അടിവസ്ത്രത്തിന്‍റെ അളവ് ചോദിച്ച് കമന്റ്; ലോക ആരോഗ്യദിനത്തില്‍ ശ്രദ്ധേയമായി നടിയുടെ കുറിപ്പ്

മനുഷ്യരാശി തന്നെ ഏറ്റവും വലിയ പ്രതിസന്ധികളിലൂടെ കടന്നുപൊയ്‌ക്കൊണ്ടിരിക്കുന്ന സന്ദര്‍ഭത്തില്‍ പോലും 'സൈസ്' വലിയ വിഷയമാകുന്നുവെന്ന് പരിഹാസപൂര്‍വ്വം സായന്തനി സൂചിപ്പിക്കുന്നു. 'സൈസ്' അത്ര ചര്‍ച്ചയാകുന്നുണ്ടെങ്കില്‍ ഹൃദയത്തിന്റെ 'സൈസ്' വലുതാക്കാമെന്നും അതിനകത്ത് സ്‌നേഹവും സ്വാഭിമാനവും ബഹുമാനവും സഹാനുഭൂതിയും പരിഗണനയും നിറയ്ക്കാമെന്നും സായന്തനി പറയുന്നു

actress sayantani ghosh shares note on body shaming

സെലിബ്രിറ്റികളായ സ്ത്രീകള്‍ സമൂഹമാധ്യമങ്ങളില്‍ പല തരത്തിലുള്ള ചോദ്യങ്ങളും വിമര്‍ശനങ്ങളും അഭിപ്രായപ്രകടനങ്ങളുമെല്ലാം നേരിടാറുണ്ട്. പലപ്പോഴും ശരീരത്തിന്റെ സ്വകാര്യതയിലേക്ക് കടന്നുകയറിക്കൊണ്ടുള്ള കമന്റുകളും 'ബോഡിഷെയിമിംഗ്' നടത്തിക്കൊണ്ടുള്ള പരാമര്‍ശങ്ങളുമെല്ലാം ഇവര്‍ക്കെതിരെ ഉണ്ടാകാറുണ്ട്. 

ചില താരങ്ങളെങ്കിലും ഇത്തരത്തിലുള്ള പ്രതികരണങ്ങള്‍ക്ക് മറുപടി നല്‍കാറുമുണ്ട്. അക്കൂട്ടത്തിലേക്കിതാ ഒരു നടി കൂടി. ടെലിവിഷന്‍ താരമായ സായന്തനി ഘോഷ് ആണ് താന്‍ സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം നേരിടാറുള്ള ഒരു ചോദ്യത്തെ അടിസ്ഥാനപ്പെടുത്തി ശ്രദ്ധേയമായ കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. 

ഏപ്രില്‍ ഏഴ്, ലോക ആരോഗ്യദിനമായാണ് കണക്കാക്കപ്പെടുന്നത്. ഇക്കുറിയും ഇതുമായി ബന്ധപ്പെട്ട് ധാരാളം ബോധവത്കരണങ്ങളും ചര്‍ച്ചകളും നാം കണ്ടു. ലോക ആരോഗ്യദിനത്തില്‍ മാനസികാരോഗ്യത്തെ കുറിച്ച് കൂടി ചിന്തിക്കേണ്ടതുണ്ട് എന്ന മുഖവുരയുമായാണ് സായന്തനി ഇന്‍സ്റ്റഗ്രാമില്‍ വിശദമായ കുറിപ്പ് പങ്കുവച്ചത്. ഇപ്പോഴും 'സൈസ്' ചോദിച്ച് നടക്കുന്നതിന്റെ പിന്നിലെ മനശാസ്ത്രത്തെ കുറിച്ച് ചര്‍ച്ച ചെയ്യേണ്ടതുണ്ടെന്നും സായന്തനി തന്റെ കുറിപ്പിലൂടെ പറയുന്നു. 

