പ്രണയപ്പകയില്‍ പൊള്ളിയടര്‍ന്ന പതിനേഴുകാരി; ഇനിയും വേണോ ഈ ക്രൂരത!
അച്ഛനും സഹോദരനും പുറത്തുപോയ സമയം നോക്കി അയാള്‍ സുഹൃത്തുക്കളെയും കൊണ്ട് വീട്ടിനകത്തേക്ക് അതിക്രമിച്ചുകയറി. ആദ്യം തോക്ക് ചൂണ്ടി കാജലിനെയും അമ്മ പൂനത്തെയും ഭീഷണിപ്പെടുത്തി. ഇരുവരെയും ബലമായി പിടിച്ചൊതുക്കിയ ശേഷം അവര്‍ കാജലിന് നേരെ ആസിഡൊഴിച്ചു
പ്രണയം നിഷേധിക്കപ്പെടുമ്പോള്‍ ഉടന്‍ തന്നെ പെണ്‍ജീവിതങ്ങളെ ഇല്ലാതാക്കനും തകര്‍ത്തെറിയാനും മുതിരുന്ന എത്രയോ യുവാക്കളെ കുറിച്ച് നിത്യവുമെന്നോണം നമ്മള്‍ വാര്‍ത്തകള്‍ വായിക്കുന്നു. ഇനിയും ഇങ്ങനെയൊരു സംഭവം കേള്‍ക്കാനിട വരരുതേയെന്ന് മനസ് കൊണ്ട് ആഗ്രഹിക്കുമ്പോഴേക്ക് ക്രൂരമായ ആവര്‍ത്തനം വരും.
ബീഹാറിലെ ഭഗല്‍പൂരില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്ന സംഭവവും സമാനം തന്നെ. പ്രണയം നിഷേധിച്ചതിനെ തുടര്‍ന്ന് അയല്‍ക്കാരനും സുഹൃത്തുക്കളും ചേര്‍ന്ന് പതിനേഴുകാരിയെ ആസിഡൊഴിച്ച് ആക്രമിച്ചുവെന്ന വേദനിപ്പിക്കുന്ന വാര്‍ത്ത!
പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനാണ് കാജല്‍. പഠിക്കാന്‍ മിടുക്കിയായിരുന്നു. ഭാവിയെക്കുറിച്ച് എത്രയോ സ്വപ്‌നങ്ങള്‍ നെയ്തവള്‍. ഐപിഎസ് ഉദ്യോഗസ്ഥയാകണമെന്നായിരുന്നു അവളുടെ മോഹം. അവളുടെ ആഗ്രഹങ്ങള്‍ക്കും സ്വപ്‌നങ്ങള്‍ക്കും കൂട്ടായും തണലായും അമ്മയും അച്ഛനും സഹോദരനും. സന്തുഷ്ട കുടുംബമായിരുന്നു അവരുടേത്.
ഇതിനിടെയാണ് ആ കുടുംബത്തിന്റെ പ്രതീക്ഷകള്‍ക്കും വെളിച്ചത്തിനും മേല്‍ നിഴല്‍ പടര്‍ത്താന്‍ അവളോടുള്ള പ്രണയാഭ്യര്‍ത്ഥനയുമായി അയല്‍ക്കാരനെത്തുന്നത്. പിന്നീട് ഇവര്‍ക്കിടയില്‍ നടന്നതെന്തെന്ന് വ്യക്തമല്ല. എങ്കിലും അവളെ അടിമുടി നശിപ്പിക്കും വിധം അയാളില്‍ പകയുണ്ടായി എന്നുമാത്രം മനസിലാക്കാം.
