'എല്ലാ വര്‍ഷവും മകളുടെ വിര്‍ജിനിറ്റി പരിശോധിക്കും'; ഗായകന്‍ വിവാദത്തില്‍
മകളുടെ ആരോഗ്യകാര്യങ്ങളില്‍ അത്രമാത്രം ശ്രദ്ധ ചെലുത്തുന്നുണ്ടെന്ന് അറിയിക്കുന്നതിന്റെ ഭാഗമായാണ് ടി ഐ ഇത് തുറന്നുപറഞ്ഞതെങ്കിലും സംഗതി വലിയ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കുമാണ് ഇപ്പോള്‍ തിരി കൊളുത്തിയിരിക്കുന്നത്. അഭിമുഖത്തിലെ സംഭാഷണ ശകലം പിന്നീട് സോഷ്യല്‍ മീഡിയയില്‍ വൈറലായി. തുടര്‍ന്ന് ഇത് പെണ്‍കുട്ടിയുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്ന് ചൂണ്ടിക്കാട്ടി ആരോഗ്യ വിദഗ്ധരും മനുഷ്യാവകാശപ്രവര്‍ത്തകരും പരസ്യ പ്രതികരണങ്ങളുമായി രംഗത്ത് വരികായായിരുന്നു
വര്‍ഷാവര്‍ഷം ഗൈനക്കോളജിസ്റ്റിന്റെ അടുത്ത് കൊണ്ടുപോയി മകളുടെ 'വിര്‍ജിനിറ്റി' പരിശോധിച്ച് ഉറപ്പുവരുത്തുമെന്ന് പറഞ്ഞ അമേരിക്കന്‍ ഗായകനും നടനുമായ ക്ലിഫോര്‍ഡ് ജോസഫ് ഹാരിസ് വിവാദത്തില്‍. ടി ഐ എന്നറിയപ്പെടുന്ന ഗായകന്‍ ഒരഭിമുഖത്തിനിടെയാണ് വിവാദ വെളിപ്പെടുത്തല്‍ നടത്തിയത്.
മകളുടെ ആരോഗ്യകാര്യങ്ങളില്‍ അത്രമാത്രം ശ്രദ്ധ ചെലുത്തുന്നുണ്ടെന്ന് അറിയിക്കുന്നതിന്റെ ഭാഗമായാണ് ഇത് തുറന്നുപറഞ്ഞതെങ്കിലും സംഗതി വലിയ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കുമാണ് ഇപ്പോള്‍ തിരി കൊളുത്തിയിരിക്കുന്നത്.
'അവള്‍ക്ക് പതിനാറ് വയസായത് മുതല്‍ എല്ലാ വര്‍ഷവും ഞങ്ങളിത് ചെയ്യാറുണ്ട്. ഞാന്‍ തന്നെയാണ് കൂടെ പോവുക. ചെക്കപ്പിന്റെ തലേ ദിവസം ഞാനവളുടെ മുറിയുടെ വാതിലില്‍ നോട്ട് എഴുതി തൂക്കും. നാളെ പരിശോധനയുണ്ട്, തയ്യാറായാരിക്കൂ എന്ന്. ഞങ്ങളൊരുമിച്ചാണ് പോകാറ്. ഇപ്പോഴവള്‍ക്ക് പതിനെട്ട് വയസായി, അവളിപ്പോഴും കന്യകയായിത്തന്നെയാണ് തുടരുന്നതെന്ന് എനിക്ക് ഉറപ്പാണ്..'- ടി ഐ പറഞ്ഞു.
അഭിമുഖത്തിലെ ഈ സംഭാഷണ ശകലം പിന്നീട് സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയായിരുന്നു. തുടര്‍ന്ന് ഇത് പെണ്‍കുട്ടിയുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്ന് ചൂണ്ടിക്കാട്ടി ആരോഗ്യ വിദഗ്ധരും മനുഷ്യാവകാശപ്രവര്‍ത്തകരും പരസ്യ പ്രതികരണങ്ങളുമായി രംഗത്ത് വരികായായിരുന്നു.
ടി ഐയുടെ വെളിപ്പെടുത്തല്‍ അസ്വസ്ഥതപ്പെടുത്തുന്നതാണെന്നും കന്യാചര്‍മ്മത്തിന്റെ കെട്ടുറപ്പ് നോക്കിയല്ല, ഒരാളുടെ ലൈംഗികത വിലയിരുത്തേണ്ടതെന്നും പല പ്രമുഖരും എഴുതി. 2018ല്‍ ഐക്യരാഷ്ട്രസഭയുടെ കീഴിലുള്ള പല ഏജന്‍സികളും ഒന്നിച്ച് കന്യാചര്‍മ്മ പരിശോധന നിരോധിക്കണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു.
ശാരീരികമായിട്ടുള്ള പ്രശ്‌നത്തെക്കാളുപരി, ഇത് മാനസികമായി പെണ്‍കുട്ടികളെ മോശം തരത്തില്‍ ബാധിക്കുമെന്നും ജീവിതകാലം മുഴുവന്‍ ഇതിന്റെ പ്രശ്‌നങ്ങള്‍ അവരില്‍ നിലനില്‍ക്കുമെന്നുമെല്ലാം കാണിച്ചായിരുന്നു അന്ന് ഈ ആവശ്യം ഉന്നയിക്കപ്പെട്ടിരുന്നത്. തുടര്‍ന്ന് കന്യകാത്വം പരിശോധിക്കുന്നത് ലോകാരോഗ്യ സംഘടനയും വിലക്കിയിരുന്നു.