'ഇന്നലെ ഒരു ഇന്ററാക്ടീവ് സെഷനിടെ ഒരാളെന്നോട് ബ്രാ സൈസ് ചോദിച്ചു. അയാള്‍ക്ക് യോജിച്ച മറുപടി അപ്പോഴേ കൊടുത്തെങ്കിലും ഈ വിഷയത്തില്‍ ഇനിയും ഒരുപാട് പറയാനുണ്ടെന്ന് എനിക്ക് തോന്നി. ഏത് തരത്തിലുള്ള ബോഡിഷെയിമിംഗും മോശമാണ്. പക്ഷേ എന്തുകൊണ്ടാണ് സ്ത്രീകളുടെ സ്തനങ്ങളെ ചൊല്ലി ഇത്രമാത്രം ആകാംക്ഷ നിലനില്‍ക്കുന്നത് എനിക്ക് മനസിലാകുന്നില്ല. അതിന്റെ സൈസ് അറിയണം. എ ആണോ ബി ആണോ സി ആണോ ഡി ആണോ... ആണുങ്ങള്‍ മാത്രമല്ല, പലപ്പോഴും പെണ്‍കുട്ടികള്‍ പോലും ഈ ചിന്തയോട് ചേര്‍ന്നുപോകുന്നതായി കാണാം...

...സ്തനങ്ങളും ശരീരത്തിന്റെ ഒരു ഭാഗം മാത്രമാണെന്ന് അംഗീകരിക്കാന്‍ എന്താണിത്ര പ്രയാസം. തീര്‍ച്ചയായും അമ്മയുടെ റോളിലേക്കെത്തുമ്പോഴും മറ്റ് പല സന്ദര്‍ഭങ്ങളിലും സ്തനങ്ങള്‍ക്ക് അതിന്റേതായ പ്രാധാന്യമുണ്ട്. പക്ഷേ എങ്ങനെ ആണെങ്കിലും അടിസ്ഥാനപരമായി അതൊരു ശരീരഭാഗമല്ലേ? ഇത്രയും അമിതപ്രാധാന്യം അതിന് നല്‍കുമ്പോള്‍ അവിടെ പ്രശ്‌നത്തിലാകുന്നത് സ്ത്രീകളാണ്...'- സായന്തനിയുടെ കുറിപ്പ് ഇങ്ങനെ പോകുന്നു. 

 

 

ഏത് തരം ബോഡിഷെയിമിംഗ് ആണെങ്കിലും അതിനോട് സ്ത്രീകള്‍ ഉറച്ച് പ്രതികരിക്കേണ്ട സമയമായിരിക്കുന്നുവെന്നും സായന്തനി പറയുന്നു. മനുഷ്യരാശി തന്നെ ഏറ്റവും വലിയ പ്രതിസന്ധികളിലൂടെ കടന്നുപൊയ്‌ക്കൊണ്ടിരിക്കുന്ന സന്ദര്‍ഭത്തില്‍ പോലും 'സൈസ്' വലിയ വിഷയമാകുന്നുവെന്ന് പരിഹാസപൂര്‍വ്വം സായന്തനി സൂചിപ്പിക്കുന്നു. 'സൈസ്' അത്ര ചര്‍ച്ചയാകുന്നുണ്ടെങ്കില്‍ ഹൃദയത്തിന്റെ 'സൈസ്' വലുതാക്കാമെന്നും അതിനകത്ത് സ്‌നേഹവും സ്വാഭിമാനവും ബഹുമാനവും സഹാനുഭൂതിയും പരിഗണനയും നിറയ്ക്കാമെന്നും സായന്തനി പറയുന്നു. നിരവധി പേരാണ് സായന്തനിയുടെ കുറിപ്പിന് പ്രതികരണമറിയിച്ചിരിക്കുന്നത്. സ്ത്രീകള്‍ക്ക് ഏറെ പ്രചോദനം നല്‍കുന്നതാണ് താരത്തിന്റെ വാക്കുകളെന്നും നിരവധി പേര്‍ കുറിച്ചിരിക്കുന്നു.

Also Read:- കൊവിഡിന് ശേഷം വര്‍ക്കൗട്ട് ചിത്രങ്ങളുമായി സജീവമായി തമന്ന...

Latest Videos
Follow Us:
Download App:
  • android
  • ios