ദിവസങ്ങള്‍ക്ക് മുമ്പ് അച്ഛനും സഹോദരനും പുറത്തുപോയ സമയം നോക്കി അയാള്‍ സുഹൃത്തുക്കളെയും കൊണ്ട് വീട്ടിനകത്തേക്ക് അതിക്രമിച്ചുകയറി. ആദ്യം തോക്ക് ചൂണ്ടി കാജലിനെയും അമ്മ പൂനത്തെയും ഭീഷണിപ്പെടുത്തി. ഇരുവരെയും ബലമായി പിടിച്ചൊതുക്കിയ ശേഷം അവര്‍ കാജലിന് നേരെ ആസിഡൊഴിച്ചു.
മകളെ രക്ഷിക്കാന്‍ അക്രമികളില്‍ നിന്ന് പൂനം കുതറാന്‍ ശ്രമിച്ചെങ്കിലും അവര്‍ക്കതിനായില്ല. അവരുടെ കൈകളിലേക്കും ആഡിസ് തുള്ളികള്‍ തുളഞ്ഞുവീണു. ആസിഡ് വീണ് ഉരുകിയ ശരീരവുമായി കാജല്‍ അലറിവിളിച്ചു. അപ്പോഴേക്കും അക്രമികള്‍ ഓടിയകന്നിരുന്നു. കാജലിന്റെ കണ്ണുകളും കഴുത്തും നെഞ്ചും പുറവും കൈകളുമെല്ലാം പൊള്ളിയടര്‍ന്നു. വേദന കൊണ്ട് നിലത്ത് വീണ് അലറിക്കരയുന്ന മകള്‍ക്കൊപ്പം എന്ത് ചെയ്യണമെന്നറിയാതെ ആ അമ്മയും ഉറക്കെ കരഞ്ഞു.
ജീവനും മരണത്തിനുമിടയില്‍ മാംസം തുളഞ്ഞുപോകുന്ന വേദനയില്‍ അലറിക്കരയുന്ന കാജലിനെയും ഒപ്പം കരഞ്ഞുക്ഷീണിതയായ പൂനത്തെയുമാണ് വീട്ടുകാര്‍ തിരിച്ചുവന്നപ്പോള്‍ കണ്ടത്. കാജലിനെ ഉടന്‍ ആശുപത്രിയിലെത്തിക്കുകയും പ്രാഥമിക ചികിത്സ നല്‍കുകയും ചെയ്തു. എന്നാല്‍ മയങ്ങാനുള്ള മരുന്നുകള്‍ക്ക് പോലും അവളുടെ വേദനയെ തടുത്തുനിര്‍ത്താനായില്ല.
ജീവന്‍ തിരിച്ചുകിട്ടിയെങ്കിലും പഴയനിലയിലാകാന്‍ കാജലിന് ഇനി വര്‍ഷങ്ങള്‍ വേണ്ടിവരും. ശരീരത്തിന്റെ നാല്‍പത് ശതമാനത്തോളം പൊള്ളിനീങ്ങി. കണ്ണുകള്‍ക്കേറ്റ പരിക്ക് സാരമുള്ളതാണെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇത് പരിഹരിക്കാനായില്ലെങ്കില്‍ എല്ലാക്കാലത്തേക്കും ഈ പതിനേഴുകാരിക്ക് കാഴ്ച നഷ്ടമാകും.
കാജലിന്റെ ചികിത്സാസഹായങ്ങള്‍ക്കായി സാമൂഹ്യമാധ്യമങ്ങളിലൂടെയും പുറത്തുമെല്ലാം കുടുംബം നടത്തിയ അഭ്യര്‍ത്ഥനകളിലൂടെയാണ് മുറിപ്പെടുത്തുന്ന ഈ സംഭവം പുറംലോകമറിയുന്നത്. മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വന്നതോടെ ഇവര്‍ക്ക് സഹായങ്ങളെത്തിത്തുടങ്ങിയിട്ടുണ്ട്. എങ്കിലും മകളുടെ ഭാവിയോര്‍ത്ത് വെന്തുരുകുകയാണ് ഈ കുടുംബം.
ആസിഡ് ആക്രമണത്തെക്കുറിച്ച് രണ്ടുവാക്ക്....
