കയ്യില്‍ പാത്രവുമായി ക്ലാസുമുറിയിലേക്ക് എത്തിനോക്കുന്ന ഈ ചിത്രമാണ് അവളുടെ ജീവിതം മാറ്റിയത്.. !
നീല നിറത്തിലുളള കുര്‍ത്ത ധരിച്ച് കൈയില്‍ ഒരു അലൂമിനിയം പാത്രവുമായി ക്ലാസ്സ് മുറിയിലേക്ക് എത്തിനോക്കുന്ന ഒരു കൊച്ചുപെണ്‍കുട്ടി.
നീല നിറത്തിലുളള കുര്‍ത്തയും ഷോട്ട്സും ധരിച്ച് കയ്യില്‍ ഒരു അലൂമിനിയം പാത്രവുമായി ക്ലാസ്സ് മുറിയിലേക്ക് എത്തിനോക്കുന്ന ഒരു കൊച്ചുപെണ്‍കുട്ടി. കരളലിയിക്കുന്ന ഈ ചിത്രം ഒരു ഫോട്ടോഗ്രാഫറിന്‍റെ മൂന്നാം കണ്ണ് പകര്‍ത്തിയതോടെ അവള്‍ക്ക് യൂണിഫോം ധരിക്കാനും അതേ സ്കൂളില്‍ തന്നെ പഠിക്കാനുമുളള അവസരം ലഭിച്ചു.
ഡെങ്കിപനിയുടെ വാര്‍ത്തയുമായി ബന്ധപ്പെട്ട് ചില ചിത്രങ്ങള്‍ എടുക്കാനാണ് ഹൈദരാബാദിലെ ദേവല്‍ ജം സിങ് സര്‍ക്കാര്‍ സ്കൂളില്‍ ആവുല ശ്രീനിവാസ് എന്ന ഫോട്ടോഗ്രാഫര്‍ പോയത്. പെട്ടെന്നാണ് ക്ലാസ്സ് മുറിയിലേക്ക് എത്തി നോക്കുന്ന ഒരു പെണ്‍കുട്ടിയെ ശ്രീനിവാസ് ശ്രദ്ധിച്ചത്. നീല കുര്‍ത്തയിട്ട് കയ്യില്‍ ഒരു അലൂമിനിയം പാത്രവുമായി അവള്‍ ആ ക്ലാസ് മുറിയുടെ വാതില്‍ക്കല്‍ നിന്ന് അകത്തേക്ക് നോക്കുകയായിരുന്നു. അവളുടെ അതെ പ്രായത്തിലുളള കുട്ടികള്‍ യൂണിഫോം ധരിച്ച് പുസ്തകങ്ങളുമായി അധ്യാപകന്‍റെ മുന്നില്‍ ഇരിക്കുന്നത് അവള്‍ വളരെ ശ്രദ്ധാപൂര്‍വ്വം നോക്കുന്നുണ്ടായിരുന്നു. ഈ കാഴ്ച ശ്രീനിവാസിന്‍റെ കണ്ണില്‍ ഉടക്കിയ നിമിഷം തന്നെ അയാളുടെ ക്യാമറ കണ്ണുകളും ആ കാഴ്ച പകര്‍ത്തുകയായിരുന്നു. ഈ ചിത്രം അടുത്ത ദിവസം തന്നെ ഒരു തെലുങ്കു പത്രത്തില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു.
ചിത്രം എടുത്തതിന് ശേഷം ശ്രീനിവാസ് അവളോട് സംസാരിച്ചു. മോത്തി ദിവ്യ എന്നാണ് ആ പെണ്‍കുട്ടിയുടെ വീട്. സ്കൂളിന് 300 മീറ്റര്‍ അകലെയാണ് അവളും കുടുംബവും താമസിച്ചിരുന്നത്. അവള്‍ ആ സ്കൂളിലെ വിദ്യാര്‍ത്ഥിനി ഒന്നുമല്ല. എന്നാല്‍ എന്നും ഉച്ചയ്ക്ക് പാത്രവുമായി അവള്‍ അവിടെയെത്തും. സ്കൂളിലെ കുട്ടികള്‍ എല്ലാവരും കഴിച്ചതിന് ശേഷം മിച്ചമുളള ഭക്ഷണം കഴിക്കാനാണ് അവള്‍ എത്തുന്നത്. സര്‍ക്കാര്‍ നല്‍കുന്ന മുട്ട അടക്കമുള്ള പോഷകങ്ങള്‍ ഭക്ഷണത്തിന്‍റെ ഒരു പങ്ക് പട്ടികവിഭാഗത്തില്‍പ്പെട്ട അവള്‍ക്കും കിട്ടുമായിരുന്നു.
പത്രത്തില്‍ അടിച്ചുവന്ന ആ ചിത്രം കുട്ടികളുടെ സംരക്ഷണത്തിനായി നിലനില്‍ക്കുന്ന 'Mamidipudi Venkatarangaiya' എന്ന ഫൌഡേഷന്‍റെ ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്ന് എംവിഎഫിന്‍റെ കണ്‍വീനര്‍ ഇടപ്പെട്ട് ദിവ്യക്ക് ആ സ്കൂളില്‍ തന്നെ പഠിക്കാനുളള അവസരം ഒരുക്കികൊടുക്കുകയായിരുന്നു.