡ്മിഷന്‍ നല്‍കിയിരിക്കുന്നത്.  'മുടങ്ങിക്കിടന്ന പഠനം തുടരാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്'- അവന്തിക ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈാനിനോട് പറഞ്ഞു.

ബിഎ ഹിസ്റ്ററിയിലാണ് കോട്ടയം പാലാ സ്വദേശിനി അവന്തിക അഡ്മിഷന്‍ എടുത്തിരിക്കുന്നത്. ബിഎ ഇക്കണോമിക്സില്‍ അതിരമ്പുഴ സ്വദേശിനി ഷാന നവാസും  അഡ്മിഷന്‍ നേടി. കഴിഞ്ഞ വര്‍ഷമാണ് സര്‍വകലാശാലകളില്‍ ട്രാന്‍സ്ജെന്‍ഡേഴ്സിന് ഓരോ കോഴ്സിനും രണ്ട് സീറ്റുവരെ നിര്‍ബന്ധമാക്കിയത്.

'തിങ്കളാഴ്ച കോളേജിലെ ആദ്യദിനമാണ്. അതിന്‍റെ എക്സൈറ്റ്മെന്‍റും ഒപ്പം മറ്റ് കുട്ടികള്‍ എങ്ങനെയായിരിക്കും സ്വീകരിക്കുക എന്ന ആശങ്കയും ഉണ്ട്. ഈ വര്‍ഷമാണ് ആദ്യമായി ഞങ്ങള്‍ക്ക് സ്വന്തം വ്യക്തിത്വം രേഖഖപ്പെടുത്തി കോളേജില്‍ പോകാന്‍ കഴിയുന്നത്. സിഎംഎസ് കോളേജിലെ പ്രിന്‍സിപ്പിള്‍ നന്നായി സഹകരിച്ചു. അതുപോലെ തന്നെ അധ്യാപകരും. ഞങ്ങള്‍ക്ക് വേണ്ടി പ്രത്യേകം ടോയ്ലറ്റ് നിര്‍മ്മിക്കുമെന്നും പറഞ്ഞു. പഠനത്തിനോടൊപ്പം രാഷ്ട്രീയപ്രവര്‍ത്തനവും താല്‍പര്യമുണ്ട്'-   അവന്തിക പറഞ്ഞു. 

അവന്തിക വീടുവിട്ടിറങ്ങിയിട്ട് കുറച്ച് വര്‍ഷങ്ങളായി. അച്ഛനും അമ്മയും സഹോദരിയും വീട്ടിലുണ്ട്. പക്ഷേ ആരുമായും ബന്ധമില്ല. നിലവില്‍ ട്രാന്‍സ്ജെന്‍ഡര്‍ സമൂഹത്തിനൊപ്പം എറണാകുളത്താണ് താമസം. തത്കാലം കോട്ടയത്ത് പോയിവന്ന് പഠിക്കാനാണ് ഇഷ്ടം. ട്രാന്‍സ്ജെന്‍ഡര്‍മാര്‍ക്കായി കോട്ടയത്ത് ഷെല്‍ട്ടര്‍ ഹോം ആരംഭിക്കുമ്പോള്‍ അവിടേക്ക് മാറുമെന്നും അവന്തിക പറഞ്ഞു. 

കാണക്കാരി ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നിന്ന് 79 ശതമാനം മാര്‍ക്കോടെ പ്ലസ്ടു പാസായി. പലവിധ കാരണങ്ങളാല്‍ പഠനം തുടര്‍ന്ന് കൊണ്ടുപോകാന്‍ സാധിച്ചില്ല. പഠിക്കാന്‍ കഴിയാഞ്ഞതിന് സാമ്പത്തിക ബുദ്ധിമുട്ട് മാത്രമല്ല, സമൂഹത്തിന്‍റെ ഇടപെടലും കാരണമായെന്ന് അവന്തിക പറയുന്നു. തത്കാലം സുഹൃത്തുക്കളും പങ്കാളി വിഷ്ണുവുമാണ് സാമ്പത്തിത സഹായം ചെയ്യുന്നത്. ട്രാന്‍സ്ജെന്‍ഡര്‍ ജസ്റ്റിസ് ബോര്‍ഡ് അംഗം കൂടിയാണ് അവന്തിക.

Latest Videos
Follow Us:
Download App:
  • android
  • ios