ലോകത്തില്‍ വച്ച് ഏറ്റവും വികൃതമായ ആക്രമണരീതിയെന്നാണ് ആസിഡ് ആക്രമണം അറിയപ്പെടുന്നത്. ശരീരത്തിലേക്ക് ആസിഡ് വീഴുന്നതോടെ അത് തൊലിയേയും അതിന് താഴെയുള്ള കലകളെയും, അതുവഴി അവയവങ്ങളെയും കരിച്ചുകളയുകയാണ് ചെയ്യുക. വീണ്ടെടുക്കാന്‍ കഴിയാത്ത രീതിയിലുള്ള പരിക്കുകളാണ് ഇതേല്‍പിക്കുന്നത്. മുഖത്തേക്ക് ആസിഡ് വീഴുമ്പോള്‍ കാഴ്ചയെ ആണ് അത് ആദ്യം ബാധിക്കുന്നത്. നമുക്കറിയാം കണ്ണുകള്‍ എത്രമാത്രം ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട അവയവമാണെന്ന്! അത്രയും 'സെന്‍സിറ്റീവ്' ആയ അവയവത്തില്‍ ആസിഡ് വീണാലുള്ള അവസ്ഥ ഒന്ന് ചിന്തിച്ചുനോക്കൂ!
മിക്ക ആസിഡ് ആക്രമണ- ഇരകളിലും കാഴ്ച നഷ്ടമായത് എങ്ങനെയെന്ന് ഇപ്പോള്‍ നിങ്ങള്‍ക്ക് ഊഹിക്കാം. കാഴ്ച നഷ്ടമാകുന്നുവെന്നത് മാത്രമല്ല, ജീവിതകാലത്തേക്ക് മുഴുവനായി ശരീരത്തിലവശേഷിക്കുന്ന പാടുകളും മുറിവുകളും ആ വ്യക്തിയെ പരിപൂര്‍ണ്ണമായി സമൂഹത്തില്‍ നിന്നേ മാറ്റിനിര്‍ത്തുന്നു. ആസിഡ് ആക്രമണത്തിന് ഇരയായ പലരും വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും സാധാരണ മാനസികനിലയിലേക്ക് തിരിച്ചെത്താനാവാതെ ദുരിതത്തിലാഴ്ന്ന എത്രയോ സംഭവങ്ങളുണ്ട്.
ബംഗ്ലാദേശിലും ഇന്ത്യയിലും പാക്കിസ്ഥാനിലുമാണ് പ്രധാനമായും ആസിഡ് ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതില്‍ മഹാഭൂരിഭാഗം ആക്രമണങ്ങളും സത്രീകള്‍ക്കെതിരെയാണ് നടക്കുന്നത് എന്നതും ശ്രദ്ധേയമാണ്. ഇതില്‍ തന്നെ പ്രണയവും, വിവാഹാഭ്യര്‍ത്ഥനയും നിരസിച്ചവരാണ് കൂടുതലും ക്രൂരമായ ആക്രമണത്തിനിരയായത്.
ഇന്ത്യയില്‍ ആസിഡ് ആക്രമണത്തിനെതിരെ ഇതിന് ഇരയായ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള സാമൂഹ്യപ്രവര്‍ത്തകര്‍ നിരവധി ബോധവത്കരണ പരിപാടികള്‍ വര്‍ഷങ്ങളായി സംഘടിപ്പിച്ചുവരുന്നുണ്ട്. എങ്കിലും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നുവെന്നതാണ് ഖേദകരമായ സത്യം. ഓരോ വാര്‍ത്തയും 'ഇനിയും ഈ ക്രൂരത അരുതേ' എന്ന അപേക്ഷയാണ് മുന്നോട്ടുവയ്ക്കുന്നതെങ്കിലും ആ അപേക്ഷ ഉള്‍ക്കൊള്ളാന്‍ തയ്യാറാകാത്തവരുടെ എണ്ണം കൂടുന്നുവെന്നത് ഭയപ്പെടുത്തുന്ന വസ്തുതയുമാണ്.